ദുബായില്‍ നടന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് 2025-ല്‍ അവതാരകയായതിന് പിന്നാലെ നടി ജ്യോതികൃഷ്ണയ്ക്ക് പനി ബാധിച്ച് ക്ഷീണിതയായി. പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം കണ്ണേറ് തട്ടിയെന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ സൂചിപ്പിച്ചത്.
''ഈ കണ്ണേറിലൊക്കെ വിശ്വാസമുണ്ടോ കുട്ടിക്ക്'' എന്ന് ചോദിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തുടര്‍ന്ന് കറുത്ത വസ്ത്രമണിഞ്ഞ് കോണ്‍ക്ലേവില്‍ അവതാരകയായെത്തിയ ദൃശ്യങ്ങളും, അവസാനത്തില്‍ മാസ്‌ക് ധരിച്ച് പനി ബാധിച്ച് ക്ഷീണിതയായിരിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ''തീരെ ഇല്ല'' എന്നാണ് പോസ്റ്റിനോടൊപ്പം നടി കുറിച്ചത്.
ജ്യോതികൃഷ്ണയുടെ പോസ്റ്റിന് നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ''ശ്രദ്ധിക്കണ്ടേ അമ്പാനേ'', ''കറുത്ത വസ്ത്രം ധരിച്ചിട്ടും കണ്ണേറ് തട്ടിയോ?'' തുടങ്ങിയ കമന്റുകള്‍ക്ക് നടി സ്വയം പ്രതികരിച്ചു. ''അത്രയ്ക്കും ശക്തമായ ദുഷ്‌കണ്ണ് ആയിരുന്നു'' എന്നാണ് അവര്‍ മറുപടി നല്‍കിയത്. ''എത്രയും പെട്ടെന്ന് സുഖമാകട്ടെ'' എന്ന് ആശംസിച്ചവരും ഉണ്ടായിരുന്നു.
ദുബായില്‍ നടന്ന ബിസിനസ് കോണ്‍ക്ലേവില്‍ കെ.കെ. ശൈലജ ടീച്ചര്‍ എം.എല്‍.എ, രമേഷ് പിഷാരടി, ദുബായ് ഭരണകുടുംബത്തിലെ അംഗങ്ങള്‍ അടക്കമുള്ള പ്രമുഖരോടൊപ്പം വേദി പങ്കിടാനായത് അഭിമാനകരമാണെന്ന് ജ്യോതികൃഷ്ണ നേരത്തേ കുറിച്ചിരുന്നു. ''ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളും സുഹൃത് സംഗമവുമായിരുന്നു ഈ വേദി'' എന്നും നടി അഭിപ്രായപ്പെട്ടു.