Latest News

വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതി: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു പോലീസ് 

Malayalilife
 വ്യാജ പരാതിയുടെ മറവില്‍ മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതി: നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു പോലീസ് 

നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടി ലക്ഷ്മിപ്രിയക്കെതിരെ പോലീസ് കേസെടുത്തു. കോടതി നിര്‍ദ്ദേശപ്രകാരമാണ് തൃപ്പൂണിത്തുറ പോലീസ് കേസെടുത്തത്. വ്യാജ പരാതിയുടെ മറവില്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നാണ് അന്‍സിബയുടെ പരാതി. ലക്ഷ്മിപ്രിയയ്ക്ക് പുറമെ ഇവരുടെ ഭര്‍ത്താവ് ജയേഷ്, വനിതാ എസ്.ഐ. രേഷ്മ എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

നേരത്തെ, ഇതേ പരാതിയില്‍ തൃക്കാക്കര എ.സി.പി. നടത്തിയ അന്വേഷണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്. പോലീസ് സ്റ്റേഷനില്‍ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും ഔദ്യോഗിക രേഖകളില്‍ തിരുത്തല്‍ വരുത്തുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് അന്‍സിബ ഹസന്‍ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്. കഴിഞ്ഞ ദിവസം കോടതി അന്‍സിബയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. 

സിനിമാ രംഗത്തെ പ്രമുഖര്‍ക്കെതിരെ അന്‍സിബ നല്‍കുന്ന തുടര്‍ച്ചയായ പരാതികളില്‍ രണ്ടാമത്തെ കേസാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നേരത്തെ, നടന്‍ ടിനി ടോമിനെതിരെ അന്‍സിബ നല്‍കിയ പരാതിയിലും കോടതി നിര്‍ദ്ദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. 

ഇതിന് പുറമെ, ലക്ഷ്മിപ്രിയ, ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അന്‍സിബ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ പരാതിയും കോടതിയുടെ പരിഗണനയിലാണ്. സംഭവത്തില്‍ തൃപ്പൂണിത്തുറ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

case registered against lakshmi priya

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES