Latest News

ഈ വര്‍ഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല; നൂറിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്ത 2018ല്‍ 18 ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്; മാസ് ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും മലയാളത്തില്‍ വിജയിച്ചു

Malayalilife
  ഈ വര്‍ഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല; നൂറിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്ത 2018ല്‍ 18 ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റ്;  മാസ് ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും മലയാളത്തില്‍ വിജയിച്ചു

ഴിഞ്ഞ വര്‍ഷത്തെ പോലെയായിരുന്നില്ല ഈ വര്‍ഷം. ഈ വര്‍ഷവും മലയാള സിനിമ പ്രേക്ഷകരെ നിരാശരാക്കിയില്ല. ഇത്തവണ  ഞാന്‍ പ്രകാശന്‍, എന്റെ ഉമ്മാന്റെ പേര് . തട്ടിന്‍ പുറത്ത് അച്യുതന്‍ .ഒടിയന്‍ എന്നീ സിനിമകളാണ് വര്‍ഷാവസാനത്തില്‍ മത്സരിച്ചത്.. നൂറിലധികം ചിത്രങ്ങള്‍ റിലീസ് ചെയ്ത 2018ല്‍ 18 ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്ന ചിത്രങ്ങളുടെ റിലീസോടെയാണ് ഡിസംബര്‍ അവസാനിക്കുന്നതും. മാസ് ചിത്രങ്ങള്‍ക്കൊപ്പം കലാമൂല്യമുള്ള ചിത്രങ്ങളും പ്രേക്ഷകര്‍ വിജയിപ്പിച്ചു. ചില ചിത്രങ്ങള്‍ മികച്ച പ്രതികരണം നേടിയെങ്കിലും വിതരണത്തിലെ പാളിച്ചകള്‍ മൂലം തിയറ്ററുകളില്‍ നിന്ന് വേഗത്തില്‍ അപ്രത്യക്ഷമായി. എന്നാല്‍ ചില തമിഴ് ചിത്രങ്ങള്‍ പോലും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം നടത്തി. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ പുറത്തിറങ്ങി ശ്രദ്ധേയ വിജയം നേടിയ 15 ചിത്രങ്ങള്‍ ഇവയാണ്.  

ശിക്കാരി ശംഭു
വേട്ടക്കാരന്‍ പീലിയായി കുഞ്ചാക്കോ ബോബനും സംവിധായകന്‍ സുഗീതും നടത്തിയ ചിരിവേട്ടയായിരുന്നു ശിക്കാരി ശംഭു. സുഗീതിന്റെ സ്ഥിരം ശൈലിയില്‍ മാറ്റം വരുത്തിയില്ലെങ്കിലും വേട്ടക്കാരന്‍ പീലിയുടെയും സഹായികളുടെയും പുലിവേട്ട ബോക്‌സോഫീസില്‍ ക്ലിക്കായി. 

ക്വീന്‍
പുതുമുഖങ്ങളെ വച്ച് കാലിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്ത കൊച്ചു സിനിമ. അങ്കമാലി ഡയറീസിനു ശേഷം കുറേയേറെ പുതുമുഖങ്ങളെ അണിനരത്തി വിജയം കൊയ്ത ക്വീന്‍ ആയിരുന്നു 2018ലെ ആദ്യ ബോക്‌സോഫീസ് ഹിറ്റ്

ക്യാപ്റ്റന്‍
ദുരന്തപൂര്‍ണമായി ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ വി.പി. സത്യനെ തിരശീലയില്‍ അടയാളപ്പെടുത്തിയ പ്രജേഷ് സെന്‍ ചിത്രം. വി.പി സത്യനായി ജയസൂര്യ നടത്തിയ പകര്‍ന്നാട്ടം പ്രേക്ഷകരുടെ കയ്യടി നേടി. ഉള്ളില്‍ തീയുള്ള സിനിമയായി 2018 അടയാളപ്പെടുത്തിയ ചിത്രം.  

