കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ നടത്തിയ ചില പരാമര്‍ശങ്ങള്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. കര്‍ഷകര്‍ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമര്‍ശിച്ചിരുന്നു. മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയില്‍ ഇരുത്തിയായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
ജയസൂര്യ പറഞ്ഞതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ തന്നെ ആകര്‍ഷിച്ചത് മുഖ്യധാര മലയാള സിനിമാനടന്മാര് പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയതാണെന്ന് ഹരീഷ് പേരടി കുറിച്ചു. കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയടി അര്‍ഹിക്കുന്നു. മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്, നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണൂ. അതുകൊണ്ട് സിനിമ നാട്ടുകാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ടെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പറഞ്ഞിതിലെ ശരിയും തെറ്റും വിലയിരുത്തുന്നതിനേക്കാള്‍ എന്നെ ആകര്‍ഷിച്ചത്....മുഖ്യധാര മലയാള സിനിമാനടന്മാര് പൊതു വിഷയങ്ങളില്‍ പ്രതികരിക്കാന്‍ തുടങ്ങിയെന്നതാണ്..പ്രത്യേകിച്ചും രണ്ട് മന്ത്രിമാര്‍ ഇരിക്കുന്ന വേദിയില്‍ അവരെ സുഖിപ്പിക്കാത്ത രാഷ്ട്രിയം പറഞ്ഞുവെന്നതാണ്..അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പച്ചക്കറികള്‍ വിഷം പുരട്ടിയാതാണെന്ന ജയസൂര്യയുടെ പ്രസ്താവനയോട് ഞാന്‍ ഒട്ടും യോജിക്കുന്നില്ല...ജൈവ കൃഷികൊണ്ടല്ല..രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി കൊണ്ടാണ് നമ്മുടെ രാജ്യത്തിന്റെ ഗോഡൗണുകള്‍ സമ്പന്നമായ്ത് എന്നത് ഒരു സത്യമാണ്..അത് തിരിച്ചറിവില്ലാത്ത പ്രസ്താവനയാണ്...അത് അവിടെ നില്‍ക്കട്ടെ..എന്തായാലും കാര്യങ്ങള്‍ ഉറക്കെ പറഞ്ഞതിന് ജയസൂര്യ കൈയ്യടി അര്‍ഹിക്കുന്നു...മറ്റ് നായക നടന്‍മാരുടെ ശ്രദ്ധക്ക്..നിങ്ങള്‍ പൊതു വിഷയങ്ങളോട് പ്രതികരിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ സിനിമ നന്നായാല്‍ മാത്രമേ ജനം കാണു...അതുകൊണ്ട് സിനിമ നാട്ടുക്കാര്‍ കാണാന്‍ വേണ്ടി മിണ്ടാതിരിക്കണ്ട...നാട്ടുക്കാര്‍ക്ക് നിങ്ങളെക്കാള്‍ ബുദ്ധിയും വിവരവുമുണ്ട്...പറയാനുള്ളത് ഉറക്കെ പറഞ്ഞ് സിനിമയില്‍ അഭിനയിക്കുക...നിങ്ങളുടെ അഭിനയവും നിലവിലുള്ളതിനേക്കാര്‍ നന്നാവും..ജയസൂര്യാ..അഭിവാദ്യങ്ങള്‍..
ജയസൂര്യയെ പിന്തുണച്ച് നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യുവും രംഗത്തെത്തി.ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് സമൂഹമാധ്യമമായ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ജോയ് മാത്യു വിശദീകരിക്കുന്നു. ''തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി'' അദ്ദേഹം കുറിച്ചു.
മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും. ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍ എന്നും അദ്ദേഹം കുറിച്ചു.
ജോയ് മാത്യുവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
തിരുവോണസൂര്യന്‍
-------------------
മന്ത്രിമാരുള്ള വേദിയില്‍ പഞ്ചപുച്ഛമടക്കിതൊഴുതു താണുവണങ്ങി നില്‍ക്കുന്ന കലാ-സാഹിത്യകാരാണെങ്ങും.
