ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല് എന്ന സിനിമയിലൂടെയാണ് തുടക്കം. പ്രിയം എന്ന കുഞ്ചാക്കോ ബോബന് ചിത്രമാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലത്തും നിറഞ്ഞു നില്ക്കുന്ന ചിത്രം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നായികയായി മാറിയ മഞ്ജിമ മോഹന്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. താൻ യോഗ പരിശീലനം ആരംഭിച്ചു എന്നാണ് താരം ഇപ്പോൾ പറയുന്നത്.
താന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനം ഇതാണെന്ന് പറഞ്ഞു കൊണ്ടാണ് മഞ്ജിമ ചിത്രങ്ങള്‍ പങ്കുവച്ചത്. ‘താര മാഡത്തിന്റെ കീഴില്‍ കഴിഞ്ഞ ഒരു മാസമായി ഞാന്‍ യോഗ പരിശീലിക്കുകയാണ്. ഞാന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും മികച്ച തീരുമാനമാണ് ഇത്. യോഗ ശരീര ഭാരം കുറയ്ക്കുന്നത് മാത്രമല്ല, ജീവിതത്തിലേക്കുള്ള വഴി കൂടെയാണ്. ആസനങ്ങളും മെഡിറ്റേഷനും മാത്രമല്ല, അതിലൊക്കെ ഒരുപാട് കാര്യങ്ങള്‍ നമ്മളെ പഠിപ്പിയ്ക്കുന്നുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ യോഗ ചെയ്യാന്‍ പ്രേരിപ്പിയ്ക്കുന്ന ടീച്ചര്‍ക്ക് നന്ദി എന്നാണ് മഞ്ജിമയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.
തടി കൂടിയതിന്റെ പേരില്‍ പല പ്രാവശ്യം തഴയപ്പെട്ട നടിയാണ് മഞ്ജിമ. പലപ്പോഴും തടി കൂടി എന്ന കാരണം പറഞ്ഞ് തമിഴ് സിനിമാ ലോകത്ത് നിന്ന് അവസാന നിമിഷം തന്നെ പുറത്താക്കിയിട്ടുണ്ട് എന്ന് മഞ്ജിമ തന്നെ തുറന്ന് പറഞ്ഞിരുന്നു. മഞ്ജിമയ്ക്ക് സിനിമകളില്‍ അവസരം കുറയാന്‍ കാരണം പ്രായത്തില്‍ കവിഞ്ഞ ശരീര വണ്ണമാണെന്നും ഗോസിപ്പുകള്‍ ഒരുവേള ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.