സുഡാനി ഫ്രം നൈജീരിയ
ആര്‍ട് സിനിമ, കച്ചവട സിനിമ എന്ന തരംതിരിക്കലുകളുടെ അതിരുകളെ മായ്ച്ചു കളഞ്ഞ ചിത്രമായിരുന്നു സക്കരിയ്യ മുഹമ്മദ് സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ. സാധാരണ സ്‌പോര്‍ട്‌സ് ചിത്രങ്ങളുടെ സ്ഥിരം ക്ലൈമാക്‌സ് രീതികളില്‍ നിന്ന് വ്യത്യസ്തമായി മനുഷ്യരുടെ ഹൃദയത്തിലേക്ക് ഗോളടിച്ച ഈ ചിത്രത്തിനായിരുന്നു പ്രേക്ഷകരുടെ കുതിരപ്പവന്‍!

അരവിന്ദന്റെ അതിഥികള്‍
തുടക്കം മുതല്‍ ഒടുക്കം വരെ സംഗീതസാന്ദ്രമായി ഒരുക്കിയ ചിത്രമായിരുന്നു എം.മോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികള്‍. കുടുംബപ്രേക്ഷകരുടെ സ്‌നേഹം നേടിയെടുത്ത ചിത്രം ബോക്‌സോഫീസിലും ഹിറ്റായി. ഒരു ഇടവേളയ്ക്കു ശേഷം നടി ഉര്‍വശിയും ശ്രീനിവാസനും ഗംഭീര പ്രകടനം കാഴ്ച വച്ച ചിത്രം കൂടിയായിരുന്നു അരവിന്ദന്റെ അതിഥികള്‍.  

ഈ.മ.യൗ
2018ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായിരുന്നു ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ. പി.എഫ് മാത്യൂസിന്റെ മാജിക്കല്‍ റിയലിസ്റ്റിക് സ്പര്‍ശമുള്ള തിരക്കഥയെ അസാമാന്യ വൈഭവത്തോടെ വെള്ളിത്തിരയില്‍ അനുഭവിപ്പിക്കുകയാണ് സംവിധായകന്‍. ചെമ്പന്‍ വിനോദ്, വിനായകന്‍, കൈനകരി തങ്കരാജ്, ദിലീഷ് പോത്തന്‍, പോളി കണ്ണമ്മാലി എന്നിവരുടെ അഭിനയ മികവും ചിത്രത്തിന്റെ മാറ്റു കൂട്ടി. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പുരസ്‌കാരങ്ങള്‍ തേടിയെത്തിയതും ഈ ചിത്രത്തെയായിരുന്നു. 

ഞാന്‍ മേരിക്കുട്ടി
ജയസൂര്യ എന്ന നടന്‍ ഒരിക്കല്‍ക്കൂടി മലയാളികളെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഞാന്‍ മേരിക്കുട്ടി. ട്രാന്‍സ്‌ജെന്‍ഡറായ മേരിക്കുട്ടിയുടെ ജീവിതം വികലമായ അനുകരണത്തിലേക്ക് വഴുതിപ്പോകാതെ അതിമനോഹരമായി ജയസൂര്യ അവതരിപ്പിച്ചു. തിയറ്ററുകളില്‍ പ്രേക്ഷകര്‍ എഴുന്നേറ്റു നിന്നു കയ്യടിച്ച ചിത്രം കൂടിയായിരുന്നു ഞാന്‍ മേരിക്കുട്ടി. 

അബ്രഹാമിന്റെ സന്തതികള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 2018ലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടിയിലെ നടനെ പരിഗണിച്ച മാസ് ചിത്രം. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടി. 

കൂടെ
പ്രേക്ഷകര്‍ കാത്തിരുന്ന അഞ്ജലി മേനോന്‍ ചിത്രമായിരുന്നു കൂടെ. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന നസ്രിയയുടെ ഗംഭീര തിരിച്ചു വരവു കൂടിയായിരുന്നു ചിത്രത്തിലെ ജെനി. പൃഥ്വിരാജിന്റെയും പാര്‍വതിയുടെയും 2018ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ഈ ചിത്രം. 