ഇപ്പോഴും രാജവാഴ്ചയാണെന്നും തമ്പ്രാനെ മുതുക് കുനിച്ചു വണങ്ങിയാലേ എന്തെങ്കിലും നക്കാപ്പിച്ച കിട്ടൂവെന്ന് കരുതുന്നവര്‍ക്കിടയില്‍ നടത്തിയ ജനകീയ വിചാരണയോടെ ജയസൂര്യ ആ പേരുപോലെ ജയിച്ച സൂര്യനായി.
അധികാരികളുടെ പുറം ചൊറിയലല്ല, ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ അവരെ ബോധിപ്പിക്കുകയാണ് വേണ്ടത് എന്ന ശരിയായ തീരുമാനം പ്രവൃത്തിപഥത്തില്‍ കൊണ്ടുവന്ന ജയ സൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണസൂര്യന്‍!
കളമേശരിയില്‍ നടന്ന ഒരു പരിപാടിയിലാണ് നെല്‍കര്‍ഷകര്‍ തിരുവോണത്തിന് പട്ടിണിയാണെന്ന വിമര്‍ശനം മന്ത്രിമാരായ പി. പ്രസാദിനും പി രാജീവിനും മുന്‍പില്‍ ജയസൂര്യ നടത്തിയത്. പിന്നാലെ ജയസൂര്യയുടെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൃഷിമന്ത്രി തന്നെ രംഗത്തെത്തി.
യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത തിരക്കഥയിലാണ് ജയസൂര്യ അഭിനയിച്ചതെന്നും അതു റിലീസായ ദിവസം തന്നെ ദയനീയമായി പൊട്ടിപ്പോയെന്നും മന്ത്രി പറഞ്ഞു. കളമശേരിയില്‍ നടന്നത് വളരെ ആസൂത്രിതമായ പരാമര്‍ശമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ജയസൂര്യ നല്ല അഭിനേതാവാണെന്നും എന്നാല്‍ ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ അഭിനയിക്കാന്‍ പാടില്ലാത്തതാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി നടന്‍ ജയസൂര്യ വ്യക്തമാക്കി. കൃഷിക്കാരുടെ പ്രശ്നങ്ങള്‍ പലനാളുകളായി കേള്‍ക്കുന്നുവെന്നും അത് ഉന്നയിക്കാന്‍ കൃത്യമായൊരു സ്ഥലം കിട്ടിയപ്പോള്‍ പറയേണ്ടസമയത്ത് പറയേണ്ടതുപോലെ പറഞ്ഞുവെന്നും താരം പറയുന്നു. അല്ലാതെ സര്‍ക്കാരിനെയോ മന്ത്രിയെയോ കുറ്റപ്പെടുത്തിയതല്ലെന്ന് ജയസൂര്യ പറഞ്ഞു. ഒരു മലയാള ദിനപത്രത്തിലെ കുറിപ്പിലാണ് താരത്തിന്റെ വിശദീകരണം.
ചെറുപ്പക്കാര്‍ കൃഷിയിലേക്കു വരുന്നില്ലെന്നു കൃഷിമന്ത്രി പറഞ്ഞതിനുള്ള കാരണങ്ങളാണു താന്‍ വേദിയില്‍ വിശദീകരിച്ചതെന്നു ജയസൂര്യ പറഞ്ഞു. ഇടത് വലത് ബിജെപി രാഷ്ട്രീയവുമായി തനിക്കൊരു ബന്ധവുമില്ല. കര്‍ഷകരുടെ വിഷയം മാത്രമാണു പ്രസക്തമെന്നും ജയസൂര്യ പറഞ്ഞു.
''സുഹൃത്തും നടനുമായ കൃഷ്ണപ്രസാദുമായി കൃഷികാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്. സംഭരിച്ച നെല്ലിന്റെ വില ആറു മാസത്തിലേറെക്കഴിഞ്ഞിട്ടും കര്‍ഷകര്‍ക്കു കിട്ടിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലുള്ളവര്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കണം എന്നും കൃഷ്ണപ്രസാദ് പറയുമായിരുന്നു. കര്‍ഷകര്‍ കഷ്ടപ്പെട്ടു വിളവിറക്കി കൊയ്തെടുത്ത നെല്ലിന് അതു സംഭരിച്ചശേഷം ആറു മാസമായിട്ടും പണം കൊടുക്കാത്തതു കടുത്ത അനീതിയായി തോന്നി.
