സെക്കന്റ് ഷോയിലൂടെ ദുൽഖർ അരങ്ങേറുമ്പോൾ പിന്തുണ നൽകി പിന്നിൽ നില്ക്കുക മാത്രമാണ് മമ്മൂട്ടി എന്ന നടൻ ചെയ്തത്. സിനിമയിലെ തന്നെ മുൻനിര സംവിധായകനൊപ്പം അരങ്ങേറാനുള്ള സാധ്യതകളെല്ലാമുണ്ടായിരുന്നിട്ടും നവാഗതനൊപ്പമായിരുന്നു ഈ താരപുത്രൻ തുടക്കം കുറിച്ചത്. ഇപ്പോൾ സ്വന്തം കഴിവുകൊണ്ട് തന്നെ ദുൽഖർ തന്റെതായ വ്യക്തിമുദ്ര പതിച്ച് സിനിമയിൽ ഇരിപ്പിടം ഉറപ്പിച്ചുകഴിഞ്ഞു.മമ്മൂട്ടിയുടെ മകൻ എന്ന ഇമേജ് താൻ സിനിമയ്ക്കായി ഉപയോഗിക്കാറില്ലെന്ന് ദുൽഖർ തുറന്നുപറഞ്ഞിരുന്നു. തങ്ങളെ രണ്ട് പേരെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ഈ താരപുത്രൻ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ ദുൽഖറിന്റെ പേരിനൊപ്പം മമ്മൂട്ടിയെന്ന പേര് ചേർക്കാത്തതിന്റെ കാരണവും നടൻ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ വെളിപ്പെടുത്തൽ.'അച്ഛന്റെ പേരല്ല എനിക്ക് സെക്കന്റ് നെയിമായി ലഭിച്ചത്. സൽമാൻ എന്നാണ് എന്റെ ലാസ്റ്റ് നെയിം. എന്റെ കുടുംബത്തിൽ ആർക്കും സൽമാൻ എന്നൊരു ലാസ്റ്റ് നെയിം ഇല്ല. സ്‌കൂളിൽ എന്നെ ആളുകൾ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കിൽ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. ഇനി അതല്ല, എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ലെന്നും നടൻ പറയുന്നു.
താൻ സിനിമയിൽ എത്തിയതിന് ശേഷം തന്റെ സിനിമകളുമായോ അതിന്റെ പ്രൊമോഷനുമായോ ബന്ധപ്പെട്ട് അച്ഛൻ ഒരിക്കലും പ്രവർത്തിച്ചിട്ടില്ലെന്നും പറയുന്നു ദുൽഖർ. 'അത്തരത്തിലൊന്ന് ഒരിക്കലും സംഭവിച്ചിട്ടില്ല. ആരെങ്കിലും ചോദിച്ചാൽ ഞങ്ങൾ രണ്ട് വ്യത്യസ്തരായ നടന്മാർ ആണെന്നാണ് അദ്ദേഹം പറയുക. എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ഏതെങ്കിലും അഭിമുഖത്തിൽ അദ്ദേഹത്തോട് ചോദിച്ചെന്ന് കരുതുക, മറ്റ് നടന്മാരെക്കുറിച്ച് ഞാൻ സംസാരിക്കില്ലെന്നോ മറ്റോ ആയിരിക്കും അദ്ദേഹത്തിന്റെ മറുപടി.' അച്ഛന്റെ ഈ നിലപാട് തനിക്ക് ഗുണമേ ഉണ്ടാക്കിയിട്ടുള്ളുവെന്നും സിനിമയിൽ സ്വന്തം ഇടം വെട്ടിത്തെളിക്കാൻ അത് സഹായിച്ചുവെന്നും പറയുന്നു ദുൽഖർ