Latest News

വിവാദം കൊഴുത്തതോടെ സെന്‍സര്‍ ബോര്‍ഡ് വടിയെടുത്തു; സമ്മര്‍ദ്ദത്തിന് വഴങ്ങി പൃഥ്വിരാജ്; ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്‍കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴും: ഇനി സിനിമാപ്രേമികള്‍ കാണുക ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കും

Malayalilife
 വിവാദം കൊഴുത്തതോടെ സെന്‍സര്‍ ബോര്‍ഡ് വടിയെടുത്തു; സമ്മര്‍ദ്ദത്തിന് വഴങ്ങി പൃഥ്വിരാജ്; ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്‍കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴും: ഇനി സിനിമാപ്രേമികള്‍ കാണുക ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കും

എമ്പുരാനിലെ വിവാദങ്ങള്‍ തീരും. സിനിമ വീണ്ടും സെന്‍സര്‍ ചെയ്യും. ശൂലത്തില്‍ തീരുന്ന ഗര്‍ഭിണിയുടെ സീനടക്കം ഒഴിവാക്കും. ഇന്ന് തന്നെ സെന്‍സര്‍ നടക്കുമെന്നാണ് സൂചന. വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനം. സംവിധായകന്‍ പൃഥ്വിരാജും ഇതിന് വഴങ്ങിയിട്ടുണ്ട്. മോഹന്‍ലാലിന്റെ കടുത്ത നിലപാടുകളും ഇതിന് കാരണമായി. പ്രിവ്യൂ ഷോ പോലും മോഹന്‍ലാല്‍ കണ്ടിരുന്നില്ല. മുമ്പത്തെ സ്‌ക്രിപ്പിറ്റില്‍ ചില എഡിറ്റിങ്ങും സംഭവിച്ചു. 

ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം സംഘപരിവാര്‍ കോണുകളില്‍ നിന്നും ഉയര്‍ന്നു. ബിജെപിയെ അപാനിക്കാനാണ് ശ്രമിച്ചതെന്നാണ് ആക്ഷേപം. ഇത് മോഹന്‍ലാലിനും അലോസരപ്പെടുത്തിയിരുന്നു. ഇതിനിടെ ഇടത്- സംഘപരിവാര്‍ അനുകൂലികള്‍ തമ്മില്‍ സൈബര്‍പ്പോരും ഉയര്‍ന്നിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്പരം ആക്രമിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യം എല്ലാം കണക്കിലെടുത്താണ് സിനിമ വീണ്ടും സെന്‍സര്‍ ചെയ്യുന്നത്. 

കേരളത്തിന് പുറത്ത് വിജയിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. 225 കോടിയോളമായിരുന്നു എമ്പുരാന്റെ ചെലവ്. മലയാളത്തില്‍ നിന്നും 100 കോടി മാത്രമേ പരമാവധി നിര്‍മ്മാതാവിന് കിട്ടൂ. അതുകൊണ്ട് തന്നെ ഉത്തരേന്ത്യയില്‍ അടക്കം സിനിമ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് സെന്‍സര്‍ വീണ്ടും ചെയ്യുന്നത്. ആകെ രണ്ട് കട്ട് മാത്രം നടത്തി അനുമതി നല്‍കിയ എമ്പുരാന്റെ മേല്‍ ഇനിയും കത്തിവീഴുമെന്ന് ഉറപ്പാണ്. ഇനി സിനിമാപ്രേമികള്‍ കാണുക സെന്‍സര്‍ ചെയ്ത പുതിയ വെര്‍ഷനാകും.

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സൈബര്‍ ആക്രമണം രൂക്ഷമായിരുന്നു. ഗുജറാത്തില്‍ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് ബിനീഷ് കോടിയേരിയുടേതായി വന്ന അഭിപ്രായ പ്രകടനമാണ് സിനിമയെ രാഷ്ട്രീയ ചര്‍ച്ചയാക്കിയത്. 2002ല്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും സിനിമ വ്യക്തമായി കാണിച്ചുതരുന്നു. ഫാസിസം കുഴിച്ചുമൂടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണ് സിനിമ മറനീക്കി കൊണ്ടുവരുന്നതെന്നും സമൂഹമാധ്യമങ്ങളിലെ ചില കുറിപ്പുകളില്‍ പറയുന്നുണ്ട്. 

എന്നാല്‍ ഇതിന് പിന്നാലെ വ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി പരിവാറുകാരെത്തിയത്. നിരവധി സംഘ്പരിവാര്‍ അനുകൂല വ്യക്തികള്‍ എംപുരാന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചും നടന്മാര്‍ക്കെതിരെ അധിക്ഷേപം നടത്തുന്നുണ്ട്. ഹിന്ദുത്വനേതാവ് പ്രതീഷ് വിശ്വനാഥ്, ബിജെപി പ്രവര്‍ത്തക ലസിത പാലക്കല്‍ അടക്കമുള്ളവര്‍ പൃഥ്വിരാജിനെതിരെ സോഷ്യല്‍മീഡിയയില്‍ കുറിപ്പുമായി രംഗത്തെത്തുകയും ചെയ്തു. 

