ടെലിവിഷന്‍ ഷോകളിലും സ്റ്റേജുകളിലും ഒട്ടേറെ തവണ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ജനപ്രിയ കൂട്ടുകെട്ടാണ് രമേഷ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും. വര്‍ഷങ്ങളായുള്ള തങ്ങളുടെ ആഴമേറിയ സൗഹൃദത്തെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ഇരുവരും എപ്പോഴും തുറന്നുപറയാറുമുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ രമേഷ് പിഷാരടി യുഡിഎഫ് എംഎല്‍എ ആയി വിജയിച്ചു കയറിയതിന്റെ സന്തോഷത്തിലാണ് ധര്‍മ്മജന്‍ ഇപ്പോള്‍. തനിക്ക് ഇപ്പോള്‍ 'എടാ, പോടാ' എന്ന് വിളിച്ച് സംസാരിക്കാന്‍ ഒരു എംഎല്‍എയെ ലഭിച്ചെന്നാണ് ധര്‍മ്മജന്‍ നര്‍മ്മം കലര്‍ത്തി പറയുന്നത്.
നടന്‍ ബിബിന്‍ ജോര്‍ജിന്റെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു പിഷാരടിയെക്കുറിച്ച് ധര്‍മ്മജന്‍ വാചാലനായത്. 'ഞങ്ങളില്‍ ആദ്യമായിട്ട് നിയമസഭയിലേക്ക് മത്സരിച്ചത് ഞാനാണ്. പക്ഷേ എംഎല്‍എ ആയത് പിഷാരടി ആണെന്ന് മാത്രമേയുള്ളൂ. നമുക്ക് എടാ പോടാ എന്ന് വിളിച്ച് സംസാരിക്കാന്‍ ഒരു എംഎല്‍എയെ കിട്ടിയല്ലോ, അതൊക്കെ വലിയ കാര്യം തന്നെയാണ്. ഞാന്‍ എപ്പോഴും പറയാറുള്ളതുപോലെ, എന്റെ ഭാര്യയുടെ കൂടെ കിടക്കുന്നതിനേക്കാള്‍ കൂടുതല്‍ ദിവസം ഞാന്‍ അവന്റെ കൂടെയാണ് കിടന്നിട്ടുള്ളത്,' ധര്‍മ്മജന്‍ പറഞ്ഞു. രമേഷ് പിഷാരടി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ പൂര്‍ണ്ണ പിന്തുണയുമായി ധര്‍മ്മജന്‍ ഒപ്പമുണ്ടായിരുന്നു.
'സിനിമ ബന്ധം വെച്ച് എനിക്ക് ആരുടെയും വോട്ട് വേണ്ടെന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. നന്മയുള്ള, ആത്മാര്‍ത്ഥതയുള്ള, ദീര്‍ഘവീക്ഷണമുള്ള രമേശ് പിഷാരടിയാകട്ടെ പാലക്കാടിന്റെ നായകന്‍,' എന്നായിരുന്നു പ്രചാരണ വേളയില്‍ ധര്‍മ്മജന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്. പിഷാരടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു കയറിയപ്പോള്‍ 'തൂക്കി' എന്ന ഒറ്റവാക്കിലാണ് ധര്‍മ്മജന്‍ തന്റെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഒപ്പം തങ്ങളുടെ പഴയകാല ഓര്‍മ്മച്ചിത്രങ്ങളും ധര്‍മ്മജന്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു.