കൂതറ, അഞ്ച് സുന്ദരികള്‍, എന്ന് നിന്റെ മൊയ്തീന്‍ എന്നിവയുള്‍പ്പടെ നിരവധി സിനിമകളൂടെ പോസ്റ്റര്‍ ഡിസൈനിംഗ് ചെയ്ത ശേഷം അഭിനയത്തിലേക്ക് കടന്ന താരമാണ് അനീഷ് ഗോപാല്‍. സെക്കന്റ് ഷോ എന്ന സിനിമയിലെ വികടന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അനീഷ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പല സിനിമകളിലും ചെറിയ വേഷങ്ങള്‍ അനീഷ് ചെയ്തു.
തനിക്ക് അപകടത്തില്‍ കൈക്ക് ഗുരുതരമായി പരിക്കേറ്റെന്നും അഞ്ചാറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് വിധേയനായെന്നും കഴിഞ്ഞ ദിവസം അനീഷ് പങ്ക് വച്ചെത്തിയിരുന്നു. കൈക്ക് പരിക്കേറ്റ ചിത്രം പങ്കിട്ട അപകടം തന്റെ മാത്രം പിഴവുകൊണ്ടുണ്ടായതാണെന്ന് വ്യക്തമാക്കിയ താരം, അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.എന്നാലിപ്പോള്‍ ആശുപത്രിയില്‍ നിന്നും ലൈവ് വിഡിയോയിലൂടെ . തനിക്കുണ്ടായ അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഗ്ലാസ് ഡോറിന്റെ ഇടയില്‍ കൈ കുടുങ്ങി, ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് അനീഷ് ആശുപത്രിയിലെത്തുന്നത്
''ആശുപത്രിയിലാണ്. കുറേ ആളുകള്‍ ഫോണ്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. എന്താ പറ്റിയതെന്ന് ചോദിച്ചു. ഞാന്‍ ഒരു സര്‍ജറിയൊക്കെ കഴിഞ്ഞ് ആശുപത്രിയില്‍ കിടക്കുകയാണ്. ഉടനെ തന്നെ ഡിസ്ചാര്‍ജ് ചെയ്യും. പിന്നെ വിശ്രമം ആയിരിക്കും. ഒന്ന് രണ്ട് മാസം വേണ്ടി വരും. എന്താ പറ്റിയതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ഒന്ന് രണ്ട് പേരെ കാണിക്കാന്‍ വേണ്ടിയായിരുന്നു പോസ്റ്റിട്ടത്. ഇങ്ങനൊക്കെ സംഭവിച്ചിട്ടുണ്ടെന്ന്. ഒന്ന് രണ്ട് പരിപാടികള്‍ ഏറ്റെടുത്തിരുന്നു. അതുകൊണ്ടാണ് പോസ്റ്റിട്ടത്. അത് എല്ലാവരും കണ്ടു. അതാണ് സോഷ്യല്‍ മീഡിയയുടെ ഗുണം.
എങ്ങനെ പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നുണ്ട്. ഒരു ജനവാതില്‍ ഉണ്ടായിരുന്നു. എന്റെ പിഴവു കൊണ്ട് മാത്രം സംഭവിച്ചതാണ്. ജനവാതിലിന്റെ മുകളില്‍ പോയി മുട്ടിയതാണ്. അതിന് ചെറിയൊരു പൊട്ടലുണ്ടായിരുന്നു. അതെനിക്ക് അറിയില്ലായിരുന്നു. കൃത്യം നടുക്കാണ് ഞാന്‍ പോയി മുട്ടിയത്. മുട്ടിയപ്പോള്‍ പെട്ടെന്ന് പൊളിഞ്ഞ് ഉള്ളിലേക്ക് കയറി. സ്രാവിന്റെ വാ പോലെയായി. റിഫ്ളക്സ് ആക്ഷനില്‍ ഞാന്‍ കൈ തിരികെ വലിച്ചു. ആ വലിച്ച സമയം ഞരമ്പ് മുറിഞ്ഞു. രണ്ടേ രണ്ട് മുറിവേയുള്ളൂ. പക്ഷെ അത് ഭയങ്കര ആഴത്തിലുള്ളതായിപ്പോയി.
മൂന്ന് വിരല്‍ ചത്ത് കിടക്കുകയാണ്. ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പക്ഷെ സമയം എടുക്കും. എന്നാലും സാരമില്ല. ഭാഗ്യത്തിന് കൂടെ ഒരാള്‍ ഉള്ളതിനാല്‍ ഞാന്‍ രക്ഷപ്പെട്ടുവെന്ന് വേണമെങ്കില്‍ പറയാം. രാത്രി യാത്ര ചെയ്ത് വന്ന ശേഷമാണ് സംഭവം. അവന്‍ കൂടെയുള്ളതിനാല്‍ രക്ഷപ്പെട്ടു. ഞാന്‍ അവിടെ ഒറ്റയ്ക്കായിരുന്നുവെങ്കില്‍ എന്തെങ്കിലും സംഭവിച്ചുപോയെനെ. ഇതിലും വലുതെന്തോ വരാനിരുന്നതാകും. അങ്ങനെയേ ഇതിനെ കാണുന്നുള്ളൂ. ഇതിനെ ഞാന്‍ പോസിറ്റിവീയായിട്ടാണ് എടുക്കുന്നത്.
ജീവിതത്തില്‍ ഒരു തിരിച്ചറിവും കൂടെയാണിത്. കണ്ണില്ലാത്തപ്പോല്‍ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് പോലെ. കൈയിന്റെ വില നല്ലോണം അറിയുന്നുണ്ട്.''