ആര്‍ എസ് എസിന്റെ ദേശീയ നേതാവ് ജെ നന്ദകുമാറും സിനിമയ്ക്കെതിരെ പ്രതികരിച്ചു. ഒന്നും മോഹന്‍ലാല്‍ അറഞ്ഞല്ലെന്ന് മുതിര്‍ന്ന ആര്‍ എസ് എസ് പ്രചാരകന്‍ എ ജയകുമാറിന്റെ വിശദീകരണവും എത്തി. മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും പോസ്റ്റുകള്‍ക്ക് താഴെയും അധിക്ഷേപ പരാമര്‍ശങ്ങളുണ്ട്. ചിത്രം തിയറ്ററുകളില്‍ എത്തിയതിന് പിന്നാലെ 'താങ്ക്യൂ ഓള്‍' എന്ന ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു സൈബര്‍ ആക്രമണം. ഈ സാഹചര്യത്തിലാണ് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുന്നത്.

എമ്പുരാന്‍ സിനിമയുടെ സ്‌ക്രീനിങ് കമ്മിറ്റിയിലുള്ള ആര്‍.എസ്.എസ്. നോമിനികള്‍ക്ക് വിഴ്ചയുണ്ടായതായി ബി.ജെ.പി. കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയരുകയും ചെയ്തു. ബി.ജെ.പിയുടെ സാംസ്‌കാരികസംഘടനയായ തപസ്യയുടെ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അടക്കം നാലുപേരാണ് സ്‌ക്രീനിങ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയം ചര്‍ച്ചക്കെത്തിയപ്പോള്‍ എമ്പുരാനെതിരായ പ്രചാരണം ബി.ജെ.പി. നടത്തേണ്ടതില്ല എന്നാണ് കോര്‍ കമ്മിറ്റിയില്‍ നിലപാട്. അതേസമയം എമ്പുരാന്റെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നതല്ല തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി. 

സെന്‍സര്‍ ബോര്‍ഡിന് മുന്‍പാകെ വന്നപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ലേ എന്ന ചോദ്യം വിഷയം ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. സെന്‍സര്‍ ബോര്‍ഡിലുണ്ടായിരുന്ന ബി.ജെ.പി അംഗങ്ങളുടെ കാലാവധി നവംബറില്‍ അവസാനിച്ചതായും ബി.ജെ.പിയുടെ നോമിനികള്‍ സെന്‍സര്‍ ബോര്‍ഡില്‍ ഇല്ലെന്നും കെ. സുരേന്ദ്രന്‍ വിശദീകരിച്ചു. ഈ വിഴ്ചക്കെതിരേ സംഘടനാതല നടപടിയുണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖര്‍ സൂചിപ്പിച്ചു.

പൃഥ്വിരാജ്-മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം വൈകാതെ താന്‍ സിനിമ കാണുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് സിനിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം ഉയര്‍ന്നത്. മോഹന്‍ലാല്‍ തന്റെ നല്ല സുഹൃത്താണെന്നും അതിനാലാണ് വിജയാശംസ നേര്‍ന്നതെന്നുമാണ് രാജീവ് ചന്ദ്രശേഖരന്‍ നല്‍കിയിരിക്കുന്ന വിശദീകരണം. സിനിമയുടെ ഉള്ളടക്കത്തെയല്ല താന്‍ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാവായ ജെ. നന്ദകുമാര്‍ അടക്കം ഫെയ്‌സ്ബുക്കിലൂടെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. 

സിനിമയെ സിനിമയായി കണ്ടാല്‍ മതിയെന്നും മറ്റൊരു രീതിയില്‍ കാണേണ്ടതില്ലെന്നും സിനിമയുടെ ബഹിഷ്‌കരണം പോലുള്ള നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നും എം.ടി. രമേശ് അഭിപ്രായപ്പെട്ടിരുന്നു. ബോക്സ്ഓഫിസില്‍ ചരിത്രമായി 'എമ്പുരാന്‍' എന്നാണ് മോഹന്‍ലാലിന്റെ അവകാശ വാദം. 48 മണിക്കൂറിനുള്ളില്‍ നൂറ് കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ് ചിത്രം. സിനിമ 100 കോടി ക്ലബ്ബിലെത്തിയ വിവരം നടന്‍ മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ആഗോള തലത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി എമ്പുരാന്‍ മാറി. വിദേശത്തും ചിത്രം റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ചു. ഓവര്‍സീസ് കളക്ഷന്‍ ബോളിവുഡ് സിനിമകള്‍ക്കു ലഭിക്കുന്നതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിങ് ആണ് എമ്പുരാന്‍ നേടിയത്. യുകെയിലും ന്യൂസിലാന്‍ഡിലുമെല്ലാം ഏറ്റവുമധികം ഓപ്പണിങ് കളക്ഷന്‍ നേടിയ ഇന്ത്യന്‍ സിനിമയെന്ന നേട്ടവും എമ്പുരാന്‍ നേടി. അഡ്വാന്‍സ് ബുക്കിങിലൂടെ തന്നെ ചിത്രം ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. 

മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായ ലൂസിഫറിന്റെ രണ്ടാം ഭാഗം ആയി മാറിയ എമ്പുരാന്‍, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രീ-റിലീസ് ഹൈപ്പ് നേടിയ ചിത്രം കൂടിയാണ്. അതേസമയം മോഹന്‍ലാല്‍- പൃഥ്വിരാജ് സുകുമാരന്‍ സിനിമ' എമ്പുരാന്‍' തിയേറ്ററുകളില്‍ എത്തി മണിക്കൂറുകള്‍ക്കകം ഓണ്‍ലൈനില്‍ ചോരുകയും ചെയ്തിരുന്നു.

Read more topics: # എമ്പുരാന്‍
empuraan bjp censorship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES