വര്‍ഷങ്ങളായി ജയറാമിന്റെ വീട്ടിലെ ഒരംഗമായി കൂടെയുണ്ടായിരുന്ന പ്രിയപ്പെട്ട വളര്‍ത്തുനായ ബണ്ടിയുടെ വിയോഗത്തിന്റെ സങ്കടത്തിലാണ് കാളിദാസ്. ബണ്ടിക്കൊപ്പമുള്ള ഹൃദയസ്പര്‍ശിയായ നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കാളിദാസ് വിടവാങ്ങല്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
താന്‍ ഷൂട്ടിംഗിന് പോകുന്നതിന് തൊട്ടുമുമ്പ് ബണ്ടി തന്നെ നോക്കിയ നോട്ടം ഒരു യാത്രയയപ്പ് പോലെയായിരുന്നുവെന്ന് കാളിദാസ് വേദനയോടെ ഓര്‍ക്കുന്നു. വാക്കുകള്‍ക്ക് അതീതമായ എന്തോ ഒന്ന് ആ കണ്ണുകള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും, ഇനി വേദനകളില്ലാത്ത ലോകത്ത് ബണ്ടി സമാധാനമായി വിശ്രമിക്കട്ടെയെന്നും കാളിദാസ് കുറിച്ചു.
'ഞാന്‍ ഷൂട്ടിംഗിന് ഇറങ്ങുന്നതിന് തൊട്ടുമുമ്പുള്ള ആ നിമിഷം... നീ എന്റെ കണ്ണുകളിലേക്ക് നോക്കിയ രീതിയില്‍ എനിക്കത് അനുഭവപ്പെട്ടു. വാക്കുകള്‍ക്ക് പറയാന്‍ കഴിയാത്ത എന്തോ ഒന്ന് നീ എന്നോട് പറയുകയായിരുന്നു. ഒരുപക്ഷേ അതൊരു യാത്രയയപ്പായിരിക്കാം... അല്ലെങ്കില്‍ എല്ലാം ശരിയാകുമെന്ന് നീ എന്നെ ആശ്വസിപ്പിച്ചതായിരിക്കാം.
നായ്ക്കള്‍ക്ക് നമ്മളെപ്പോലെ അത്രയും ആയുസ്സില്ലെന്ന് പറയാറുണ്ട്... പക്ഷേ അവര്‍ക്ക് എങ്ങനെ പൂര്‍ണ്ണമായി സ്‌നേഹിക്കണമെന്ന് നേരത്തെ തന്നെ അറിയാവുന്നത് കൊണ്ടായിരിക്കാം അത്. നമ്മള്‍ ഒരു ജീവിതകാലം മുഴുവന്‍ എടുത്തു പഠിക്കുന്ന പാഠമാണല്ലോ അത്.
ഞാന്‍ വിശ്വസിക്കുന്നു... എന്നെങ്കിലും, എന്റെ സമയമാകുമ്പോള്‍... ഞാന്‍ നിന്നെ വീണ്ടും കാണും. നീ എന്നും കാത്തിരുന്നതുപോലെ അപ്പോഴും എനിക്കായി അവിടെയുണ്ടാകും.ഇനി നീ സ്വതന്ത്രനായി ഓടൂ മകനേ... വേദനകളോ കഷ്ടപ്പാടുകളോ ഇല്ലാതെ... അനന്തമായ പുല്‍മേടുകളിലൂടെ സമാധാനത്തോടെ.
നമ്മള്‍ വീണ്ടും കാണുന്നതുവരെ... വിട ബണ്ടി.
നീ എന്നും എനിക്ക് എല്ലാമായിരുന്നു,' കാളിദാസ് കുറിച്ചു.