Latest News

25 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അതിന് അടയ്ക്കേണ്ട ജി എസ് ടി തുകയും വാങ്ങുന്നത് പ്രൊഡ്യൂസറില്‍ നിന്നും; വേതനത്തില്‍ താരങ്ങള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും; ആന്റണി പെരുമ്പാവൂര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അംഗത്വം 'താര സംഘടനയില്‍' മാത്രമായി ചുരുങ്ങും; സമരവുമായി മുന്നോട്ടെന്ന് ഫിലിം ചേംബറും

Malayalilife
 25 കോടി പ്രതിഫലം വാങ്ങുന്ന നടന്‍ അതിന് അടയ്ക്കേണ്ട ജി എസ് ടി തുകയും വാങ്ങുന്നത് പ്രൊഡ്യൂസറില്‍ നിന്നും; വേതനത്തില്‍ താരങ്ങള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും; ആന്റണി പെരുമ്പാവൂര്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ അംഗത്വം 'താര സംഘടനയില്‍' മാത്രമായി ചുരുങ്ങും; സമരവുമായി മുന്നോട്ടെന്ന് ഫിലിം ചേംബറും

അഭിനേതാക്കളുടെ പ്രതിഫലം കുറയ്ക്കല്‍, സിനിമാപണിമുടക്ക് തുടങ്ങിയ വിഷയങ്ങളില്‍ കേരള ഫിലിം ചേംബറിനെ തള്ളി പരസ്യ നിലപാട് താരസംഘടന അമ്മ പ്രഖ്യാപിക്കില്ല. മമ്മൂട്ടിയും മോഹന്‍ലാലും പങ്കെടുത്ത് 'അമ്മ' ആസ്ഥാനത്ത് ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അതേസമയം, നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ അച്ചടക്കനടപടിയെടുക്കാനും ആരെതിര്‍ത്താലും സിനിമാസമരവുമായി മുന്നോട്ടുപോകാനും കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം ചേംബര്‍ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ചേംബര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച് ഫെയ്‌സ്ബുക് പോസ്റ്റ് ഇട്ടതിന്റെ പേരിലാണ് ആന്റണി പെരുമ്പാവൂരിനെതിരെ നടപടി നീക്കം. 

തല്‍കാലം ആ ഫെയ്സ് ബുക്ക് പോസ്റ്റ് ആന്റണി പിന്‍വലിക്കില്ല. എല്ലാ സംഘടനയില്‍ നിന്നും ആന്റണി രാജിവയ്ക്കാനും സാധ്യതയുണ്ട്. എന്നാല്‍ പകരം സംഘടനകളുണ്ടാക്കുകയുമില്ല. മറ്റ് പ്രൊഡ്യൂസര്‍മാരുടെ പിന്തുണ കിട്ടാത്തതുകൊണ്ടാണ് ഇത്. സുരേഷ് കുമാറിനെതിരായ പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സംയുക്തയോഗത്തിലാണ് ജൂണ്‍ ഒന്നു മുതല്‍ സിനിമാ സമരം തുടങ്ങാന്‍ തീരുമാനിച്ചതെന്നും ഫിലിം ചേംബര്‍ അറിയിച്ചു. 

ജിഎസ്ടി നികുതിക്കൊപ്പമുള്ള വിനോദ നികുതി സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങള്‍ വലിയ പ്രതിഫലം കുറയ്ക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സിനിമാ നിര്‍മ്മാണം വന്‍ പ്രതിസന്ധി നേരിടുമ്പോഴും താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. വിനോദനികുതിയുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ച നടത്താന്‍ ശ്രമിച്ചിട്ടും സര്‍ക്കാര്‍ തയ്യാറായില്ല എന്നും നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും നിറുത്തിവയ്ക്കുമെന്നാണ് സംഘടനകളുടെ നിലപാട്. പുതിയ അഭിനേതാക്കള്‍ പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നത്. 

എന്നും ഇത് താങ്ങാനാകില്ല. പ്രതിഫലത്തിന് പുറമേ അഭിനേതാക്കള്‍ക്ക് ജി.എസ്.ടിയും നല്‍കേണ്ടി വരുന്നത് ഇരട്ടിഭാരമാണ് ഉണ്ടാക്കുന്നത്. ഇതിന് പുറമേയാണ് സര്‍ക്കാര്‍ വിനോദ നികുതിയും പിരിക്കുന്നത്. ഇതാണ് നിര്‍മ്മാതാക്കളുടെ പ്രതിഷേധത്തിന് കാരണം. അതായത് ഒരു നടന്‍ 25 കോടിയാണ് പ്രതിഫലം വാങ്ങുന്നതെങ്കില്‍ അത് മുഴുവന്‍ കിട്ടുന്ന തരത്തില്‍ ജി എസ് ടി തുക കൂടി നിര്‍മ്മതാവ് നല്‍കേണ്ടതാണ് അവസ്ഥ. 

