കഴിഞ്ഞ ദിവസമാണ് നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമ്മയുടെ യോഗത്തില്‍ ധാരണയായത്. അമ്മ പ്രസിഡന്റ് മോഹന്‍ലാലാണ് ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ് പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിങ് ഷെയ്ന്‍ ഉടന്‍ ചെയ്യും. മുടങ്ങിയ സിനിമകളായ വെയില്‍, കുര്‍ബാനി എന്നിവയും പൂര്‍ത്തിയാക്കും. പ്രശ്‌നങ്ങളെല്ലാം തീര്‍ന്നുവെന്നും അമ്മയുടെ നിര്‍വാഹക സമിതി യോഗത്തിലുണ്ടായ ധാരണകള്‍ സംബന്ധിച്ച് അടുത്ത ദിവസം നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും, ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് യോഗത്തിന് ശേഷം ഇടവേള ബാബു പറഞ്ഞത്. എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധനേടുകയാണ്.
ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട മോഹന്‍ലാലിനെ പ്രശംസിച്ചാണ് നടന്‍ ഹരീഷ് പേരടി എത്തിയിരിക്കുന്നത്. ഷെയ്‌ന്റെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചെന്ന 'വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ. നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് ഹരീഷ് പേരടി പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്.
ലാലേട്ടാ..ഈ വാര്‍ത്ത ശരിയാണെങ്കില്‍ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ. നിങ്ങളൊരു കംപ്ലീറ്റ് ആക്ടര്‍ മാത്രമല്ലാ.. മറിച്ച് ഒരു കംപ്ലീറ്റ് മനുഷ്യന്‍ കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്. ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാല്‍ ചോരാത്ത അമ്മയാക്കുന്നു...നമുക്കിനി ചെറിയ പിണക്കത്തില്‍ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമ്മുടെ പെണ്‍മക്കളെകൂടി തിരിച്ച് പിടിക്കണം. അമ്മയ്ക്ക് ക്ഷമിക്കാന്‍ പറ്റാത്ത മക്കളുണ്ടോ? എന്നാണ് ഹരീഷ് കുറിച്ചത്.
അതേസമയം സര്‍ക്കാസത്തിന്റേതായ രീതിയില്‍ ഹരീഷ് അമ്മയെ കളിയാക്കുകയാണ് എന്നാണ് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. ഷെയ്‌നെ മകനെ പോലെ കാണാന്‍ അമ്മയ്ക്ക് ആകുമെങ്കിലും ചെറിയ പ്രശ്‌നങ്ങളുടെ പേരില്‍ സംഘടനയില്‍ നിന്നും വിട്ടുപോയവര്‍ മക്കളല്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.