'മനോരഥങ്ങളു'ടെ ട്രെയിലര്‍ ലോഞ്ചിനിടെയുണ്ടായ വിവാദത്തില്‍ നടന്‍ ആസിഫ് അലിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത്. സോഷ്യല്‍മീഡിയയിലടക്കം നടന് പിന്തുണയറിച്ച് രംഗത്ത് എത്തി. നാദിര്‍ഷ, സംഗീത സംവിധായകന്‍ ശരത് എന്നിവരടക്കം കുറിപ്പുമായി രംഗത്തെത്തി. സിനിമാതാരങ്ങളുടെ സംഘടന അമ്മയും പിന്തുണയറിച്ചിട്ടുണ്ട്.
എന്നാല്‍ നടന്‍ ആസിഫ് അലിയെ അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി സംഗീത സംവിധായകന്‍ രമേശ് നാരായണനും രംഗത്തെത്തി. മൊമന്റോ നല്‍കവെ ആസിഫ് അലിയുടെ കൈ തട്ടി മാറ്റിയത് മനഃപ്പൂര്‍വമല്ലെന്നും സംവിധായകന്‍ ജയരാജുകൂടെ അവിടെ വരണമെന്ന ആഗ്രഹം മാത്രമാണുണ്ടായിരുന്നതെന്ന് രമേശ് നാരായണന്‍ പറഞ്ഞു. ഒരാളെയും അധിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
'ആസിഫ് അലിയാണ് തനിക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് അറിഞ്ഞിരുന്നില്ല. അവിടെയുള്ള ശബ്ദം കാരണം മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് കൃത്യമായി കേള്‍ക്കാന്‍ സാധിച്ചിരുന്നില്ല. ജയരാജാണ് എന്നെ സിനിമയിലേക്ക് ക്ഷണിച്ചത്. പക്ഷേ, വേദിയില്‍ എല്ലാ സംവിധായകരെയും ക്ഷണിച്ചപ്പോള്‍ എന്നെ വിളിച്ചില്ല. അത് എന്നില്‍ വിഷമമുണ്ടാക്കി'- രമേശ് നാരായണന്‍ പറഞ്ഞു.
'മൊമന്റോ തരാനാണ് ആസിഫ് ഓടിവന്നത് എന്ന് എനിക്കറിയില്ല. എനിക്ക് വലുപ്പച്ചെറുപ്പമില്ല. ഞാന്‍ വേദിയില്‍ അല്ല നിന്നത്. വേദിയില്‍ ആണെങ്കില്‍ എനിക്ക് ഒരാള്‍ വരുന്നത് മനസിലാക്കാമായിരുന്നു. താഴെയായിരുന്നു ഞാന്‍ നിന്നത്. ആരെയും അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ല. ഇപ്പോഴും ഞാന്‍ ചെറിയ ആളാണ്. ഞാന്‍ ഒന്നുമല്ല. എന്റെ പേരില്‍ തെറ്റിദ്ധാരണ വന്നതില്‍ മാപ്പ്. ആസിഫ് എന്റെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ്. ആസിഫിനെ വിളിക്കാനിരിക്കുകയാണ്. തെറ്റു പറ്റിയെങ്കില്‍ മാപ്പ് ചോദിക്കും. മാപ്പ് ചോദിക്കാന്‍ എനിക്ക് ഒരു മടിയുമില്ല. വസ്തുത മനസിലാക്കാതെയുള്ള സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ട്. ഒരു മനുഷ്യനെ അപമാനിക്കാന്‍ എനിക്ക് പറ്റില്ല'- രമേശ് നാരായണന്‍ പറഞ്ഞു.
സംഗീതബോധം മാത്രം പോര അമ്പാനേ, അല്പം സാമാന്യബോധം കൂടി വേണം' എന്നാണ് നാദിര്‍ഷ ഫേസ്ബുക്കില്‍ കുറിച്ചത്. പ്രചാരണസമയത്തെ ആസിഫിനൊപ്പമുള്ള ചിത്രം നടന്‍ മുകേഷും പങ്കുവച്ചിരുന്നു. കുടുംബത്ത് കാണിച്ചാല്‍ മതി. ഒരു പൊതുവേദിയില്‍ ഇത്തരം ഇടപെടലുകള്‍ തീര്‍ച്ചയായും ഒഴിവാക്കപ്പെടേണ്ടത് തന്നെയാണ്. മനുഷ്യര്‍ക്കിടയില്‍ കലയുടെ പേരില്‍ വലിപ്പച്ചെറുപ്പം കാണിക്കുന്നത് മഹാ പന്ന ഏര്‍പ്പാടാണ്. അല്ലെങ്കില്‍ അത്രമേല്‍ ദ്രോഹം ഒരുവന്‍ നമ്മളോട് ചെയ്തിട്ടാവണം. ഇവിടെ അപമാനിതന്‍ ആസിഫ് അല്ല, രമേശാണ് രമേശാ...എന്നായിരുന്നു നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
തന്റെ അഭിപ്രായം രേഖപ്പെടുത്തി് സംഗീത സംവിധായകനും ഗായകനുമായ ശരതും രംഗത്തെത്തി.
