മലയാളം, തമിഴ് തുടങ്ങി വിവിധ ഭാഷകളില്‍ സാന്നിധ്യമറിയിച്ച നടി അപര്‍ണ ദാസ് കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. 'സര്‍വേ ജനാഃ സുഖിനോ ഭവന്തു' എന്നാണ് ചിത്രത്തിന്റെ പേര്. മനോരഞ്ജന്‍ രവിച്ചന്ദ്രന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. നിലവില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ തന്റെ മനസ്സിലുണ്ടായിരുന്ന ഒരു വലിയ ആഗ്രഹം സാധ്യമാക്കിയതിന്റെ സന്തോഷത്തിലാണ് അപര്‍ണ. തായിലാന്റിലെ ഫുക്കറ്റില്‍ സ്ഥിതി ചെയ്യുന്ന കതു ഷൂട്ടിംഗ് റേഞ്ചില്‍ പ്രാക്ടീസ് ചെയ്യുന്ന തന്റെ ചിത്രങ്ങളും വീഡിയോയുമാണ് അപര്‍ണ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 'ലക്ഷ്യം വെക്കലും വെടിവെക്കലും, ഒപ്പം മനോഹരമായ ഓര്‍മ്മകളും. ഇതൊരു കിടിലന്‍ അനുഭവമായിരുന്നു; മാത്രമല്ല, ഇതില്‍ എനിക്ക് നല്ല കഴിവുണ്ടെന്നും ബോധ്യമായി,' എന്നാണ് അപര്‍ണ പോസ്റ്റില്‍ കുറിച്ചത്.
ഫുക്കറ്റിലെ കതു പ്രദേശത്തുള്ള ഫുക്കറ്റ് വേക്ക് പാര്‍ക്കിന് സമീപത്താണ് ഈ ഷൂട്ടിംഗ് റേഞ്ച് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളും ശബ്ദ നിയന്ത്രണ സംവിധാനങ്ങളുമുള്ള ഒരു ഇന്‍ഡോര്‍ ഷൂട്ടിംഗ് റേഞ്ചാണിത്. ഇവിടെ 25 മീറ്റര്‍ ദൂരപരിധിയുള്ള 14 ഷൂട്ടിംഗ് ട്രാക്കുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ മുന്‍പരിചയമില്ലാത്തവര്‍ക്കും തുടക്കക്കാര്‍ക്കും കൃത്യമായ പരിശീലനം നല്‍കാന്‍ പ്രഗത്ഭരായ ഇന്‍സ്ട്രക്ടര്‍മാര്‍ ഇവിടെയുണ്ട്. തോക്ക് പിടിക്കേണ്ട രീതിയും, ലക്ഷ്യം കാണേണ്ട വിധവും ഇവര്‍ സുരക്ഷിതമായി പടിപടിയായി പഠിപ്പിച്ചു തരുന്നു.