തീവണ്ടി
ടൊവീനോ തോമസ് എന്ന യുവനടന്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രമായിരുന്നു നവാഗതനായ ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി. മായാനദിയെ പോലെ ചുംബന രംഗം കൊണ്ടു തീവണ്ടിയും ചര്‍ച്ചകളില്‍ സജീവമായി. നിരൂപക പ്രശംസയും ബോക്‌സോഫീസ് വിജയവും ഒരുപോലെ തീവണ്ടിയെ തേടിയെത്തി. 2018നെ അടയാളപ്പെടുത്തിയ ഗാനങ്ങളില്‍ ഒന്നായിരുന്നു ചിത്രത്തിലെ ജീവാംശമായി എന്നു തുടങ്ങുന്ന ഗാനം.   

വരത്തന്‍
സ്വാഭാവിക അഭിനയം കൊണ്ട് ഫഹദ് ഫാസില്‍ പ്രേക്ഷകരെ ഞെട്ടിച്ച സിനിമയായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിറുത്തുന്ന ക്ലൈമാക്‌സ് രംഗങ്ങള്‍ പ്രേക്ഷകരുടെ കയ്യടി നേടി. നായികയായ ഐശ്വര്യ ലക്ഷ്മിയും നെഗറ്റീവ് റോളിലെത്തിയ ഷറഫുദ്ദീന്‍, ദിലീഷ് പോത്തന്‍, വിജിലേഷ് എന്നിവരും വരത്തന്‍ ഒരു മികച്ച കാഴ്ചാനുഭവമാക്കി മാറ്റി.

കായംകുളം കൊച്ചുണ്ണി
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി 2018ലെ മാസ് ചിത്രങ്ങളിലൊന്നായരുന്നു. ഇത്തിക്കര പക്കിയായി മോഹന്‍ലാല്‍ നടത്തിയ ഉശിരന്‍ പ്രകടനം ആരാധകര്‍ ആഘോഷമാക്കി. 2018ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രമായിരുന്നു കായംകുളം കൊച്ചുണ്ണി. 

ജോസഫ്
അധികം ബഹളങ്ങളില്ലാതെ വന്നു അപ്രതീക്ഷിത വിജയം കൊയ്ത സിനിമയായിരുന്നു ജോജു ജോസഫിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ജോസഫ്. പതിവു കുറ്റാന്വേഷണ ചിത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ പ്രേക്ഷകരെ അനുഭവിപ്പിച്ച സിനിമയായിരുന്നു ഇത്. ജോജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ്. ചിത്രത്തിലെ എല്ലാ പാട്ടുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. 

ഒടിയന്‍
പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡചിത്രം ഒടിയന്‍ ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തി. വിവാദങ്ങളും വിമര്‍ശനങ്ങളും സജീവമായെങ്കിലും കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു. 2018ലെ മികച്ച മ്യൂസികല്‍ ഹിറ്റു കൂടിയാണ് ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍. 

ഞാന്‍ പ്രകാശന്‍
സത്യന്‍ അന്തിക്കാട്ശ്രീനിവാസന്‍ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ 'ഞാന്‍ പ്രകാശന്‍' പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും പ്രദര്‍ശനം തുടരുകയാണ്. ഒരു ശരാശരി മലയാളിയുടെ എല്ലാ സ്വഭാവങ്ങളും ഒത്തുചേര്‍ന്ന പ്രകാശനായി ഫഹദ് മികച്ച പ്രകടനം കാഴ്ച വച്ചു. സ്വാഭാവികാഭിനയത്തിന്റെ മാജിക് തന്റെ കയ്യില്‍ ഭദ്രമാണെന്ന് ഫഹദ് ഒരിക്കല്‍ക്കൂടി തെളിയിച്ച ചിത്രമായി ഞാന്‍ പ്രകാശന്‍. 

Read more topics: # hit-malayalam-movies-in this year
hit-malayalam-movies-in this year

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES