ചിയാന്‍ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ധ്രുവനച്ചത്തിരം'. സിനിമയുടെ റിലീസ് തീയതി പല തവണയായി മാറ്റിവെച്ചിരുന്നു. 2016 ല്‍ ഷൂട്ടിങ് ആരംഭിച്ച സിനിമക്ക് ഇതുവരെ പ്രേക്ഷകരുടെ മുന്നിലെത്താനായിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനുള്ള അനുമതി നല്‍കിയിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.
ചിത്രം ജൂണ്‍ 15 ന് മുന്‍പ് റിലീസ് ചെയ്യണം എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി ഉത്തരവിന് പിന്നാലെ പങ്ക് വച്ച കുറിപ്പില്‍ ഗൗതം മേനോന്‍ തന്റെ കരിയര്‍ നശിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് വെളിപ്പെടുത്തി.
'എന്റെ കരിയര്‍ നശിപ്പിക്കാനും നൂറിലധികം പേരുടെ അധ്വാനമായ എന്റെ സിനിമ പുറത്തിറങ്ങുന്നത് തടയാനും ചിലര്‍ ശ്രമിച്ചു. മറ്റൊരു മനുഷ്യന്‍, എന്റെ അഭിഭാഷകന്‍, അബ്ദുല്‍ ഹമീദ് മുന്നിലൊരു വഴിയുണ്ടെന്ന് ആശ്വസിപ്പിക്കുകയും എന്നെ അതിലേക്ക് നയിക്കുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ടൊരാളായ ബഹുമാനപ്പെട്ട ജസ്റ്റിസ് സെന്തില്‍ കുമാര്‍ രാമമൂര്‍ത്തി എനിക്കായി വഴി തെളിയിക്കുകയും ഒടുവില്‍ അതിന്റെയറ്റത്ത് വെളിച്ചം കാട്ടുകയും ചെയ്തു. വളരേ വിരളമായി മാത്രം സംഘടിതവും ചിട്ടവട്ടങ്ങളുമുള്ളതുമായ ഫ..ണ്ടുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡസ്ട്രിയില്‍, റിലീസ് കാത്തിരിക്കുന്ന ഏതൊരു സിനിമയ്ക്കും ധ്രുവ നക്ഷത്രം റിലീസ് ചെയ്യാന്‍ നിര്‍ദേശിച്ചുള്ള സുപ്രധാനഉത്തരവ് സഹായകമാവും. ഇനിയങ്ങോട്ട് ഉയര്‍ച്ച മാത്രം', എന്നായിരുന്നു ഗൗതം മേനോന്‍ കുറിച്ചത്.
നിലവില്‍ ചിത്രത്തിന്റെ റിലീസ് തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. ചിത്രത്തില്‍ ജോണ്‍ എന്ന രഹസ്യാന്വേഷണ ഏജന്റായിട്ടാണ് വിക്രം വേഷമിടുന്നത്.ചിയാനൊപ്പം വിനായകനും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഋതു വര്‍മ്മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, രാധിക ശരത്കുമാര്‍, ദിവ്യദര്‍ശിനി, മുന്ന സൈമണ്‍, സതീഷ് കൃഷ്ണന്‍, വംശി കൃഷ്ണ, സലിം ബെയ്ഗ് എന്നിവരടങ്ങുന്ന വമ്പന്‍ താരനിരയാണ് വിക്രത്തിനൊപ്പം ധ്രുവനച്ചത്തിരത്തില്‍ വേഷമിടുന്നത്.