തെന്നിന്ത്യന്‍ സിനിമയുടെ ഉലകനായകന്‍ കമല്‍ഹാസന്റെ ജന്മദിനാണ്.
70ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉലകനായകന്‍ പുതുതലമുറയെ പോലും പ്രചോദിപ്പിച്ചു കൊണ്ട് ഇന്ത്യന്‍ സിനിമയെ തന്നെ മുന്നില്‍ നിന്ന് നയിക്കുകയാണ്. സിനിമ പോലെ തന്നെ, ചിലപ്പോഴൊക്കെ അതിലുപരിയായും ചര്‍ച്ചയാകുന്നതാണ് കമല്‍ഹാസന്റെ വ്യക്തി ജീവിതവും.
പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും എത്തി. അത്യപൂര്‍വമായ വജ്രമാണ് അപ്പ എന്നാണ് ശ്രുതി കുറിച്ചത്.മനോഹരമായ കുറിപ്പ് പങ്കുവെച്ചായിരുന്നു മകള്‍ ശ്രുതി ഹാസന്‍ ആശംസകളറിയിച്ചത്. കമല്‍ഹാസനൊപ്പമുളള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും ശ്രുതി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു.
അപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. നിങ്ങള്‍ അപൂര്‍വമായൊരു രത്നമാണ്. എന്റെ ജീവിതത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളിലൊന്ന് നിങ്ങളോടൊപ്പം നടക്കുക എന്നതാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല എന്നെനിക്ക് അറിയാം. പക്ഷേ ദൈവം തിരഞ്ഞെടുത്ത കുട്ടിയാണ് നിങ്ങള്‍. നിങ്ങള്‍ ചെയ്യുന്ന അതിശയകരമായ ഓരോ കാര്യങ്ങളും ആവേശത്തോടെയാണ് ഞാന്‍ കാണാറുളളത്. ഇനിയും ഒരുപാട് പിറന്നാളുകള്‍ ആഘോഷിക്കാന്‍ കഴിയട്ടെ. ജീവിതത്തില്‍ ഇനിയും ഒരുപാട് സ്വപ്നങ്ങളുണ്ടാകട്ടെ. നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു പാ- ശ്രുതി കുറിച്ചു.
ഇളയ മകള്‍ അക്ഷര ഹാസനും പിറന്നാള്‍ ആശംസകള്‍ കുറിച്ചിട്ടുണ്ട്. സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍ പ്രിയപ്പെട്ട ബാപ്പൂജി. റോക്ക്സ്റ്റാര്‍ അച്ഛനായും സുഹൃത്തായും നില്‍ക്കുന്നതിന് നന്ദി. നിങ്ങളെപ്പോലൊരു ജെന്റില്‍മാനെ കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്.- എന്നാണ് കമല്‍ ഹാസനൊപ്പമുളള ചിത്രം പങ്കുവെച്ച് അക്ഷര കുറിച്ചത്.
താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് കമല്‍ഹാസന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുന്നത് നടി സരികയാണ് ശ്രുതിയുടെയും അക്ഷരയുടെയും അമ്മ. 1998 ല്‍ വിവാഹിതരായ സരികയും കമല്‍ഹാസനും 2004 ലാണ് വേര്‍പിരിഞ്ഞത്.
സിനിമയില്‍ സജീവമാകുന്ന സമയത്താണ് കമല്‍ വിവാഹിതനാകുന്നത്. അന്ന് പ്രായം 24 വയസ്സ് മാത്രം. പ്രശസ്ത നൃത്ത കലാകാരി വാണി ഗണപതിയെയാണ് 1978 ല്‍ കമല്‍ഹാസന്‍ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കമല്‍ഹാസന്റെ കോസ്റ്റ്യൂം ഡിസൈനറായി വാണി പ്രവൃത്തിച്ചു. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും തങ്ങളുടെ ബന്ധം നിയമപരമായി വേര്‍പിരിഞ്ഞു.
1988 ല്‍ നടി സരികയുമായി കമല്‍ ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചു. സരികയുമായുള്ള ബന്ധത്തില്‍ പിറന്ന ആദ്യ മകളാണ് ശ്രുതി ഹാസന്‍. ശ്രുതി ജനിച്ച ശേഷമാണ് ഇരുവരും നിയമപരമായി വിവാഹിതരായത്. ഈ ബന്ധത്തില്‍ അക്ഷര എന്ന മകളും ഉണ്ട്. 2002 ല്‍ ഇരുവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2004 ല്‍ ഈ ബന്ധം നിയമപരമായി പിരിഞ്ഞു.
രണ്ടാം വിവാഹബന്ധം പിരിഞ്ഞ ശേഷമാണ് നടി ഗൗതമിയുമായി കമല്‍ഹാസന്‍ അടുക്കുന്നത്. 2005 മുതല്‍ 2016 വരെ ഇരുവരും ലിവിങ് ടുഗെദര്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞു. കമലുമായി പിരിയുന്നത് ഹൃദയഭേദകമെന്നായിരുന്നു ഗൗതമി അന്ന് പ്രതികരിച്ചത്.
നടി ശ്രീവിദ്യയുടെ പേരുമായി ചേര്‍ത്തും കമല്‍ഹാസന്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു. ശ്രീവിദ്യയും കമലും പ്രണയത്തിലായിരുന്നെന്ന് അക്കാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ആ വിവാഹം നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.