ആ നെല്ലു പുഴുങ്ങിക്കുത്തി അരിയായി വിപണിയില്‍ എത്തിയിട്ടുണ്ടാകില്ലേ എന്നിട്ടും എന്താണു പാവം കര്‍ഷകര്‍ അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ തിരുവോണത്തിനു പട്ടിണിസമരം നടത്തുന്നത് നമ്മളെ ഊട്ടുന്നവര്‍ക്കു സമൃദ്ധിയുടെ ഉത്സവമായ തിരുവോണത്തിനു പട്ടിണി കിടക്കേണ്ടി വരുന്നതിലെ അനൗചിത്യമാണു ചൂണ്ടിക്കാട്ടിയത്.
അമേരിക്കയിലേക്കുള്ള ചില വെറൈറ്റി അരികളുടെ കയറ്റുമതി ഈയിടെ കേന്ദ്രം നിരോധിച്ചിരുന്നു. പുഴുങ്ങിക്കുത്തിയ അരിയുടെ കയറ്റുമതിക്കു 20% നികുതി ഏര്‍പ്പെടുത്തിയതു കഴിഞ്ഞ ദിവസമാണ്. അരിയുടെ ലഭ്യത നാട്ടില്‍ ഉറപ്പുവരുത്താനാണ് ഈ നടപടികളെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അപ്പോള്‍ അരിയുടെ പ്രാധാന്യം നമ്മുടെ സമൂഹത്തില്‍ എത്രമാത്രം വലുതാണെന്നു പറയേണ്ടതില്ലല്ലോ. അപ്പോഴും നെല്ല് കൃഷിചെയ്യുന്നവരെ നമുക്കു വിലയില്ല.
പുതിയ തലമുറയ്ക്കു കൃഷിയോടു താല്‍പര്യമില്ലെന്നു കൃഷിമന്ത്രി തന്നെ പറഞ്ഞു. സ്‌കൂളുകളില്‍ ആരാകണം എന്നു ചോദിക്കുമ്പോള്‍ ഡോക്ടറും എന്‍ജിനീയറും ആകണം എന്നു പറയുന്ന കുട്ടികളെ നമുക്കു കുറ്റപ്പെടുത്താന്‍ കഴിയുമോ കൃഷികൊണ്ടു പലപ്പോഴും ഒന്നു നിവര്‍ന്നു നില്‍ക്കാന്‍പോലും കഴിയാത്ത മാതാപിതാക്കളെ മാതൃകയാക്കി വീണ്ടും കടത്തിന്റെ കടുംചേറിലേക്കിറങ്ങാന്‍ എത്രപേര്‍ സന്നദ്ധരാകും തങ്ങളുടെ വിളകള്‍ക്കു മികച്ച വിലയല്ല, ന്യായമായ വിലപോലും കിട്ടാത്ത സാഹചര്യമല്ലേ ഇപ്പോള്‍.
പുറത്തേക്കു കയറ്റി അയയ്ക്കുന്നത് ഫസ്റ്റ് ക്ലാസ് അരിയാണ്. ഇവിടെ രണ്ടാംതരവും. നമുക്കു ഗുണപരിശോധനയില്ല എന്ന തീര്‍പ്പിലാണ് ഇതെല്ലാം. കേരളത്തിലേക്കു വരുന്ന പച്ചക്കറികള്‍ക്കു കൃത്യമായ ഗുണപരിശോധനാ സംവിധാനം പ്രായോഗികമായ രീതിയിലെങ്കിലും എവിടെയെങ്കിലും ഉണ്ടോ ഓണത്തിനുവന്ന പച്ചക്കറികളില്‍ രാസവിഷമാലിന്യത്തിന്റെ അളവുപരിശോധന എവിടെയെങ്കിലും നടന്നിട്ടുണ്ടോ സംഘാടനത്തിലും കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിലും ഏറെ മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നു കളമശേരി കാര്‍ഷികമേള. ആ വേദിയില്‍ ഞാന്‍ ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നു കരുതി മേളയുടെ മാറ്റു കുറയുന്നില്ല. എല്ലാ മണ്ഡലങ്ങളിലും അത്തരം മികച്ച വേദികള്‍ കര്‍ഷകനായി ഒരുക്കണമെന്ന കാര്യത്തിലും സംശയമില്ല'' ജയസൂര്യ പറഞ്ഞു.