കൊൽക്കത്ത: കൊച്ചിയിൽ ചലച്ചിത്ര നടിക്ക് നേരേ നടന്ന അക്രമത്തിന് സമാനസംഭവം കൊൽക്കത്തയിലും. കൊച്ചിയിലെ പോലെ മാനഭംഗ ശ്രമമുണ്ടായില്ലെങ്കിലും നടിക്കും സഹോദരനും നേരേ കയ്യേറ്റമുണ്ടായി.നടിയുടെ പരാതിയിൽ ബംഗാളി ടിവി താരം ജോയ് കുമാർ മുഖർജിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. നടി സയന്തിക ബാനർജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ ദക്ഷിണ കൊൽക്കത്തയിലെ വസതിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് ജോയ്ക്കെതിരെ നടിയുടെ പിതാവ് ടോളിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അലിപ്പോർ കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.
ജോയ്യും സയന്തികയും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഒൻപതു വർഷത്തോളം ലിവ്ഇൻ റിലേഷനിൽ കഴിഞ്ഞ ഇവർ അടുത്തിടെയാണു പിരിഞ്ഞത്. കഴിഞ്ഞ ദിവസം റോഡിൽ സയന്തികയുടെ കാർ ജോയ് തടയുകയും ചീത്ത വിളിക്കുകയുമായിരുന്നു. സയന്തികയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. അദ്ദേഹത്തിനു നേരെയും ജോയ്യുടെ ആക്രമണമുണ്ടായി. ജോയ് കാറിനു കേടുപാടുകൾ വരുത്തിയതായും പരാതിയിലുണ്ട്.
എന്നാൽ സയന്തികയ്ക്കു പരുക്കുകളുണ്ടായിരുന്നില്ല. സംഭവത്തിനു പിന്നാലെ നടിയുടെ പിതാവു നൽകിയ പരാതിയിലാണു പൊലീസ് കേസെടുത്തത്. സൗത്തുകൊൽക്കത്തയിൽ ജോയ്യും സയന്തികയും ചേർന്ന് ഒരു ഫ്ളാറ്റ് വാങ്ങിയിരുന്നു. 60 ലക്ഷത്തിന്റെ ഫ്ളാറ്റ് വാങ്ങിയപ്പോൾ അഞ്ചു ലക്ഷം മാത്രമാണു സയന്തിക നൽകിയത്. 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു വഴക്കെന്നും ജോയ്യുടെ സഹോദരൻ പറഞ്ഞു.