അടുത്തിടെയാണ് വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കറിലൂടെ മലയാളി താരം ദുല്‍ഖര്‍ സല്‍മാന്‍ തെലങ്കാന സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ആണ് ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയെടുത്തത്.
ഗദ്ദര്‍ അവാര്‍ഡ് എന്ന പേരില്‍ നല്‍കപ്പെടുന്ന തെലങ്കാന സംസ്ഥാന അവാര്‍ഡുകള്‍ 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഖ്യാപിച്ചത്. 2024 ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രങ്ങള്‍ക്കായുള്ള പുരസ്‌കാരങ്ങളില്‍ നാലെണ്ണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്‌ക്കര്‍ സ്വന്തമാക്കിയത്.
ഇപ്പോഴിതാ അവാര്‍ഡ് ദാന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറാലായിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ തന്റെ തെലുങ്ക് ആരാധകരോട് നന്ദി അറിയിക്കുകയാണ് ദുല്‍ഖര്‍
ദുല്‍ഖറിന്റെ കുറിപ്പ്..... 'തെലുങ്ക് സിനിമയിലെ എന്റെ യാത്ര അസാധാരണമാണ്. ഏറ്റവും നല്ല കഥകള്‍ പറയുന്ന ഏറ്റവും അത്ഭുതകരമായ ടീമുകളെ കണ്ടെത്താന്‍ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഈ വേഷങ്ങള്‍ ലഭിക്കാനുള്ള ഭാഗ്യം എനിക്കുണ്ട്. ഞാന്‍ അഭിനയിച്ച ഓരോ സിനിമയും അംഗീകരിക്കപ്പെടുന്നത് കാണുന്നതും, മിക്കവാറും എല്ലാവരും അവരവരുടെ വര്‍ഷങ്ങളില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്നത് കാണുന്നത് സന്തോഷമാണ്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയിക്കും, തെലങ്കാന സര്‍ക്കാരിനും, ബഹുമാനപ്പെട്ട ജൂറിക്കും, ഓരോ സിനിമയിലെയും എന്റെ ഒപ്പം പ്രവര്‍ത്തിച്ചവര്‍ക്കും തെലുങ്ക് സിനിമയെ സ്നേഹിക്കുന്നവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി. ഈ സ്വീകാര്യതയ്ക്കും, ഈ അംഗീകാരത്തിനും, അഭിനന്ദനത്തിനും നന്ദി. നിര്‍ഭാഗ്യവശാല്‍ എനിക്ക് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എനിക്ക് അത് വലിയ നഷ്ടമാണ്,' ദുല്‍ഖര്‍ പറഞ്ഞു.