ബാലതാരമായി വന്ന് നായികയായി വളര്‍ന്ന നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍ എന്ന സിനിമയിലൂടെയാണ് തുടക്കം. പ്രിയം എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് മലയാളി പ്രേക്ഷകരുടെ മനസില്‍ എക്കാലത്തും നിറഞ്ഞു നില്‍ക്കുന്ന ചിത്രം. തുടര്‍ന്നങ്ങോട്ട് ഒട്ടേറെ സിനിമകളില്‍ ബാലതാരമായി. ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയിലൂടെ നായികയായി മാറിയ മഞ്ജിമ മോഹന്‍ പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഒരു അപകടത്തെത്തുടര്‍ന്ന്, കാലിനു പരുക്കേറ്റ് കുറേകാലം സ്വയം നടക്കാനാകാത്ത അവസ്ഥയിലായിരുന്നു മഞ്ജിമ. താരം ശസ്ത്രക്രിയയ്ക്കും വിധേയയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ ഇരുള്‍മൂടിയ ആ നാളുകളിലെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. വാക്കര്‍ ഉപയോഗിച്ച് നടന്നിരുന്ന ആ ദിനങ്ങളുടെ ചിത്രങ്ങളും അതിജീവനത്തിന്റെ കുറിപ്പും താരം പങ്കുവച്ചു.
സ്വന്തം കാലില്‍ ഉടനെയൊന്നും നടക്കാനാകില്ലെന്ന് ചിന്തിച്ചിരുന്നെന്നും പ്രതിസന്ധി ഘട്ടങ്ങളില്‍ സ്വയം വിശ്വസിക്കുകയാണ് വേണ്ടതെന്നും താരം കുറിക്കുന്നു. 'സ്വന്തം കാലില്‍ നടക്കുകയെന്ന യാഥാര്‍ഥ്യം വളരെ അകലയാണെന്ന് ചിന്തിച്ചിരുന്ന ദിവസങ്ങള്‍. ഒരു കാര്യം പ്രധാനമാണെന്ന് ഈ ഘട്ടങ്ങള്‍ എന്നെ പഠിപ്പിച്ചു. നിങ്ങളില്‍ തന്നെ വിശ്വസിക്കുക. ഒരുപാട് ഘട്ടങ്ങളെ തരണം ചെയ്തു, ഇനി വരുന്നതും തരണം ചെയ്യും'.- മഞ്ജിമ പറയുന്നു.
ഒരു വടക്കന്‍ സെല്‍ഫി' ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായ മഞ്ജിമ പിന്നീട് തമിഴിലേക്ക് ചേക്കേറി. 'അച്ചം എന്‍മ്പത് മദമയെടാ' എന്ന ചിത്രത്തില്‍ ചിമ്പുവിന്റെ നായികയായിട്ടായിരുന്നു തമിഴിലെ അരങ്ങേറ്റം. എന്നാല്‍ ചിത്രം വേണ്ടത്ര വിജയം നേടിയില്ല. അതേത്തുടര്‍ന്ന് 'സത്തിരിയന്‍', 'ഇപ്പടൈ വെല്ലും', ദേവരാട്ടം' എന്നീ ചിത്രങ്ങളിലും വേഷമിട്ട മഞ്ജിമ എന്‍ടിആര്‍ ജീവ ചരിത്രം പറയുന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചു.
2019ല്‍ നിവിന്‍ പോളി നായകനായ മിഖായേലിലൂടെയാണ് മഞ്ജിമ നാല് വര്‍ഷത്തോളം നീണ്ട ഇടവേളക്കൊടുവില്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. 2021ല്‍ പുറത്തിറങ്ങിയ കളത്തില്‍ സന്തിപ്പോം എന്ന തമിഴ് ചിത്രത്തിലും മഞ്ജിമ അഭിനയിച്ചു. കങ്കണ റണാവത്ത് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'ക്വീനി'ന്റെ മലയാളം പതിപ്പായ 'സംസം' ആണ് മഞ്ജിമയുടെ അടുത്ത മലയാളം റിലീസ്. തുഗ്ലക് ദര്‍ബാര്‍, എഫ്‌ഐആര്‍, ഒക്ടോബര്‍ 31 ലേഡീസ് നൈറ്റ് എന്നിവയാണ് മഞ്ജിമയുടെ പുറത്തിറങ്ങാനുള്ള തമിഴ് ചിത്രങ്ങങള്‍.
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകളാണ് മഞ്ജിമ മോഹന്‍.ഗണിതശാസ്ത്രത്തില്‍ മഞ്ജിമ മോഹന്‍ ബിരുദം നേടിയിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും മഞ്ജിമ മോഹന്‍ നായികയായിട്ടുണ്ട്.