മലയാളം അറിയാം എന്നത് ഇംഗ്ലീഷില്‍ സംസാരിക്കുന്നവരെ കളിയാക്കാനുള്ള അവകാശം നല്‍കുന്നില്ലെന്ന് നടി അവന്തിക മോഹന്‍. 'ആശ' സിനിമയുടെ പ്രമോഷന്‍ ചടങ്ങിനിടെ ഇംഗ്ലീഷ് സംസാരിച്ചതിന്റെ പേരില്‍ അവതാരക ദക്ഷ രവീന്ദ്രനാഥിന് നേരെ ഉണ്ടായ നടി ഉര്‍വശിയുടെ പെരുമാറ്റത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടി രംഗത്തെത്തുകയായിരുന്നു.
നേരത്തെ നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അപമാനിക്കപ്പെട്ട അവതാരകയ്ക്ക് പിന്തുണയറിയിച്ചുള്ള ഇന്‍ഫ്‌ലുവന്‍സറുടെ സോഷ്യല്‍ മീഡിയ വീഡിയോയ്ക്ക് താഴെ കമന്റായാണ് അവന്തിക തന്റെ നിലപാട് വ്യക്തമാക്കിയത്. മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് ഒരാളുടെ യഥാര്‍ത്ഥ സീനിയോരിറ്റി വ്യക്തമാകുന്നതെന്ന് അവന്തിക ചൂണ്ടിക്കാട്ടി. ഉര്‍വശി നിസ്സംശയം മികച്ചൊരു നടിയായിരിക്കാം, എന്നാല്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ തുറന്നുകാട്ടുന്നുണ്ടെന്നും നടി കുറ്റപ്പെടുത്തി.
ഈ സംഭവം തന്നില്‍ വലിയ ഉത്കണ്ഠയുണ്ടാക്കിയെന്നും താനായിരുന്നു ആ അവതാരകയുടെ സ്ഥാനത്തെങ്കില്‍ എന്ത് ചെയ്യുമായിരുന്നു എന്ന് ഒരു ധാരണയുമില്ലെന്നും വ്യക്തമാക്കിയ അവന്തിക അവതാരകയോട് സ്‌നേഹവും പിന്തുണയും അറിയിച്ചു.
വിഷയത്തില്‍ അവന്തിക മോഹന്റെ വാക്കുകള്‍ ഇങ്ങനെ: 'മലയാളം അറിയാം എന്നത് ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാളെ കളിയാക്കാനുള്ള അവകാശം നല്‍കുന്നില്ല. ഇംഗ്ലീഷ് സംസാരിക്കുന്നത് ഒരാളെ ഉന്നതനാക്കുകയില്ലെന്നത് പോലെ തന്നെയാണിത്. മലയാളം സംസാരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതും ഇംഗ്ലീഷ് സംസാരിച്ചതിന് പരിഹസിക്കുന്നതും രണ്ടും രണ്ടാണ്. ഭാഷാ പ്രാവീണ്യം എന്നത് ഒരാളുടെ ബുദ്ധിയുടെയോ നിലവാരത്തിന്റെയോ വ്യക്തിത്വത്തിന്റെയോ അളവുകോലല്ല. വലിയ അസ്വസ്ഥതയുണ്ടായപ്പോഴും ശാന്തതയോടെയാണ് അവതാരക ആ സാഹചര്യത്തെ നിയന്ത്രിച്ചത്.' മറ്റുള്ളവരോട് എങ്ങനെ പെരുമാറുന്നുവെന്നതിലാണ് യഥാര്‍ത്ഥ സീനിയോരിറ്റിയുള്ളതെന്നും, പ്രത്യേകിച്ച് തങ്ങളുടെ ഏറ്റവും മികച്ചത് ചെയ്യാന്‍ ശ്രമിക്കുന്നവരോട് കാണിക്കുന്ന മനോഭാവം പ്രധാനമാണെന്നും അവന്തിക ഓര്‍മ്മിപ്പിച്ചു. 'നിസ്സംശയം തന്നെ അവര്‍ ഒരു മഹാനടിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഇത്തരം നിമിഷങ്ങള്‍ ഒരാളുടെ സ്വഭാവത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ പറയും' എന്നും അവന്തിക കൂട്ടിച്ചേര്‍ത്തു.