ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് ഛപാക്. ദീപിക പദുകോണ്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മേഘ്‌ന ഗുല്‍സാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മേക്കിങ് വീഡിയോയ്ക്കുമൊക്കെ മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ദീപികയുടെ മേക്കോവറും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ, യൂണിഫോം അണിഞ്ഞ് നില്‍ക്കുന്ന ദീപികയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോമില്‍ ബാഗും ചുമലിലിട്ട് നില്‍ക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
മലാതി എന്ന കഥാപാത്രമായിട്ടാണ് ദീപിക പുക്കോണ്‍ ചിത്രത്തിലുള്ളത്. ദീപികയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും ഛപാക്കിലേത് എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. വിക്രാനത് മസ്സെയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നത്. അതിക ചൊഹാനും മേഘ്‌ന ഗുല്‍സാറുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
വിക്രാന്ത് മാസ്സിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ 'റാസി' എന്ന ചിത്രത്തിനു ശേഷം മേഖ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഛപാക്'. 2020 ജനുവരി 10 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.
പതിനഞ്ചാം വയസിലാണ് വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ലക്ഷ്മി അഗര്‍വാളിന് നേരെ ആസിഡ് ആക്രമണമുണ്ടായത്. ഇതേ തുടര്‍ന്ന് നിരവധി ശസ്ത്രക്രിയയ്ക്കും ലക്ഷ്മി വിധേയമായി. എന്നാല്‍ പിന്നീടുള്ള ലക്ഷ്മിയുടെ ജീവിതം ആസിഡ് ആക്രമണത്തിന് ഇരയാകുന്നവര്‍ക്കു വേണ്ടിയായിരുന്നു. ആസിഡ് ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട് ലക്ഷ്മി . 2014-ല്‍ യുണൈറ്റഡ് സ്റ്റേറ്റില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മിയെ തേടിയെത്തി. ലക്ഷ്മിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമെന്നു പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ചലച്ചിത്രലോകം.