15 വര്‍ഷമായി മലയാള സിനിമയില്‍ വില്ലനായും സഹനടനായും നിറഞ്ഞുനിന്ന നടനാണ് ജോജു ജോര്‍ജ്ജ്. എന്നാല്‍ ജോസഫിലൂടെ നടന്റെ വ്യത്യസ്ഥമായ ഒരു പകര്‍ന്നാട്ടമാണ് പ്രേക്ഷകര്‍ കണ്ടത്. ജോസഫ് കണ്ടവരെല്ലാം താരത്തിന്റെ കഴിവ് തിരിച്ചറിയുകയും ചെയ്തു. ഇപ്പോള്‍ താരം തനിക്ക് സംഭവിച്ച വിചിത്രമായ ഒരു അനുഭവം പറഞ്ഞതാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും നായകനും നിര്‍മാതാവും ഗായകനായും എല്ലാം ജോജു വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ താരം താന്‍ മരണത്തെ നേരില്‍ കണ്ട അനുഭവത്തകുറിച്ചാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഞാനെന്റെ മരണം കണ്ടു നിന്നവനാണ് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നാണ് ജോജു അനുഭവം വിവരിച്ച് ചോദിക്കുന്നത്.. പതിനഞ്ചു വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. അന്ന് താരത്തിനൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓര്‍മയുണ്ടായിരുന്നു എന്നാല്‍ പിന്നെ, നടന്നതൊക്കെ സിനിമയെ വെല്ലുന്ന കാര്യങ്ങളായിരുന്നു. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നില്‍ നിന്നു പുറത്തുവന്നെന്ന് താരം പറയുന്നു. പിന്നീട് ജോജു കണ്ടത് ഓപ്പറേഷന്‍ ടേബിളില്‍ തന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുന്നതാണ്.
ഒരു നഴ്‌സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്‌ക്രീനിലെന്ന പോലെ തന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി. പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എന്നാല്‍ ഇതെല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു. പിന്നീട് അടുത്ത ദിവസം കണ്ണുതുറന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു തന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് തനിക്ക് പൂര്‍ണ ബോധ്യം വന്നത് എന്ന് താരം പറയുന്നത്. ആരും വിശ്വസിച്ചില്ലെങ്കിലും എന്നാല്‍ താന്‍ അനുഭവിച്ചത് സത്യമാണെന്നുമാണ് താരം പറയുന്നത്.