യൂട്യൂബര്‍ ആര്‍.എസ്. കാര്‍ത്തിക്കിന്റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി. കിഷന്‍. പ്രകടനാത്മകമായ ഖേദപ്രകടനങ്ങളും പൊള്ളയായ വാക്കുകളും അംഗീകരിക്കില്ലെന്നാണ് നടിയുടെ നിലപാട്.
'ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം ഒരു ക്ഷമാപണമല്ല. പ്രത്യേകിച്ച് 'അവള്‍ ചോദ്യം തെറ്റിദ്ധരിച്ചു - അതൊരു രസകരമായ ചോദ്യമായിരുന്നു', ''ഞാന്‍ ആരെയും ശരീരത്തെ അപമാനിച്ചിട്ടില്ല' എന്ന് പറഞ്ഞ് അവഗണിക്കുമ്പോള്‍. ഞാന്‍ ഒരുകാര്യം വ്യക്തമായി പറയട്ടെ. പ്രകടനാത്മകമായ പശ്ചാത്താപമോ പൊള്ളയായ വാക്കുകളോ ഞാന്‍ സ്വീകരിക്കില്ല,' ഗൗരി കിഷന്‍ പറഞ്ഞു.
തന്റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയില്‍ കാര്‍ത്തിക് പറഞ്ഞിരുന്നത്. നടിയെ ബോഡിഷെയിം ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്റെ പ്രതികരണം, എന്നാല്‍ യൂട്യൂബറുടേത് ഖേദപ്രകടനമാണെന്ന് തോന്നുന്നില്ലെന്ന് താരസംഘടന 'അമ്മ' പ്രസിഡന്റ് ശ്വേതാ മേനോന്‍ അഭിപ്രായപ്പെട്ടിരുന്നു.
നടിയുടെ ഭാരം എത്രയെന്നായിരുന്നു യൂട്യൂബര്‍ സിനിമയിലെ നായകനോട് ചോദിച്ചത്. ഈ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങള്‍ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റില്‍ കൂടിയ മാധ്യമപ്രവര്‍ത്തകര്‍ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റില്‍ നിന്നുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയില്‍ കൂടുതല്‍ പേര്‍ രംഗത്തെത്തിയിരുന്നു. മാന്യമല്ലാത്ത ചോദ്യങ്ങള്‍ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകന്‍ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദര്‍, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇതിനിടെ യൂട്യൂബര്‍ ആര്‍എസ് കാര്‍ത്തിക്കിന്റെ രൂപത്തെ കളിയാക്കിക്കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ഗൗരി കമന്റ് ചെയ്തതും വിവാദമായിരിക്കുകയാണ്്. യൂട്യൂബറുടെ രൂപത്തെ പരിഹസിച്ചുകൊണ്ട് എത്തിയ പോസ്റ്റിന് താഴെ ഗൗരി കിഷന്‍ തന്റെ ഔദ്യോഗിക ഐഡിയില്‍ നിന്ന് 'ഹിയ്യോ' എന്ന കമന്റ് പങ്കുവച്ചത്.
ബോഡി ഷെയ്മിങ്ങിനെതിരെ ശക്തമായ നിലപാട് എടുത്ത ഗൗരി, അതേ രീതിയില്‍ മറ്റൊരാളുടെ രൂപത്തെ പരിഹസിക്കുന്നത് ഇരട്ടത്താപ്പാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. തന്റെ ശരീരത്തെ കുറിച്ച് ചോദ്യം ചോദിച്ച യൂട്യൂബറെ അധിക്ഷേപിക്കരുതെന്ന് ഗൗരി നേരത്തെ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.