കുട്ടികളുടെ സ്വകാര്യതയെ മാനിക്കാതെ സമൂഹമാധ്യമങ്ങളില്‍ അവരുടെ ദൃശ്യങ്ങള്‍ പങ്കുവെക്കുന്നതിനെതിരെയും ഇതിനെച്ചൊല്ലിയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ ക്കെതിരെയും പ്രതികരിച്ച് ടെലിവിഷന്‍ അവതാരകയും അഭിനേത്രിയുമായ അശ്വതി ശ്രീകാന്ത്. കുട്ടികള്‍ കരയുകയോ വാശിപിടിക്കുകയോ ചെയ്യുമ്പോള്‍ അവരെ ആശ്വസിപ്പിക്കാതെ വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നതിനെയാണ് അശ്വതി മുന്‍പ് വിമര്‍ശിച്ചത്. എന്നാല്‍ ഈ പരാമര്‍ശം ചില പ്രമുഖ യൂട്യൂബര്‍മാര്‍ക്കെതിരെയുള്ളതാ ണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം നടന്നതായി അവര്‍ ചൂണ്ടിക്കാട്ടി.
'ആരെയും പ്രത്യേകം പരാമര്‍ശിച്ചല്ല ഞാന്‍ സംസാരിച്ചത്. എന്റെ കുട്ടികളെ ഞാന്‍ സമൂഹമാധ്യമങ്ങളില്‍ കാണിച്ചിട്ടില്ല എന്നല്ല അര്‍ത്ഥമാക്കുന്നത്. അവരുടെ വളരെ സ്വകാര്യമായ കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ ശ്രദ്ധിക്കണം എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. ബോധവല്‍ക്കരണത്തിനായി ചെയ്ത വീഡിയോ വളച്ചൊടിച്ച് ചിലര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചു. എന്റെ ചിത്രവും മറ്റ് പ്രമുഖ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെയും ചിത്രങ്ങള്‍ വെച്ച് ഞാന്‍ അവര്‍ക്കെതിരെ സംസാരിച്ചെന്ന് തെറ്റായി പ്രചരിപ്പിച്ചു,' അശ്വതി വിശദീകരിച്ചു.
'ഞാന്‍ സംസാരിക്കുന്നത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകത്തെക്കുറിച്ചാണ്. എന്നാല്‍ ചിലര്‍ ഇവിടെ വെറുപ്പ് പടര്‍ത്തുകയാണ്. മറ്റൊരാളെ അപമാനിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യാതൊരു ഉദ്ദേശ്യവും എനിക്കില്ല. ഇതൊരു വിദ്വേഷ പ്രചാരണമായി മാറ്റരുത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആരെയും ലക്ഷ്യമിട്ട് കണ്ടന്റുകള്‍ ഉണ്ടാക്കുന്ന ആളല്ലെന്നും അവര്‍ വ്യക്തമാക്കി.