ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികയായിരുന്നു മേനകാ സുരേഷ്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ ആ കാലഘട്ടത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മേനക മാറുകയും ചെയ്തു. വിവാഹത്തോടെ സിനിമകളില്‍ നിന്ന് അകലം പാലിച്ച മേനകയുടെ മകള്‍ കീര്‍ത്തി ഇന്ന് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ്.
നിര്‍മ്മാതാവ് കൂടിയായ ഭര്‍ത്താവ് സുരേഷ് കുമാറും സിനിമാഭിനയത്തിലേക്ക് തിരിഞ്ഞിട്ടുണ്ട്. 'ഒരു കൊറിയന്‍ കണ്‍ഫ്യൂഷന്‍' എന്ന ചിത്രത്തിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം മേനകയും വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.
ഇപ്പോഴിതാ മേനകയ്‌ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ബിനു പപ്പു. ഹൃദയത്തോട് ചേര്‍ത്തു വയ്ക്കാവുന്ന നിമിഷമെന്നാണ് മേനകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ബിനു പപ്പൃ കുറിച്ചത്. പപ്പേട്ടനൊപ്പം അഭിനയിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മേനകയും മറുപടി നല്‍കിയിട്ടുണ്ട്.
''എന്നും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്ന നിമിഷം... ഇതൊരു വലിയ അനുഗ്രഹം തന്നെയാണ്...'' എന്ന് കുറിച്ചാണ് മേനകയ്‌ക്കൊപ്പമുള്ള ചിത്രം ബിനു പപ്പു സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടത്. അതിനു മേനക മറുപടിയും നല്‍കിയിട്ടുണ്ട്. 'താങ്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്...പപ്പേട്ടനൊപ്പം അഭിനയിച്ചതിന് ശേഷം, ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ മകനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.
എനിക്കിതൊരു വളരെ പ്രത്യേകമായ അനുഭവമാണ്. താങ്കള്‍ക്കൊപ്പം എനിക്ക് വളരെ കംഫര്‍ട്ടായി അഭിനയിക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ വളരെ സ്‌നേഹനിധിയായ വ്യക്തിയാണ്. നമുക്ക് വീണ്ടും കണ്ടുമുട്ടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു...'' എന്നാണ് മേനക സുരേഷ് മറുപടി കമന്റ് നല്‍കിയത്.