കല എന്നത് ദൈവീകം ആണ് അത് പലര്‍ക്കും പല രൂപത്തില്‍ ആണ് കിട്ടുന്നത്.. ചിലര്‍ അഭിനയത്തില്‍ മറ്റു ചിലര്‍ സംഗീതത്തിലോ ,ചിത്ര രചനയിലോ ,വാദ്യകലകളിലോ ,ക്ഷേത്ര കലാരൂപങ്ങളിലോ അങ്ങനെ എല്ലാ കലകളിലും ദൈവീക സാനിധ്യം ഉണ്ട്...ആ ദൈവീക സാനിധ്യം ഉള്ള കലാകാരന്മാരെ അനുഗ്രഹീതരായി ആണ് നമ്മള്‍ കാണേണ്ടത്... പുരസ്‌കാര ദാന ചടങ്ങുകളില്‍ നമക്ക് പുരസ്‌കാരം തരുന്ന ആള് ഒരു പ്രതിനിധി ആണ്... അദ്ദേഹം അദ്ദേഹത്തിന്റെ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ആളും ആയിരിക്കും..അപ്പോള്‍ പുരസ്‌കാര ജേതാവിന്റെ പ്രവര്‍ത്തി ഈ പുരസ്‌കാരം നല്‍കിയ കലാകാരന് വേദനിപ്പിച്ചു എങ്കില്‍,അദ്ദേഹത്തെ വിളിച്ച് ഒരു ക്ഷമാപണം നടത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഒള്ളു.. രമേശ് അണ്ണാച്ചി എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്ന ഒരു സംഗീതജ്ഞന്‍ ആണ് , മനഃപൂര്‍വം ആരെയും വേദനിപ്പിക്കുന്ന ആളല്ല അണ്ണാച്ചി...
അദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ച അദ്ദേഹം ആസിഫി നെ വിളിച്ച് സംസാരിച്ചാല്‍ തീരുന്നതാണ്... ആസിഫ് എന്റെ കുഞ്ഞു അനുജന്‍ ആണ്... എവിടെ കണ്ടാലും ആ നിഷ്‌കളങ്കമായാ ചിരിയോടു കൂടി ശരത്തേട്ടാന്നും വിളിച്ച് ഓടിവന്ന് കെട്ടിപ്പിടിക്കുന്ന വെറും പാവം ചെക്കന്‍ ??പൊതു സമൂഹത്തിന്റെ മുന്നില്‍ അപമാനിതനാകുന്നത് ആര്‍ക്കും സഹിക്കാന്‍ പറ്റില്ല...അപ്പോള്‍ ആസിഫ്‌നോട് എനിക്ക് പറയാന്‍ ഒന്നേ ഒള്ളു 'പോട്ടെടാ ചെക്കാ' വിട്ടുകള... വിഷമം ഉണ്ടായിട്ടുണ്ടെല്‍ നിന്റെയൊപ്പം ഞങള്‍ എല്ലാരും ഉണ്ട്...Asif Ali എന്നാണ് ശരത് കുറിച്ചത്.
ആസിഫിന് പിന്തുണയുമായി താരസംഘടനയായ അമ്മ (അസോസിയേഷന്‍ ഓഫ് മലയാളം സിനിമ ആര്‍ട്ടിസ്റ്റ്സ്) രംഗത്തെത്തി. സംഘടനയുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ആസിഫിനെ പിന്തുണച്ച് പോസ്റ്റിട്ടത്. ;ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ത്ഥ സംഗീതം, അമ്മ ആസിഫിനൊപ്പംഎന്ന എഴുത്തോടെയാണ് സംഘടന പോസ്റ്റ് ചെയ്തത്.
വിവാദത്തില്‍ താന്‍ ദൃക്‌സാക്ഷിയെന്ന് നടനും സംവിധായകനുമായ ശ്രീകാന്ത് മുരളിയും പങ്ക് വച്ചു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയില്‍ ഉരുകി ഇല്ലാതായത് രമേശ് നാരായണനോടുള്ള ബഹുമാനമാണെന്നും 'അല്‍പത്തം' കാട്ടിയ സംഗീതജ്ഞനോട് സഹതാപം മാത്രമാണെന്നും ശ്രീകാന്ത് മുരളി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ശ്രീകാന്ത് മുരളിയുടെ വാക്കുകള്‍ ഇങ്ങനെ: ഞാന്‍ ദൃക്‌സാക്ഷിയാണ്. അത് താങ്ങാവുന്നതിന്നും അപ്പുറമായിരുന്നു. ആസിഫ് അലിയുടെ സ്വതസിദ്ധമായ ചിരിയില്‍ ഉരുകി ഇല്ലാതായത് പണ്ഡിറ്റ് ജിയോട് എനിയ്ക്കുണ്ടായിരുന്ന ബഹുമാനമാണ്. എം ടി എന്ന ഇതിഹാസത്തിന്റെ മനസ്സില്‍ വിരിഞ്ഞ കഥാപാത്രങ്ങളെ അഭ്രപാളിയിലേയ്ക്ക് സന്നിവേശിപ്പിച്ച ധാരാളം കലാകാരന്മാരുടെ മുന്നില്‍ ഈ അല്പത്തംകാട്ടിയ രമേശ് നാരായണന്‍ എന്ന മുതിര്‍ന്ന സംഗീതജ്ഞനോട് സഹതാപം മാത്രം.