Latest News

സൂത്രപ്പണി  കവിത

Malayalilife
സൂത്രപ്പണി   കവിത

നി,
ഒരു സൂത്രപ്പണിയാണ്;
തന്നെയാരും എത്തിനോക്കുന്നില്ലെന്ന
തോന്നലില്‍
തനു കാട്ടിക്കൂട്ടുന്ന വേലത്തരം!

തുടക്കത്തില്‍ ഒരു തുമ്മല്‍;
ഒന്നു മുരടനക്കല്‍.
എന്നിട്ടും രക്ഷയില്ലെങ്കില്‍,
വാവിട്ടു കുരയ്ക്കല്‍.
അതിലും രക്ഷയില്ലെങ്കില്‍,
തുള്ളല്‍... കിടന്നു തുള്ളല്‍.

അങ്ങനെ... അങ്ങനെ...
തുള്ളി തുള്ളി പൊള്ളുമ്പോള്‍
മേലാകെ
മഴത്തുള്ളികള്‍ മുളച്ചുപൊന്തും.

ഈ സമയം,
തനു മറ്റൊരു തനുവിനെ തേടും.  
സിരകളിലൂടെ
പ്രണയത്തിന്റെ ശ്വേതം കടന്നുപോകുന്നതു
സ്വപ്നം കാണും.

സ്വപ്നത്തില്‍,
അടുത്തേയ്ക്കുവരുന്ന തനുവിലേയ്ക്കു  
തന്റെ കനല്‍ പടര്‍ന്നുക്കേറുന്നതും  
അന്ത:കരണത്തിലെ പുകച്ചില്‍  
ജാലവിദ്യകണക്കെ അണഞ്ഞുപോകുന്നതും
മുളച്ചുപൊന്തിയ മഴത്തുള്ളികള്‍ക്കു
ചിറകുകള്‍ മുളയ്ക്കുന്നതും
അവ,
ആകാശത്തു വിതാനിച്ചു പറക്കുന്നതും
കാണാന്‍തുടങ്ങും.

അതോടെ,
തനുവില്‍നിന്നും തനുവിലേക്കുള്ള ദൂരം
ഒരു കൈപ്പിടിയിലേക്കുള്ള
ഒരു ചാണ്‍ ദൂരമാകുകയും
അടുത്തുവന്ന തനുവിനെ ചേര്‍ത്തുപിടിച്ച്
അമര്‍ത്തി ചുംബിക്കാന്‍ തുടങ്ങുകയും ചെയ്യും.

*  ശ്വേതം= വെളുപ്പ്, ജീവകം
******************************************

Read more topics: # പനി
POEM BY Sathish Kalathil

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES