മലയാളികളുടെ പ്രിയതാരം കലാഭവന്‍ മണി വിടവാങ്ങി പത്തുവര്‍ഷം പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സ്മാരകം പൂര്‍ത്തിയാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍. ആറുമാസം മുന്‍പ് ചാലക്കുടിയില്‍ തറക്കല്ലിട്ടതല്ലാതെ നിര്‍മ്മാണത്തില്‍ ഒരു പുരോഗതിയുമില്ലെന്നും, ഇത് തികഞ്ഞ അവജ്ഞയാണെന്നും വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
കലാഭവന്‍ മണി അന്തരിച്ച അതേ വര്‍ഷം അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ സ്മാരകം ഉടന്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഈ വാഗ്ദാനം നടപ്പായില്ല. വ്യാപകമായ പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആറുമാസം മുന്‍പ് തറക്കല്ലിടാന്‍ സര്‍ക്കാര്‍ തയ്യാറായത്. അതിനുശേഷം യാതൊരു അനക്കവുമുണ്ടായിട്ടില്ലെന്ന് വിനയന്‍ കുറ്റപ്പെടുത്തി. 'എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനയന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം: കലാഭവന്‍ മണി എന്ന അതുല്യ കലാകാരന്‍ വിടപറഞ്ഞിട്ട് പത്തു വര്‍ഷം ആകുന്നു.. മണിക്കൊരു സ്മാരകം ഉടനെ നിര്‍മ്മിക്കുമെന്നു പറഞ്ഞ ഇടതു പക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും അതേ കാലയളവാകുന്നു പത്തു വര്‍ഷം.. വിളംബരം മാത്രമേ ഉള്ളു ഒന്നും നടന്നില്ല എന്ന വലിയ പരാതി വന്നപ്പോള്‍ ആറുമാസം മുന്‍പ് സര്‍ക്കാര്‍ ചാലക്കുടിയില്‍ ഒരു തറക്കല്ലിട്ടു.. പക്ഷേ പിന്നീടൊരു അനക്കവുമില്ല.. എന്തു ന്യായം പറഞ്ഞാലും ഇതൊരു തികഞ്ഞ അവജ്ഞയാണ്.. കലാഭവന്‍ മണിയെ പോലുള്ള കലാകാരന്മാരുടെ ജന്മങ്ങള്‍ അപൂര്‍വ്വമാണ്.. സിനിമയില്‍ മണി അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളേയും.. നാടന്‍ പാട്ടിലും മിമിക്രിയിലും മറ്റും മണിക്കുള്ള അതുല്യമായ കഴിവിനെയും അപഗ്രഥിക്കുന്ന ആര്‍ക്കും അങ്ങനെ മാത്രമേ മണിയെ വിലയിരുത്താനാകു. അതിലൊക്കെ ഉപരിയായി സാമൂഹ്യ പരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ ജനിക്കുകയും ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നടുവില്‍ വളരുകയും ചെയ്ത മണി.. താനെന്തെങ്കിലും ആയിക്കഴിഞ്ഞപ്പോള്‍ ആ വന്ന വഴികളൊന്നും മറക്കാതെ പാവപ്പെട്ടവനെ ഉള്ളഴിഞ്ഞു സഹായിക്കാന്‍ മനസ്സു കാണിച്ചു എന്നതാണ് ആ ജന്മത്തിന്റെ മറ്റൊരപൂര്‍വത.. മരിക്കുന്നതിനു മുന്‍പ് തിരഞ്ഞെടുപ്പുകളില്‍ പോലും ഇടതു പക്ഷം പ്രചാരണത്തിനായി മണിയുടെ സഹായം തേടിയിട്ടുണ്ട് ... കാലാവധി തീരുന്നതിനു മുന്‍പ് എത്രയും വേഗം സര്‍ക്കാര്‍ ആ സ്മാരകം പൂര്‍ത്തിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..