അച്ഛന്റെ രാഷ്ട്രീയ ബാന്ധവത്തിന്റെ പേരിൽ തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവുമായി ഗോകുൽ സുരേഷ്. ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതിന്റെ പേരിലാണ് തനിക്കെതിരെ പ്രതികാര നടപടികൾ നടക്കുന്നതെന്നാണ് ഗോകുലിന്റെ ആരോപണം. സുരേഷ് ഗോപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതിനാൽ തന്റെ സിനിമ നിർമ്മാതാക്കൾ മനഃപൂർവം വൈകിപ്പിക്കുകയാണ് ചെയ്യുന്നത്. 'സായാഹ്ന വാർത്തകൾ' എന്ന സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയാണ് ഗോകുൽ ആരോപണം ഉന്നയിച്ചത്.
മകനെന്ന നിലയിലാണ് താൻ അച്ഛന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതെന്നാണ് ഗോകുൽ പറയുന്നത്. അല്ലാതെ, താൻ ബിജെപിക്കാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അച്ഛന് പതിനെട്ട് ദിവസമാണ് പ്രചരണം നടത്തിയത്. അതിൽ ആറ് ദിവസം മാത്രമാണ് ഞാൻ പങ്കെടുത്തത്. ഒരു മകൻ എന്ന നിലയിൽ അതിൽ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല. എന്നാൽ ഇതുകൊണ്ട് നിർമ്മാതാക്കൾ അറിഞ്ഞ് കൊണ്ട് അവരുടെ പ്രോജക്ട് നീട്ടി കൊണ്ട് പോവുകയാണെന്ന് ഗോകുൽ ആരോപിക്കുന്നു. ഈ ചിത്രത്തിലെ തന്റെ ലുക്കിന്റെ പൂർണതയ്ക്ക് വേണ്ടി മറ്റ് ചിത്രങ്ങളൊന്നും ഏറ്റെടുത്തില്ല.
എന്നാൽ നിർമ്മാതാക്കൾ ഈ ചിത്രം പാതി വഴിയിൽ ഉപേക്ഷിച്ച് മറ്റ് സിനിമകൾ പൂർത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ഗോകുൽ പറയുന്നു. അവരുടെ നീക്കങ്ങൾ തനിക്കെതിരെയാണെന്ന് സൂചനകൾ നൽകാതെ വളരെ സൂക്ഷ്മമായാണ് നിർമ്മാതാക്കളുടെ പ്രവർത്തനം എന്നാണ് താരം ആരോപിക്കുന്നു.
രാഷ്ട്രീയ പരിഹാസ ചിത്രമായിട്ടാണ് സായഹ്നാ വാർത്തകൾ ഒരുക്കുന്നത്. കേന്ദ്രം ഭരിക്കുന്നത് ബിജെപി ആയതിനാൽ ചിത്രം പരിഹസിക്കുന്നത് അവരെ തന്നെയാണ്. എന്നാൽ എന്റെ അച്ഛൻ ബിജെപിക്കാരനായിട്ടും പാർട്ടിയെ കളിയാക്കിയിട്ടും ഈ ചിത്രത്തിന്റെ ഭാഗമാകാനുള്ള മനസ് ഞാൻ കാണിച്ചു. ഇപ്പോഴും ഇതുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. അതേ പോലെ നിർമ്മാതാക്കളും പ്രൊഫഷണലായി പെരുമാറണം. എന്നാൽ അവർ എന്നെ അപകീർത്തിപ്പെടുത്തുകയാണ്. ഞാൻ പ്രൊഫഷണൽ അല്ലെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമം എന്നും ഗോകുൽ ആരോപിക്കുന്നു.
താൻ ഷൂട്ടിംഗിന് സഹകരിക്കുന്നില്ലെന്നാരോപിച്ച് നിർമ്മാതാക്കൾ തനിക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫ് കേരളയ്ക്ക് പരാതി നൽകിയെന്നും ഗോകുൽ പറയുന്നു. തന്റെ അച്ഛനുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ ഷൂട്ട് ചെയ്യാനുള്ള അനുവാദം വരെ വാങ്ങി നൽകിയെന്നും അത് താൻ സമർപ്പിച്ച് തന്റെ ഭാഗത്ത് തെറ്റില്ലെന്ന് തെളിയിക്കുകയായിരുന്നു എന്നുമാണ് ഗോകുൽ വാദിക്കുന്നത്. ഫിലിം പ്രൊഡ്യൂസേഴ്സുമായിട്ടുള്ള ചർച്ചകൾക്ക് ശേഷം ഈ മാസം പതിനാറിന് ബാക്കിയുള്ള മൂന്ന് ദിവസത്തെ ഷൂട്ടിങ് കൊൽക്കത്തയിൽ നിന്നും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒക്ടോബറോട് കൂടി ഈ സിനിമ തിയറ്ററുകളിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോകുൽ പറയുന്നു.