പീഡനക്കേസില്‍ അറസ്റ്റിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഭാഗ്യലക്ഷ്മി. സ്വന്തം ശരീര സുഖത്തിനുവേണ്ടിയാണോ ഇയാള്‍ ജനപ്രതിനിധിയായതെന്നും, സാമ്പത്തികമായി ചൂഷണം ചെയ്യാനും സ്ത്രീകളെ വഞ്ചിക്കാനും വേണ്ടിയായിരുന്നോ ഇയാള്‍ എംഎല്‍എ ആയതെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ എംഎല്‍എ വഞ്ചിച്ചെന്നും അവര്‍ കുറ്റപ്പെടുത്തി.
പല പരാതികളിലും ഉഭയസമ്മതത്തോടെയായിരുന്നുവെന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദം. എന്നാല്‍, ഉഭയസമ്മതമായിരുന്നോ അല്ലയോ എന്നതല്ല താന്‍ കാണുന്ന പ്രശ്‌നമെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. ഒരു ജനപ്രതിനിധി എന്ന നിലയില്‍ നാടുനീളെ നടന്ന് സ്ത്രീകളെ വരുതിയിലാക്കുകയും സാമ്പത്തികമായി മുതലെടുക്കുകയും വഞ്ചിക്കുകയും ചെയ്യുന്നതിനും, ഉഭയസമ്മതത്തോടെ ഗര്‍ഭമുണ്ടാക്കുന്നതിനും വേണ്ടിയായിരുന്നോ ജനങ്ങള്‍ ഇദ്ദേഹത്തെ തിരഞ്ഞെടുത്ത് നിയമസഭയിലെത്തിച്ചതെന്നും ഭാഗ്യലക്ഷ്മി ചോദ്യം ചെയ്തു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ ഇപ്പോള്‍ അപമാനിതരാവുകയാണെന്നും, ഇതാണോ ഒരു എംഎല്‍എയുടെ ഉത്തരവാദിത്തമെന്നും അവര്‍ ചോദിച്ചു. അഞ്ച് വര്‍ഷം എംഎല്‍എ ആയിരുന്നിട്ട് എന്ത് ചെയ്തു എന്ന് ചോദിച്ചാല്‍ ഇതാണോ പ്രവര്‍ത്തന നേട്ടമെന്നും, തനിക്ക് ലഭിച്ച സ്ഥാനത്തെ വൃത്തികെട്ട രീതിയില്‍ ഇയാള്‍ ദുരുപയോഗം ചെയ്‌തെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. വോട്ട് ചെയ്ത ജനങ്ങളെക്കൂടിയാണ് എംഎല്‍എ വഞ്ചിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുറത്തുവരാന്‍ ഭയക്കുന്ന എത്ര 'ഉഭയസമ്മതക്കാര്‍' ഇനിയുമുണ്ടാകാമെന്നും, ഇതൊന്നും പുറത്തുവന്നില്ലായിരുന്നെങ്കില്‍ ഇയാള്‍ ഇത് ആവര്‍ത്തിക്കില്ലായിരുന്നോ എന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഇയാളുടെ അടുത്തെത്തുന്ന സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്നും, സ്വന്തം പാര്‍ട്ടിയോടോ ജനങ്ങളോടോ ഇയാള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നല്ലേ ഇതിനര്‍ത്ഥമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.