തന്റെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും കുട്ടികള്‍ക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്തവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് പ്രശസ്ത ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി ശ്രീപദ. പൊതുവിടങ്ങളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്താന്‍ പുരുഷന്മാര്‍ കാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രമാണ് അപവാദ പ്രചാരണങ്ങളെന്ന് ചിന്മയി പറഞ്ഞു.
തനിക്ക് ലഭിച്ച മോര്‍ഫ് ചെയ്ത ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ ചിന്മയി ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ചരണ്‍ റെഡ്ഡി, ലോഹിത് റെഡ്ഡി എന്നിവര്‍ക്കെതിരെ പോലീസ് പരാതി നല്‍കിയിട്ടുണ്ടെന്നും ചിന്മയി അറിയിച്ചു. ഭര്‍ത്താവും നടനുമായ രാഹുല്‍ രവീന്ദ്രന്‍ മംഗല്യസൂത്രത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെയാണ് തനിക്കെതിരായ ഓണ്‍ലൈന്‍ ആക്രമണം വര്‍ദ്ധിച്ചതെന്നും അവര്‍ വെളിപ്പെടുത്തി. ഓണ്‍ലൈന്‍ ഉപദ്രവങ്ങള്‍ക്കെതിരെ പ്രതികരിച്ചുകൊണ്ട് ചിന്മയി ഒരു വീഡിയോ സന്ദേശവും പുറത്തുവിട്ടു. താന്‍ കടുത്ത അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ടെന്നും, തന്റെ കുട്ടികള്‍ക്ക് നേരെ വധഭീഷണി മുഴക്കിയെന്നും അവര്‍ പറഞ്ഞു. ഇഷ്ടമില്ലാത്ത സ്ത്രീകള്‍ക്ക് കുട്ടികളുണ്ടാവരുത്, ഉണ്ടായാല്‍ അവര്‍ മരിക്കണം എന്ന് പറഞ്ഞവര്‍ക്കെതിരെ താന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ മോശം പരാമര്‍ശങ്ങള്‍ വന്ന സമയത്ത് ചില പുരുഷന്മാര്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുമായി വിയോജിപ്പുള്ള സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ പുരുഷന്മാര്‍ ടെക്‌നോളജിയും അധികാരവും ഉപയോഗിക്കുന്നതിന്റെ തുടര്‍ച്ചയാണിത്. ഇന്ന് മോര്‍ഫിംഗും ഡീപ്ഫേക്കുകളും ഉപയോഗിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വളര്‍ച്ചയോടെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഉപദ്രവങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ നിയമനടപടി സ്വീകരിക്കാന്‍ മടിക്കരുതെന്നും ചിന്മയി മുന്നറിയിപ്പ് നല്‍കി. തുറന്നുസംസാരിക്കുന്ന സ്ത്രീകളെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് ചിന്മയി കരുതുന്നു. തന്നോട് പ്രതികാരമുള്ള സ്ത്രീകളോ പുരുഷന്മാരോ ആകാം ഇതിന് പിന്നില്‍. ലോണ്‍ ആപ്പുകള്‍ വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിച്ച് പലര്‍ക്കും ഭീഷണിയുണ്ടായതായി സുഹൃത്തുക്കള്‍ അറിയിച്ചതായും, ഇത്തരം ഭീഷണികളില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ തന്ത്രങ്ങള്‍ കൊണ്ട് ഞങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല എന്നും അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഇത്തരം ഫോട്ടോകളുണ്ടാക്കുന്നത് വളര്‍ത്തുദോഷമുള്ള പുരുഷന്മാരാണെന്നും ചിന്മയി പറയുന്നു. അവര്‍ക്ക് ഒരു കാലത്തും നല്ല ബന്ധങ്ങളുണ്ടാക്കാന്‍ പറ്റില്ല. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗ്രൂപ്പുകള്‍ പണം നല്‍കുന്നുണ്ടെന്നും ഒരു ഗാനരചയിതാവിനെതിരായ വെളിപ്പെടുത്തലിന് ശേഷം താന്‍ നിരന്തരം വേട്ടയാടപ്പെടുകയാണെന്നും ചിന്മയി കൂട്ടിച്ചേര്‍ത്തു.