നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട വിധിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്തുകൊണ്ട് ഈ വിധി വന്നു എന്ന് ചോറുണ്ണുന്ന സാധാരണക്കാര്‍ക്ക് മനസ്സിലാകുമെന്ന് അവര്‍ പ്രതികരിച്ചു. ദിലീപിനെ വെറുതെ വിട്ടത് നേരത്തെ എഴുതിയ വിധിയെന്നും എന്തുകൊണ്ട് ഈ വിധി എന്ന് ചോറുണ്ണുന്നവര്‍ക്ക് മനസ്സിലാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തൃശൂരില്‍ അതിജീവിതയുടെ വീട്ടില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിട്ടതിനെതിരെയുള്ള തന്റെ ശക്തമായ പ്രതിഷേധം അവര്‍ അറിയിച്ചു.
നാല് വര്‍ഷം മുന്‍പ് താന്‍ പറഞ്ഞ വിധി തന്നെയാണ് ഇന്നും വന്നിരിക്കുന്നത്. ഇത് നേരത്തെ എഴുതിവെച്ച വിധിയാണ്, ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. കൈയില്‍ കിട്ടിയ ഇത്രയധികം തെളിവുകളും സാക്ഷികളും ഉണ്ടായിട്ടും അതൊന്നും കണ്ടില്ലെന്ന് നടിച്ച് വിധി പറയാന്‍ പറ്റുമോ എന്നതില്‍ സംശയമുണ്ട്. 'ഇപ്പോഴും ഞാന്‍ അവളോടൊപ്പം തന്നെയാണ്. മരണം വരെ അവളോടൊപ്പം നില്‍ക്കും. അയാള്‍ നിഷ്‌കളങ്കന്‍ എന്ന് ആരൊക്കെ പറഞ്ഞാലും ഞങ്ങള്‍ ആരും വിശ്വസിക്കാന്‍ പോകുന്നില്ല,' ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ഇനി എന്തുചെയ്യണം എന്ന് ആലോചിച്ചു?കൊണ്ടിരിക്കുകയാണ്. അത് വരും ദിവസങ്ങളില്‍ അതിജീവിത തന്നെ പറയുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കേസില്‍ കൂറുമാറിയവരും പ്രതിക്കൊപ്പം നില്‍ക്കുന്നവരും ഇത് ഒരു സ്ത്രീയുടെ കേസാണെന്ന് മനസ്സിലാക്കണം. സ്വന്തം വീട്ടിലെ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ഇത്തരം ഒരവസ്ഥ വരുമ്പോള്‍ അന്നവര്‍ പഠിക്കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍, വിധിയെ സ്വാഗതം ചെയ്ത ദിലീപ്, തനിക്കെതിരെയാണ് ഗൂഢാലോചന നടന്നതെന്നും കരിയര്‍ നശിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും ആരോപിച്ചു.
'അവള്‍ക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോള്‍'; ് പിന്തുണയുമായി റിമ കല്ലിങ്കല്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയ വിധിക്ക് പിന്നാലെ, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കല്‍. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെയുള്ള ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി. അതേസമയം, ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി.
വിധിക്ക് പിന്നാലെ, അതിജീവിതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടി റിമ കല്ലിങ്കല്‍ രംഗത്തെത്തി. 'അവള്‍ക്കൊപ്പം, എപ്പോഴും, മുമ്പെന്നത്തേക്കാളും ശക്തിയോടെ ഇപ്പോള്‍' എന്ന കുറിപ്പോടെ, 'അവള്‍ക്കൊപ്പം' എന്നെഴുതിയ ബാനര്‍ പിടിച്ചുനില്‍ക്കുന്ന ചിത്രം റിമ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവെച്ചു.
'വോ..ജസ്റ്റ് വോ..'!; കോടതി വിധിയെ രൂക്ഷമായി പരിഹസിച്ച് ഗായിക ചിന്‍മയി
മലയാള സിനിമയില്‍ വലിയ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ, വിധിയെ പരിഹസിച്ച് പ്രശസ്ത ഗായിക ചിന്‍മയി ശ്രീപാദ രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളിലൂടെയായിരുന്നു ചിന്‍മയിയുടെ പ്രതികരണം.
ചിന്‍മയി ശ്രീപാദ തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ 'Wo Just Wo' എന്ന് കുറിച്ചു. കോടതി വിധിയിലെ വൈരുദ്ധ്യത്തെയും വിചിത്രമായ കണ്ടെത്തലിനെയും പരിഹസിക്കുന്ന രൂപത്തിലുള്ളതായിരുന്നു ഈ ഒറ്റ വാചകത്തിലുള്ള പ്രതികരണം.