മമ്മൂട്ടിയെ അറിയാത്ത ഒരു വൃദ്ധന്‍ തന്നെയും ഗര്‍ഭിണിയായ പേരക്കുട്ടിയെയും കാറില്‍ കയറ്റിതിന് താരത്തിന് രണ്ടുരൂപ കൊടുത്ത കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. താരത്തിന്റെ അനുഭവകുറിപ്പ് ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ്് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നേരിട്ട ചോദ്യം. ആ ചോദ്യത്തിനൊപ്പം ഉള്ളുലച്ച ഒരനുഭവത്തിന് കൂടി സാക്ഷിയാകുകയായിരുന്നു മമ്മൂട്ടി.
പണ്ടൊരു പുസ്്തകത്തിനായാണ് മമ്മൂക്ക തന്റെ ജീവിതത്തിലെ അനുഭവം കുറിപ്പായി എഴുതിയത്. വര്‍ഷങ്ങള്‍ക്കു ശേഷം താരത്തിന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാകാത്ത ആ അനുഭവത്തെക്കുറിച്ച് നസീല്‍ വോയിസിയാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം കുറിപ്പ് വൈറല്‍ ആകുകയായിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
ന്താ പേര്?
മമ്മൂട്ടീന്നാ...
കോഴിക്കോട് നിന്ന് മഞ്ചേരിയിലേക്കാണ് യാത്ര. സമയം രാത്രി രണ്ടു മണി കഴിഞ്ഞിട്ടുണ്ട്. നേരിയ നിലാവുണ്ടായിരുന്നു. റോഡൊക്കെ വിജനമായിക്കിടക്കുന്നതു കൊണ്ട് നല്ല സ്പീഡിലാണ് ഡ്രൈവ്. പുതിയതായി വാങ്ങിയ കാറ് ഓടിക്കുന്ന ത്രില്ല് വേറെയും.
ഏതോ ഒരങ്ങാടിയുടെ വെളിച്ചം കഴിഞ്ഞ് ഒഴിഞ്ഞ റോഡില്‍ കാറ് പറപറക്കുകയാണ്. ഒരു കലുങ്കിന്റെ അടുത്തെത്തിയപ്പോള്‍ പെട്ടെന്ന് ഒരു വൃദ്ധന്‍ കാറിനു മുന്നിലേക്കിറങ്ങി കൈകാണിച്ചു. ആ നേരത്ത് അങ്ങനെ ഒരാള്‍ മുന്നിലേക്ക് വരുന്നത് പ്രതീക്ഷിക്കില്ലല്ലോ. ഞാന്‍ പെട്ടെന്ന് വണ്ടി ഇടത്തോട്ടു വെട്ടിച്ചു. റോഡില്‍ നിന്നും പുറത്തേക്കിറങ്ങാതിരിക്കാന്‍ വീണ്ടും വലത്തോട്ടു വെട്ടിച്ചു ബ്രേക്കിട്ടു. വണ്ടി ആടിയുലഞ്ഞ് കുറച്ച് മുന്നില്‍ പോയാണ് നിന്നത്. രാത്രിയായതുകൊണ്ട് ബ്രേക്കിട്ട ശബ്ദം ദൂരെയൊക്കെ കേട്ടുകാണും. കാറില്‍ നിന്നിറങ്ങി. ഭാഗ്യത്തിന് അയാള്‍ക്കൊന്നും പറ്റിയില്ല. മനസ്സിലെ ദേഷ്യം പറയാനൊരുങ്ങിയപ്പോഴാണ് അയാള്‍ കലുങ്കിന്റെ അടുത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചത്. ഒരു പെണ്‍കുട്ടി ക്ഷീണിച്ചുകിടക്കുന്നു. വേദന കടിച്ചുപിടിക്കുന്നതിന്റെ ഞരക്കം കേള്‍ക്കാം.
'കുട്ടിക്ക് പള്ളേല്ണ്ട്. വേദന തൊടങ്ങീന്നാ തോന്നണത്. ആസ്പത്രീല് കൊണ്ടോവാന്‍ സഹായിക്കണം.ങ്ങളെ പടച്ചോന്‍ തൊണയ്ക്കും' - ആ വൃദ്ധന്‍ കിതപ്പിനിടയില്‍ പറഞ്ഞൊപ്പിക്കാന്‍ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
മനസ്സിലെ ദേഷ്യമൊക്കെ അലിഞ്ഞില്ലാതായി. അവരെയും കയറ്റി ആശുപത്രിയിലേക്ക് കാറോടിച്ചു. പറപ്പിച്ചു എന്ന് പറയുന്നതാവും ശരി. ആ കുട്ടിയുടെ കരച്ചില്‍ കേട്ടുനില്‍ക്കാന്‍ കഴിയില്ലായിരുന്നു. വൃദ്ധന് എഴുപതിലേറെ വയസ്സുണ്ടാവും. പെണ്‍കുട്ടിക്ക് ഇരുപതിനടുത്തും. സംസാരത്തിനിടയില്‍ അതയാളുടെ പേരകുട്ടിയാണെന്നു മനസ്സിലായി.
മഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയോട് ചേര്‍ത്ത് വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് കാഷ്വാല്‍റ്റിയില്‍ നിന്നും നാലഞ്ചുപേര്‍ ഓടിവന്നു. ആ വൃദ്ധന്‍ എന്തോ പറഞ്ഞതു കേട്ട് അവര്‍ കുട്ടിയെ പുറത്തിറക്കി അകത്തേക്കു കൊണ്ടുപോയി. ആ അരണ്ട വെളിച്ചത്തിലും തിരക്കിലും എന്നെയാരും ശ്രദ്ധിച്ചിരുന്നില്ല. ഞാന്‍ വണ്ടി തിരിക്കുന്നതിനിടെ അദ്ദേഹം എന്റെയടുത്തേക്കു വന്നു.
'വെല്യ ഉപകാരായി. പടച്ചോന്റെ കൃപ. ന്താ പേര്?'
'മമ്മൂട്ടീന്നാ'
പേര് പറഞ്ഞിട്ടും അയാളെന്നെ തിരിച്ചറിഞ്ഞില്ല. എവിടെയോ കണ്ട് പരിചയമുള്ള മുഖമാണെന്നുപോലും അയാള്‍ക്കു തോന്നിയില്ല.
'ന്താ പരിപാടി?' ഞാന്‍ ചോദിച്ചു.
'ചൊമടാ. മോളെ കുട്ട്യാണ്. ബാപ്പല്ല' അയാള്‍ മുണ്ടിന്റെ കോന്തലയില്‍ നിന്ന് എടുത്തൊരു കടലാസ്സ് എനിക്കു തന്നു.
'ഒരു സന്തോഷാന്ന് കരുത്യാ മതി' - അത് പറഞ്ഞ് പെട്ടന്ന് അകത്തേക്ക് പോയി.
ചുക്കിച്ചുളുങ്ങിയൊരു രണ്ടു രൂപയായിരുന്നു അത്. എന്തിനു തന്നുവെന്ന് എനിക്കിപ്പോഴുമറിയില്ല. ഒരുപക്ഷെ രണ്ടുപേരുടെ ബസ്സ്‌കൂലിയായിരിക്കണം.
കൂലിയുടെ വില നോട്ടില്‍ മാത്രമല്ല, അതു കൊടുക്കുന്നവരുടെ മനസ്സിന്റെ തെളിച്ചത്തില്‍ കൂടിയാണെന്നു പഠിപ്പിച്ച ആ മനുഷ്യനെയും രണ്ടുരൂപയും ഞാനിന്നുമോര്‍ക്കാറുണ്ട്.