Latest News

'ജോര്‍ജുകുട്ടിയും കുടുംബവും പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിട്ട് 'ഇന്നേക്ക് അഞ്ചുവര്‍ഷം....! ജീത്തുജോസഫ് മാജിക്കില്‍ ഒരുങ്ങിയ 'ദൃശ്യം' എവര്‍ഗ്രീന്‍ ഹിറ്റ്

Malayalilife
 'ജോര്‍ജുകുട്ടിയും കുടുംബവും പാറേപ്പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിട്ട് 'ഇന്നേക്ക് അഞ്ചുവര്‍ഷം....! ജീത്തുജോസഫ് മാജിക്കില്‍ ഒരുങ്ങിയ 'ദൃശ്യം' എവര്‍ഗ്രീന്‍ ഹിറ്റ്

മലയാളസിനിമയില്‍ എടുത്തുപറയാവുന്ന മുതല്‍കൂട്ടുകളില്‍ ഒന്നാണ് ജീത്തു ജോസഫ് ചിത്രം ദൃശ്യം. ഡിസംബര്‍ 19 ഇന്നേക്ക് ദ്യശ്യം പിറന്നിട്ട് അഞ്ച് വര്‍ഷം തികയുകയാണ്. അഞ്ചു വര്‍ഷം മുന്നെ വലിയ ആരവങ്ങളൊന്നും ഇല്ലാതെ വന്ന ബോക്‌സ് ഓഫീസ് തകര്‍ത്ത് വാരിയ ചിത്രമായിരുന്നു ദൃശ്യം. 'ക്രിസ്മസിന് ദൃശ്യ വിരുന്നൊരുക്കാന്‍ ജോര്‍ജ്ജുകുട്ടിയും കുടുംബവും ഇന്നെത്തുന്നു' എന്ന പരസ്യ വാചകത്തോടെ 'ദൃശ്യം' തിയേറ്ററുകളിലെത്തിയത്. മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച 2013ല്‍ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലര്‍ ചലച്ചിത്രമാണ് ദൃശ്യം.

ഒരു കൊച്ചു കുടുംബചിത്രം എന്ന ലേബലില്‍ എത്തിയ, തുടക്കത്തില്‍ 133 തിയേറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം, പിന്നീട് പ്രേക്ഷക പിന്തുണയാല്‍ കൂടുതല്‍ തിയേറ്ററുകളിലേക്ക് വ്യാപിച്ചു. 175 ദിവസത്തോളമാണ് ചിത്രം തിയേറ്ററുകളില്‍ ഓടിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആയിരുന്നു ഈ ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചത്. 

ഇടുക്കി ജില്ലയിലെ രാജാക്കാട്ടില്‍ കേബിള്‍ ടി.വി. സ്ഥാപനം നടത്തുന്ന ജോര്‍ജുകുട്ടിയുടെയും ഭാര്യ റാണിയുടെയും രണ്ടു പെണ്‍മക്കളുടെയും സൈര്വ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടായ സംഭവങ്ങളാണ് സിനിമ പറഞ്ഞത്. സിനിമാ പ്രേമിയായ, മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത, നാലാം ക്ലാസ്സ് വിദ്യഭ്യാസം മാത്രമുള്ള ജോര്‍ജുകുട്ടി, ഭാര്യയും മകളും അകപ്പെട്ട അസാധാരണമായൊരു പ്രതിസന്ധിയില്‍ നിന്നും കുടുംബത്തെ രക്ഷിച്ചെടുക്കുന്ന കഥ യാഥാര്‍ത്ഥ്യ ബോധത്തോടെ പറയുകയായിരുന്നു 'ദൃശ്യം'.

ജോര്‍ജുകുട്ടിയും കുടുംബവും അവരുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒട്ടും ഹിതമല്ലാത്തൊരു അതിഥിയും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമൊക്കെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് തീര്‍ത്തും പുതുമയേറിയൊരു ദൃശ്യാനുഭവം തന്നെയായിരുന്നു. സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തി 'ദൃശ്യം' സമ്മാനിച്ച തിയേറ്റര്‍ അനുഭവം ഇന്നും മലയാളികള്‍ മറന്നിട്ടില്ലെന്നു പറയേണ്ടി വരും. മോഹന്‍ലാലും മീനയും തകര്‍ത്തഭിനയിച്ച ചിത്രം, കലാഭവന്‍ ഷാജോണിന്റെയും ആശാ ശരത്തിന്റെയും അന്‍സിബ ഹസ്സന്റെയും എസ്തര്‍ അനിലിന്റെയുമെല്ലാ കരിയറിലെ മികച്ച അനുഭവ മുഹൂര്‍ത്തങ്ങള്‍ക്കു കൂടിയാണ് സാക്ഷിയായത്. കെട്ടുറപ്പുള്ള, കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന കഥ തന്നെയായിരുന്നു ചിത്രത്തിന്റെ നട്ടെല്ല്.

ചിത്രം കേരളത്തില്‍ നേടിയ വിജയം പിന്നീട് മറ്റു ഭാഷകളിലും 'ദൃശ്യ'ത്തിന് റീമേക്കുകള്‍ ഉണ്ടാവാന്‍ കാരണമായി. തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്നെ ചിത്രത്തിന് റീമേക്കുകള്‍ വന്നു. തമിഴില്‍ 'പാപനാശം' എന്ന പേരിലും ഹിന്ദിയിലും തെലുങ്കിലും 'ദൃശ്യം' എന്ന പേരിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടു. ജിത്തു ജോസഫ് തന്നെയായിരുന്നു 'പാപനാശ'ത്തിന്റെ സംവിധായകന്‍. കമലഹാസനും ഗൗതമിയും നായികാനായകന്മാരായെത്തിയ ചിത്രത്തില്‍ നിവേദ തോമസും എസ്തര്‍ അനിലുമാണ് മക്കളായി എത്തിയത്. ആശാ ശരത് തമിഴിലും പൊലീസ് ഓഫീസറായി എത്തിയപ്പോള്‍ കലാഭവന്‍ മണിയാണ് ഷാജോണിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

2015 ലാണ് ചിത്രത്തിന്റെ ഹിന്ദി റിമേക്ക് റിലീസ് ചെയ്തത്. നിഷികാന്ത് കമ്മത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, തബു, ശ്രിയാ ശരണ്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തി. 2014 ല്‍ റിലീസായ തെലുങ്ക് 'ദൃശ്യം' പതിപ്പില്‍ വെങ്കിടേഷ്, മീന, നാദിയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീപ്രിയ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. 'ദൃശ്യ' എന്ന പേരിലാണ് ചിത്രം കന്നടയിലെത്തിയത്. പി വാസു സംവിധാനം ചെയ്ത ചിത്രത്തില്‍ വി. രവിചന്ദ്രന്‍, നവ്യനായര്‍, ആശ ശരത്, പ്രഭു ഗണേശന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായത്.


 

Read more topics: # jeethu joseph,# drishyam,# five years
jeethu joseph,drishyam,five years

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES