തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു 'വിണ്ണൈതാണ്ടി വരുവായ. ചിമ്പുവിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ ഹിറ്റ് ചിത്രം 'വിണ്ണൈതാണ്ടി വരുവായ' യുടെ രണ്ടാം ഭാഗം അണിയറയിൽ വീണ്ടും ഒരുങ്ങുകയാണ്. ഏരെക്കാലമായി നിലനില്ക്കുന്ന പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷമാണ് ഗൗതംമേനോൻ ചിമ്പുവിനെ തന്നെ നായകനാക്കി ചിത്രം ഒരുക്കുന്നത്.
എട്ട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണന്ന വാർത്ത അടുത്തിടെയാണ് ഗൗതം മേനോൻ പുറത്തു വിട്ടത്. എന്നാൽ തൃഷയ്ക്ക് പകരം അനുഷ്‌കയാണ് ചിത്രത്തിലെ നായിക എന്നാണ് റിപ്പോർട്ടുകൾ.ഇടക്കാലത്ത് ചിമ്പുവുമായുള്ള ബന്ധം വഷളാകുകയും മാധവനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് ഗൗതം മേനോൻ പറയുകയും ചെയ്തിരുന്നു. എന്നാൽ ചിമ്പുവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചതിനെ തുടർന്നാണ് ചിത്രത്തിൽ ചിമ്പു തന്നെയായിരിക്കും നായകൻ എന്ന് സംവിധായകൻ പ്രഖ്യാപിച്ചത്.
യഥാർത്ഥ്യത്തിൽ പറയുകയാണെങ്കിൽ ഒരു വലിയ പ്രശ്നത്തിനു മേലല്ല പിണക്കമുണ്ടായത്. അച്ചം യെൻപത് മടമയടയുടെ അവസാനത്തെ പാട്ട് ചിത്രീകരണത്തിന് വേണ്ടി ചിമ്പു വരാതിരുന്നതിനെ തുടർന്ന് ഞാൻ അസ്വസ്ഥനായി. ചിത്രം ചിത്രീകരിക്കുന്ന നഗരത്തിൽ തന്നെ ഒരേ സമയം ഞാൻ തന്നെ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രത്തിന് വേണ്ടി ചിത്രീകരണ സംവിധാനം ഒരുക്കിയതാണ് ചിമ്പുവിനെ പിണക്കാൻ ഇടയാക്കിയത്. എനിക്ക് ചിമ്പുവിന്റെ പ്രശ്നം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ അടുത്ത് ഞങ്ങൾ പരസ്പരം ഹൃദയം തുറന്ന് സംസാരിക്കുകയും എല്ലാ തെറ്റിദ്ധാരണകളും ഒഴിവാക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ച ചിമ്പു വിണ്ണെത്താണ്ടി വരുവായ രണ്ടാം ഭാഗത്തിൽ അഭിനയിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു.- ഗൗതം മേനോൻ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. വിണ്ണെത്താണ്ടി വരുവായയിൽ അവസാനിപ്പിച്ച കാർത്തിക്കിന്റെ പിന്നീടുള്ള ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.കാർത്തിക്ക് വിജയിച്ച സംവിധായകനായി മാറിയെങ്കിലും അവിവാഹിതൻ തന്നെയാണ്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ വച്ച് പഴയ കൂട്ടുകാരെ കണ്ട് മുട്ടുകയും ഒരു റോഡ് ട്രിപ്പ് പോകുന്നതുമാണ് രണ്ടാം ഭാഗത്തിൽ സംവിധായകൻ പറയുന്നത്.
രണ്ടാം ഭാഗം ഒരു മൾട്ടി സ്റ്റാറർ ചിത്രം കൂടിയായിരിക്കും എന്നാണ് വിവരം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാല് നായകന്മാരുണ്ടാകും. ഈ വർഷം അവസാനത്തോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.