തന്റെ പുതിയ ചിത്രമായ 'പാരഡൈസ്' റിലീസിനു പിന്നാലെയുയര്‍ന്ന ട്രോളുകളോടും വിമര്‍ശനങ്ങളോടും പ്രതികരിച്ച് തെലുങ്ക് സൂപ്പര്‍താരം നാനി. സിനിമ റിലീസായതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും ഒപ്പം മികച്ച അഭിപ്രായങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്തുകൊണ്ടാണ് താരം രംഗത്തെത്തിയത്.
'പാരഡൈസ്' സിനിമയുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ പ്രതികരണങ്ങളും മറുപടിയും താന്‍ കണ്ടിരുന്നുവെന്ന് നാനി പറഞ്ഞു. 'നിങ്ങളുടെ സ്‌നേഹം മുഴുവന്‍ എനിക്ക് ലഭിച്ചു, ഒപ്പം രസകരമായ ട്രോളുകള്‍ ഞാന്‍ ഒരേപോലെ ആസ്വദിക്കുകയും ചെയ്തു. പ്രേക്ഷകര്‍ ഈ ചിത്രത്തെ നെഞ്ചിലേറ്റിയ രീതി എന്നെ ഏറെ ഹൃദ്യമാക്കി, അതുപോലെ തന്നെ നിരൂപകരും വിമര്‍ശകരും ചൂണ്ടിക്കാണിച്ച പോരായ്മകളില്‍ നിന്ന് ഞാന്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി എന്ന് മാത്രമേ എനിക്ക് പറയാന്‍ സാധിക്കൂ,' നാനി വ്യക്തമാക്കി.
നിങ്ങള്‍ക്ക് വേറിട്ടൊരു അനുഭവം സമ്മാനിക്കാനായി ചോരയും വിയര്‍പ്പും ചിന്തിയാണ് തങ്ങള്‍ ഈ ചിത്രം നിര്‍മ്മിച്ചതെന്നും താരം ഓര്‍മ്മിപ്പിച്ചു. ഇനിയിത് ആഘോഷിക്കാനും വിലയിരുത്താനുമെല്ലാം തികച്ചും പ്രേക്ഷകരുടെ സ്വന്തമാണ്. ഈ സിനിമയോട് കാണിച്ച ആവേശവും തന്നോട് കാണിച്ച സ്‌നേഹവും തന്നില്‍ വലിയ കൃതജ്ഞതയാണ് നിറയ്ക്കുന്നതെന്നും നാനി കൂട്ടിച്ചേര്‍ത്തു.
ഹൈദരി നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ദ് പാരഡൈസ്'. വന്‍ വിജയമായ 'ദസറ' എന്ന ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ഈ ചിത്രം നിര്‍മിക്കുന്നത് ദസറയുടെ നിര്‍മാതാവായ സുധാകര്‍ ചെറുകുറിയാണ്. ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലായിരുന്നു നാനി എത്തിയത്.