പ്രേക്ഷകരുടെ ആവേശത്തെത്തുടര്‍ന്ന് റിലീസിന് ശേഷവും 130-ത്തിലധികം അധിക ഷോകളോടെ മുന്നേറുകയാണ് സൂപ്പര്‍ഹീറോ ചിത്രം 'ലോക: ചാപ്റ്റര്‍ 1: ചന്ദ്ര'. മികച്ച പ്രതികരണങ്ങള്‍ നേടിക്കൊണ്ട് ചിത്രം വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങ് അബുദാബിയിലെ 369 സിനിമാസില്‍ നടന്നു. നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്‍, നായിക കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍, നടന്‍ ടൊവിനോ തോമസ് എന്നിവരും പ്രദര്‍ശനത്തില്‍ പങ്കെടുത്തു.
താരങ്ങളെ നേരില്‍ കാണാനായ പ്രേക്ഷകര്‍ വലിയ ആവേശത്തോടെയാണ് തിയേറ്ററുകളില്‍ എത്തിയിരുന്നത്. പ്രേക്ഷകരോടൊപ്പം ചിത്രം കണ്ട ദുല്‍ഖര്‍ സന്തോഷം മറച്ചുവെക്കാതെ പ്രതികരിച്ചു. 'നിങ്ങള്‍ ഇത്രയും ഇഷ്ടപ്പെടുമെന്ന് വിചാരിച്ചില്ല. ചെറിയൊരു സ്വപ്‌നമായിരുന്നു ഇത്. മുഴുവന്‍ ക്രെഡിറ്റും ടീമിനാണ്. ഞാന്‍ വെറും ഭാഗ്യവാനായ നിര്‍മാതാവ് മാത്രമാണ്,' ദുല്‍ഖര്‍ പറഞ്ഞു.
ടൊവിനോ തോമസും തന്റെ ആവേശം പങ്കുവെച്ചു. 'ഞാന്‍ നായകനായ ചിത്രം വിജയിച്ചതുപോലെ സന്തോഷമുണ്ട്. 'ലോക'യില്‍ പ്രവര്‍ത്തിച്ചവരെല്ലാം അത്രയും ആവശ്യമുള്ളവരാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താരങ്ങളുടെ വാക്കുകള്‍ കൈയടികളോടെ പ്രേക്ഷകര്‍ സ്വീകരിച്ചു.
സൂപ്പര്‍ഹീറോ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ചിത്രം എന്ന നിലയില്‍ 'ചന്ദ്ര' ശ്രദ്ധ നേടുകയാണ്. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ഹീറോയായ ചന്ദ്രയായി എത്തുന്ന ചിത്രത്തില്‍ നസ്ലെന്‍ സണ്ണിയായി, സാന്‍ഡി ഇന്‍സ്‌പെക്ടര്‍ നാച്ചിയപ്പ ഗൗഡയായി, അരുണ്‍ കുര്യന്‍ നൈജിലായി അഭിനയിക്കുന്നു. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.