തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയിറങ്ങിയ നടന്‍ വിജയ്ക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം അനു സിത്താര. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ പ്രിയ നടന് പിന്തുണ പ്രഖ്യാപിച്ചത്. ദളപതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടുള്ള അനുവിന്റെ പോസ്റ്റ് ആരാധകര്‍ക്കിടയില്‍ തരംഗമായി മാറിയിരിക്കുകയാണ്.
'കുട്ടിക്കാലം മുതലേ കണ്ടുവളര്‍ന്ന നടനാണ് നിങ്ങള്‍. ഇപ്പോള്‍ ഒരു നേതാവായി മുന്നില്‍ നില്‍ക്കുമ്പോഴും നിങ്ങളോടൊപ്പം തന്നെയുണ്ട്' - അനു സിത്താര കുറിച്ചു. തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) ഷാള്‍ ധരിച്ച് വിസിലടിക്കുന്ന വിജയ്യുടെ ചിത്രത്തിനൊപ്പം 'ആശംസകള്‍ ദളപതി' എന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് പങ്കുവെച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാല്‍പ്പതിനായിരത്തിലധികം ലൈക്കുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്.
അതേസമയം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. രാവിലെ 11 മണി വരെ ലഭിച്ച കണക്കുകള്‍ പ്രകാരം 37.56% പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തേനാമ്പേട്ടിലും സൂപ്പര്‍ താരം രജനീകാന്ത് ചെന്നൈ സ്റ്റെല്ല മേരിസ് കോളജിലുമെത്തി വോട്ട് രേഖപ്പെടുത്തി.
ടിവികെ നേതാവ് വിജയ് നീലങ്കരൈയിലെ സ്‌കൂളിലാണ് വോട്ട് ചെയ്തത്. താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് ബൂത്തിന് പുറത്ത് തടിച്ചുകൂടിയത്. പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസാമി, കമല്‍ഹാസന്‍, അജിത്, ഖുശ്ബു തുടങ്ങി പ്രമുഖരുടെ വലിയ നിര തന്നെ ബൂത്തുകളിലെത്തി. സുരക്ഷയ്ക്കായി 300 കമ്പനി കേന്ദ്രസേനയെയും 80,000-ത്തിലധികം പോലീസുകാരെയുമാണ് വിന്യസിച്ചിരിക്കുന്നത്.