മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് വിസ്മയുടെ സിനിമ ചുവടുവയ്പ്പ്.ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി താരം നല്കിയ അഭിമുഖത്തിലെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
അഭിനയരംഗത്തേക്കുള്ള പ്രവേശനത്തിനൊപ്പം ജീവിതത്തിലെ വ്യക്തിപരമായ മാറ്റങ്ങളെക്കുറിച്ചും വിസ്മയ മനസ് തുറന്നു. ഒരുകാലത്ത് ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്നെന്നും പടികള്‍ കയറാന്‍ പോലും ശ്വാസംമുട്ടുന്ന അവസ്ഥയിലായിരുന്നെന്നും വിസ്മയ പറയുന്നു. ശരീരഭാരം കുറയ്ക്കാനല്ല, യാത്രയ്ക്കായാണ് തായ്ലന്‍ഡിലെത്തിയതെന്നും അവിടെ യാദൃച്ഛികമായി നടത്തിയ മുവായ് തായ് പരിശീലനമാണ് തന്റെ ശരീരത്തെ മാറ്റിമറിച്ചതെന്നും വിസ്മയ വെളിപ്പെടുത്തി. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അത് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായിരുന്നു. അന്ന് ഞാന്‍ തീര്‍ത്തും ഫിറ്റല്ലായിരുന്നു. ഫിറ്റ്‌നസും ശരീരഭാരവും രണ്ടും രണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. 98 കിലോ ഭാരമുണ്ടെങ്കിലും ഒരാള്‍ ഫിറ്റായിരിക്കാം. പക്ഷേ ഞാന്‍ ഏകദേശം 100 കിലോ ഭാരമുണ്ടായിരുന്ന സമയത്ത് പടികള്‍ കയറാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. കയറിയാല്‍ ശ്വാസംമുട്ടും. എന്റെ സുഹൃത്തുക്കള്‍ പോലും 'എന്തിനാണ് ഇത്രയും കിതയ്ക്കുന്നത്?' എന്ന് ചോദിക്കുമായിരുന്നു.
അങ്ങനെയിരിക്കെയാണ് തായ്ലന്‍ഡില്‍ പോയത്. അവിടെ എന്തെങ്കിലും പുതിയത് പരീക്ഷിക്കാമെന്ന് വിചാരിച്ചു. കോ സാമുയിയിലെ ഫിറ്റ്കോ എന്ന സ്ഥലത്താണ് മുവായ് തായ് പരിശീലനം തുടങ്ങിയത്. ആദ്യമൊന്നും അത് എനിക്ക് ഇഷ്ടമായിരുന്നില്ല. വളരെ ബുദ്ധിമുട്ടുള്ള പരിശീലനമാണെന്ന് തോന്നി.
പിന്നീട് കോവിഡ് വന്നു. അതോടെ നാട്ടിലേക്ക് മടങ്ങാതെ അവിടെ തന്നെ തുടരുകയായിരുന്നു. അപ്പോഴാണ് ഈ പരിശീലനം ഞാന്‍ ശരിക്കും ആസ്വദിക്കാന്‍ തുടങ്ങിയത്.കലകളായാലും ആയോധനകലകളായാലും ഒരു പ്രത്യേകതയുണ്ട്. അത് ചെയ്യുമ്പോള്‍ മറ്റെല്ലാ ചിന്തകളും മാറും. ആ നിമിഷത്തില്‍ ചെയ്യേണ്ട കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. ഒരു മണിക്കൂര്‍ നേരത്തേക്ക് പഞ്ച്, കിക്ക്, പരിശീലനം എന്നിവയെക്കുറിച്ച് മാത്രമേ ചിന്തിക്കൂ. അത് മനസ്സിനെയും മാറ്റിമറിക്കും.
എന്റെ പരിശീലകന്‍ 10 കിക്കുകള്‍ ചെയ്യാന്‍ പറഞ്ഞാല്‍ ഞാന്‍ ഒമ്പതില്‍ നിര്‍ത്തുമായിരുന്നു. അപ്പോള്‍ അദ്ദേഹം പറയും, 'നീ എല്ലായ്‌പ്പോഴും അവസാനത്തേതിന് തൊട്ടുമുമ്പാണ് നിര്‍ത്തുന്നത്. ഒരു കിക്ക് കൂടി ചെയ്താല്‍ മതി.' അതിന് ശേഷം വീണ്ടും 30 കിക്കുകള്‍ കൂടി ചെയ്യിപ്പിക്കും. തുടങ്ങി വെച്ച കാര്യം പൂര്‍ത്തിയാക്കണമെന്ന മനോഭാവം അത് മനസ്സില്‍ വളര്‍ത്തി. ആ അനുഭവത്തിന് ഞാന്‍ എന്നും നന്ദിയുള്ളവളാണ്. ഇപ്പോള്‍ മുവായ് തായ് പരിശീലനം എനിക്ക് ഒരുപാട് ഇഷ്ടമാണ്.
