ബിഗ് ബി, ഉസ്താദ് ഹോട്ടൽ, മുംബയ് പൊലീസ്, എബിസിഡി, പുലിമുരുകൻ തുടങ്ങി പുറത്തിറങ്ങാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിയിൽ വരെ സംഗീതവിസ്മയം തീർക്കുന്ന സംഗീത സംവിധായകൻ ഗോപി സുന്ദർ നായകനായി വെള്ളിത്തിരയിലേക്കും ചുവടുവയ്ക്കുന്നു. ടോൾ ഗേറ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക് പങ്കുവെച്ച് ദുൽഖർ സൽമാൻ ആണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്.
'സസ്‌പെൻസ് പൊളിക്കുന്നു...എന്റെ അടുത്ത സുഹൃത്തും പ്രതിഭാധനനുമായ ഗോപി സുന്ദറിന്റെ സിനിമാരംഗപ്രവേശം ഏറെ സന്തോഷത്തോടെ ഞാൻ പ്രഖ്യാപിക്കുന്നു.. ഗോപീ, എനിക്കറിയാം നിന്റെ സംഗീതത്തിലെന്ന പോലെ അഭിനയത്തിലും നീ മാജിക് തീർക്കുമെന്ന്.. ടോൾ ഗേറ്റിന്റെ മുഴുവൻ അണിയറ പ്രവർത്തകർക്കും എന്റെ ആശംസകൾ..കാണാനായി കാത്തിരിക്കാനാകുന്നില്ല..ദുൽഖർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഹരികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ഹസീന സലാമാണ് ചിത്രം നിർമ്മിക്കുന്നത്. ജിത്തു ദാമോദർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദർ തന്നെയാണ്.
മിസ്റ്റർ ഫ്രോഡ്, സലാല മൊബൈൽസ് എന്നീ ചിത്രങ്ങളിൽ ഗസ്റ്റ് റോളുകളിൽ എത്തിയിട്ടുണ്ടെങ്കിലും നായക വേഷത്തിൽ ഇതാദ്യമാണ്-ഗോപി സുന്ദർ പറഞ്ഞു. എക്സൈറ്റ്മെന്റല്ല, സത്യത്തിൽ പേടിയാണ്. അഭിനയിക്കണം എന്നൊന്നും വിചാരിച്ച് ഈ ഫീൽഡിലേക്ക് വന്നതല്ല..സംവിധായകന്റെ ധൈര്യത്തിന് പുറത്തുമാത്രമാണ് ഈ പരീക്ഷണത്തിന് ഇറങ്ങുന്നതെന്നും ഗോപി വ്യക്തമാക്കി.