അനുമതി വാങ്ങാതെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ അധ്യാപികയുടെ ഫോട്ടോ സിനിമയില്‍ ഉള്‍പ്പെടുത്തിയതിന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ള സിനിമയുടെ പ്രവര്‍ത്തകര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.
ചാലക്കുടി മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാടുകുറ്റി വട്ടോളി സജി ജോസഫിന്റെ ഭാര്യയും കൊടുങ്ങല്ലൂര്‍ അസ്മാബി കോളജ് അധ്യാപികയുമായ പ്രിന്‍സി ഫ്രാന്‍സിസിനാണ് നഷ്ടപരിഹാരവും കോടതി ചെലവും അടക്കം 1.68 ലക്ഷം രൂപ നല്‍കേണ്ടത്.
ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് 2016 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഒപ്പം'. ഈ സിനിമയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ അനുമതിയില്ലാതെ ഉള്‍പ്പെടുത്തിയത്. സിനിമയുടെ 29ാം മിനിറ്റില്‍ പൊലീസ് ക്രൈം ഫയല്‍ മറിക്കുമ്പോള്‍ ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്നനിലയിലാണ് പ്രിന്‍സി ഫ്രാന്‍സിസിന്റെ ഫോട്ടോ ഉപയോഗിച്ചത്?.
ബ്ലോഗില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് അനുമതിയില്ലാതെ ഉപയോഗിച്ചത് മാനസിക വിഷമത്തിന് കാരണമായെന്ന്? കാണിച്ച്? കൊരട്ടി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിരുന്നില്ല. 2017ല്‍ ചാലക്കുടി കോടതിയില്‍ പരാതി നല്‍കി.
ആന്റണി പെരുമ്പാവൂര്‍, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് പുറമേ അസി. ഡയറക്ടര്‍ മോഹന്‍ദാസിനെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫോട്ടോ അധ്യാപികയുടേതല്ലെന്നാണ് എതിര്‍കക്ഷികള്‍ വാദിച്ചത്. സിനിമയില്‍നിന്ന് ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിനിമാ പ്രവര്‍ത്തകര്‍ നിഷേധിച്ചു.
ഇപ്പോഴും സിനിമയില്‍ നിന്ന് ഈ ഫോട്ടോ ഒഴിവാക്കിയിട്ടില്ല. എട്ടു വര്‍ഷമായി നിയമപോരാട്ടം നടത്തിയാണ് നീതി ലഭിച്ചതെന്നും സാധാരണക്കാരായ സ്ത്രീകള്‍ക്കായാണ് നിയമനടപടിക്ക് മുന്നിട്ടിറങ്ങിയതെന്നും പ്രിന്‍സി ഫ്രാന്‍സിസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സജി ജോസഫും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.