ശരീരഭാരം കുറയ്ക്കുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം. എനിക്ക് യാത്ര ചെയ്യണമെന്ന് തോന്നി. രണ്ടോ മൂന്നോ ആഴ്ച അവിടെ ചെലവഴിക്കാമെന്നാണ് ആദ്യം കരുതിയത്. പക്ഷേ പിന്നീട് എട്ടോ ഒമ്പതോ മാസം അവിടെ തന്നെ താമസിച്ചു. തായ്ലന്‍ഡിനെ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടു. അവിടെ എനിക്ക് വലിയ സ്വാതന്ത്ര്യം അനുഭവപ്പെട്ടു. ബൈക്കെടുത്ത് എവിടേക്കും പോകാം. ആ ജീവിതരീതി എനിക്ക് വളരെ ഇഷ്ടമായിരുന്നു,' വിസ്മയ മോഹന്‍ലാല്‍ പറഞ്ഞു.
പ്രണവിനെ കുറിച്ച് വിസ്മയ പറഞ്ഞതിങ്ങനെയാണ്. സിനിമയിലേക്കിറങ്ങുമ്പോള്‍ പ്രണവ് ഉപദേശമൊന്നും തന്നിട്ടില്ലെന്നാണ് വിസ്മയ പറയുന്നത്. താന്‍ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകുമെന്നും, സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ 'പോയി അടിച്ചു പൊളിക്ക്' എന്നാണ് പ്രണവ് പറഞ്ഞതെന്നും വിസ്മയ ഓര്‍ത്തെടുത്തു
'ചേട്ടന്‍ ഉപദേശങ്ങളൊന്നും തന്നിട്ടില്ല. പക്ഷേ എല്ലാ കാര്യവും അദ്ദേഹവുമായി സംസാരിക്കാറുണ്ട്. ഇതാണ് ജീവിതം. നീ എന്ത് ചെയ്താലും അതിന് പ്രത്യാഘാതങ്ങളുണ്ടാകും. സിനിമ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍, 'പോയി അടിച്ചു പൊളിക്ക്' എന്നാണ് അദ്ദേഹം പറഞ്ഞത്. സ്‌കൂളിലൊക്കെ പഠിച്ച് കഴിഞ്ഞ സമയത്ത് ഞാന്‍ ചെറിയ രീതിയില്‍ അവിടെയുമിവിടെയുമൊക്കെയായി കവിതയൊക്കെ എഴുതുമായിരുന്നു. 'എന്തുകൊണ്ട് നിനക്ക് ഇതൊരു പുസ്തകമാക്കി കൂടാ?' എന്ന് ചോദിച്ചത് ചേട്ടനാണ്.' വിസ്മയ പറയുന്നു.
'അങ്ങനെയാണ് ഞാന്‍ അതിനായി ശ്രമിച്ചത്. അങ്ങനെ അത് പുസ്തകമായി. എല്ലാ കാര്യങ്ങളിലും അദ്ദേഹം എന്നെ വളരെയധികം പിന്തുണയ്ക്കാറുണ്ട്. ശരിക്കും, എന്ത് കാര്യത്തിനായാലും എന്തെങ്കിലും ഉപദേശങ്ങളൊക്കെ വേണ്ടപ്പോള്‍ ഞാന്‍ ആദ്യം സമീപിക്കുന്നത് അദ്ദേഹത്തെയാണ്. അദ്ദേഹം ഒരു നല്ല സഹോദരനാണ്. ഞങ്ങള്‍ തമ്മില്‍ വഴക്കൊക്കെ ഉണ്ടാകാറുണ്ട്. പക്ഷേ അത് കുറച്ച് നേരത്തേക്ക് മാത്രമേ ഉള്ളൂ. കുറച്ച് കഴിഞ്ഞാല്‍ വീണ്ടും പഴയപോലെ എല്ലാം നോര്‍മലായി, ചില്‍ ആയിരിക്കും.' വിസ്മയ കൂട്ടിച്ചേര്‍ത്തു.
ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി മലയാളം പറയുക എന്നതായിരുന്നു എന്ന് വിസ്മയ പറയുന്നു. ഭാഷാപരമായ പരിമിതികളും തനിമയോടെ മലയാളം സംസാരിക്കാനുള്ള ബുദ്ധിമുട്ടുമായിരുന്നു അഭിനയത്തേക്കാള്‍ തന്റെ ഏറ്റവും വലിയ ആശങ്ക. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസങ്ങളില്‍ ഡയലോഗുകള്‍ കൃത്യമായി പറയാന്‍ കഴിയാതെ ബുദ്ധിമുട്ടി. മലയാളം സംസാരിക്കുന്നതിലെ പരിമിതികളും തടസ്സമായി. എന്നാല്‍ ജൂഡ് ആന്റണിയുടെ സമീപനം കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും വിസ്മയ പറയുന്നു.
സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ അച്ഛനില്‍ നിന്നും ലഭിച്ച വലിയ ഉപദേശം 'കാര്യങ്ങള്‍ കുറച്ചുകൂടി സാവധാനത്തില്‍ ചെയ്യുക' എന്നതായിരുന്നു. ടെന്‍ഷനും സഭാകമ്പവും കാരണം കാര്യങ്ങള്‍ വേഗത്തില്‍ ചെയ്തുതീര്‍ക്കാന്‍ ശ്രമിച്ച തനിക്ക് ഈ ഉപദേശം സെറ്റില്‍ വലിയ സഹായമായെന്ന് വിസ്മയ ഓര്‍ത്തെടുത്തു. സ്വന്തം യാത്ര അനുഭവങ്ങളിലൂടെ സ്വയം പഠിച്ച് മുന്നോട്ട് കൊണ്ടുപോകണമെന്നാണ് അച്ഛന്‍ നല്‍കിയ നിര്‍ദേശം.