ഡി.എന്‍.എയെന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ഹന്ന റെജി കോശിയോട് ഒരു യൂട്യൂബ് ചാനലിലെ അവതാരക മോശമായി പെരുമാറിയത് സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുനന്നു. സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയെങ്കിലും കൂടെ കിടന്നിട്ടുണ്ടോ എന്നായിരുന്നു ഹന്നയോട് അവതാരക ചോദിച്ചത്. പിന്നാലെ താരം അഭിമുഖത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു
അഷ്‌കര്‍ സൗദാനെ നായകനാക്കി ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഡി എന്‍ എ. നടി ഹന്ന റെജി കോശിയും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖങ്ങളിലൊന്നിലായിരുന്നു ഈ സംഭവം.
ചോദ്യം കേട്ടയുടന്‍ കഴിവുള്ളവര്‍ വരുമെന്നും പറഞ്ഞ് അഷ്‌കര്‍ അവതാരകയോട് പൊട്ടിത്തെറിച്ചിരുന്നു. ഞാന്‍ ഹനയോടാണ് ചോദിച്ചതെന്നായിരുന്നു അപ്പോഴും അവതാരകയുടെ മറുപടി. ഒടുവില്‍ ഇരുവരും ദേഷ്യപ്പെട്ട്, അഭിമുഖം പകുതിയില്‍ അവസാനിപ്പിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചപ്പോള്‍ പ്രാങ്ക് ആണെന്നായിരുന്നു പ്രേക്ഷകര്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പ്രാങ്ക് അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഹന്ന റെജി കോശി
'അഭിമുഖം ടെലികാസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. പിന്നെ ഡിലീറ്റഡ് ആയല്ലോ. ബാക്കിയുള്ള ഷോര്‍ട്ടുകളും മറ്റും ഡിലീറ്റ് ആക്കാന്‍ ശ്രമിക്കുകയാണ്. മിണ്ടാതിരുന്നില്ല, അങ്ങനെയായിരുന്നെങ്കില്‍ അതിന് വേറെ വ്യാഖ്യാനം വന്നേനെ. മിണ്ടി, പ്രതികരിച്ചു അത് കഴിഞ്ഞു.
നമ്മള്‍ ഒരു സിനിമയുടെ പ്രമോഷന് പോകുമ്പോഴല്ലേ ഇത്തരം ചോദ്യങ്ങള്‍ വരുന്നത്. ചുമ്മാ എന്നെയും അഷ്‌കറിനെയും ആരെങ്കിലും അഭിമുഖം ചെയ്യുമോ. സിനിമയുടെ പ്രമോഷന് പോകുമ്പോഴല്ലേ. ആ സമയത്ത് വരുന്ന ചോദ്യങ്ങള്‍ എന്തുതന്നെയായാലും, നല്ലൊരു പോസിറ്റീവ് സ്റ്റേറ്റ്മെന്റ് വൈറലായി. ആ സമയത്ത് നിങ്ങള്‍ സിനിമയുടെ പ്രമോഷന് വേണ്ടിയാണോ ഇങ്ങനെ കണ്ടന്റ് ഇട്ടതെന്ന് ആരും ചോദിക്കുന്നില്ല. നെഗറ്റീവ് വരുമ്പോള്‍ മാത്രമാണല്ലോ പ്രമോഷന് വേണ്ടിയാണോന്ന് ചോദിക്കുന്നത്.
ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. റീച്ച് കിട്ടാന്‍ വേണ്ടിയായിരിക്കും അവര്‍ ചോദിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അതുകൊണ്ടായിരിക്കുമല്ലോ നിങ്ങള്‍ ഇപ്പോള്‍ എന്നോട് ഈ ചോദ്യം ചോദിക്കുന്നത്. ഞാന്‍ പ്രതികരിച്ചു. അതവിടെ കഴിഞ്ഞു. ഞാന്‍ അവതാരകയോട് തിരിച്ച് ചോദിച്ചത്, താങ്കളോട് ഞാന്‍ തിരിച്ച് അങ്ങനെ ചോദിച്ചാല്‍ എങ്ങനെ ഫീല്‍ ചെയ്യുമെന്നാണ്.'- നടി മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഷയത്തില്‍ അഷ്‌കറും പ്രതികരിച്ചു. 'എല്ലാ സ്ത്രീകളെയും ഒരുപോലെ കാണുന്നവരാണ് നമ്മള്‍. സ്ത്രീകളെ അപമാനിച്ച് അങ്ങനെ പറയാന്‍ പാടില്ല. എന്റെ അമ്മ, എന്റെ പെങ്ങള്‍ ഒരുപാടുപേരുണ്ട്. മലയാള സിനിമയെന്നല്ല, എല്ലാ ഫീല്‍ഡിലും ഇപ്പോള്‍ സ്ത്രീകളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അങ്ങനെയൊരു മോശമായ ചോദ്യം ഒരിക്കലും ചോദിക്കാന്‍ പാടില്ല. അവരുടെ ആ സമയത്തെ ആവേശം കൊണ്ട് ചോദിച്ചതാണോയെന്ന് അറിയില്ല. ആരെയും കുറ്റം പറയാന്‍ പറ്റില്ല. ഒരു ചോദ്യം, വാക്ക് തിരിച്ചെടുക്കാന്‍ പാടില്ല. നമ്മള്‍ അത് വിട്ടു.'- അഷ്‌കര്‍ വ്യക്തമാക്കി.