സിനിമാനിര്‍മാതാക്കളില്‍ ഒരു വിഭാഗം ആഹ്വാനം ചെയ്ത സിനിമാപണിമുടക്കിന് ഒരുവിധ പിന്തുണയും നല്‍കേണ്ടതില്ലെന്നാണ് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനിച്ചത്. സിനിമാവ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചിലരുടെ പിടിവാശിയാണ് അനാവശ്യസമരത്തിലേക്ക് വലിച്ചിഴയ്ക്കുന്നത്. നിരവധി തൊഴിലാളികളെ ഉള്‍പ്പെടെ അത് ബാധിക്കും. പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം ജനറല്‍ബോഡിയില്‍ പരിഗണിക്കേണ്ടിവരും. നിര്‍മാതാക്കള്‍ നല്‍കിയ കേസില്‍ ജയന്‍ ചേര്‍ത്തലയ്ക്ക് നിയമസഹായം നല്‍കാനും യോഗം തീരുമാനിച്ചു. മമ്മൂട്ടി ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്. അതായത് വേതന പ്രശ്നത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകും. ഹേമാ കമ്മറ്റിയില്‍ പോലീസ് നടപടികള്‍ ഏത് സമയവും ആരംഭിക്കും. 

ഹൈക്കോടതി പരിഗണിക്കുന്ന ഈ കേസില്‍ സിനിമാ ലോകത്തെ പല പ്രമുഖരും കുടുങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഒത്തു തീര്‍പ്പ് വഴി അമ്മ തേടും. ചേംബര്‍ യോഗത്തില്‍ ആന്റണി പെരുമ്പാവൂരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് അച്ചടക്കനടപടി നീക്കമെന്ന് ചേംബര്‍ പ്രസിഡന്റ് ബി ആര്‍ ജേക്കബ് പറഞ്ഞു. 

ആന്റണിയുടെ വിമര്‍ശം മോശമായിപ്പോയി. ഏഴുദിവസത്തിനകം ഫെയ്‌സ്ബുക് പോസ്റ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. മറുപടി പരിശോധിച്ചാകും തുടര്‍നടപടി. ചേംബര്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ് ജി സുരേഷ്‌കുമാര്‍ പറഞ്ഞത്. അതിന്റെ പേരില്‍ അദ്ദേഹത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. ഒരു താരവും സിനിമാവ്യവസായത്തില്‍ അവിഭാജ്യഘടകമല്ല. ആറുമാസം കാണാതിരുന്നാല്‍ ജനം അവരെ മറക്കും. കലക്ഷന്‍ റിപ്പോര്‍ട്ട് എല്ലാ മാസവും പുറത്തുവിടുമെന്നും ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. അതിനിടെ താരങ്ങളുടെ പ്രതിഫലവും പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കുന്നതും പരിഗണിക്കുന്നുണ്ട്. 

നേരത്തേ പ്രഖ്യാപിച്ച സിനിമാ സമരത്തില്‍നിന്നും പിന്നോട്ടില്ലെന്നും ചലച്ചിത്രനിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍മാതാക്കളുടെ സംഘടന തീരുമാനിച്ചാല്‍ നിര്‍ത്തിയിരിക്കുമെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി.സുരേഷ്‌കുമാര്‍ വീണ്ടും ആവര്‍ത്തിച്ചു. സമരം അനാവശ്യമാണെന്ന താരസംഘടന 'അമ്മ'യുടെ നിലപാടിനു പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസിനെതിരെ രൂക്ഷ പ്രതികരണമാണ് ഉയര്‍ന്നത്. ആന്റണിയ്ക്ക് താര സംഘടനയില്‍ അംഗത്വമുണ്ട്. ഇതിനൊപ്പമാണ് പ്രൊഡ്യുസേഴ്സ് അസസിയേഷനിലേയും തിയേറ്റര്‍ ഉടമാ സംഘടനയിലേയും അംഗത്വം. അതെല്ലാം നഷ്ടമാകുന്ന തരത്തിലേക്കാണ് ചര്‍ച്ചകള്‍ പോകുന്നത്. 

അധിക നികുതിഭാരം കുറയ്ക്കണമെന്ന ആവശ്യമുള്‍പ്പെടെ ഉന്നയിച്ച് സര്‍ക്കാരിനെതിരെയാണ് സമരം നടത്തുന്നത്. താരങ്ങള്‍ക്ക് എതിരായല്ല. സിനിമ നിര്‍മിക്കുന്ന താരങ്ങള്‍ വിരലിലെണ്ണാവുന്നവരേ ഉള്ളൂ. നിര്‍മാതാക്കള്‍ സിനിമ നിര്‍ത്തണമെന്ന് തീരുമാനിച്ചാല്‍ നിര്‍ത്തിയിരിക്കും. ഒരു താരവും അവിഭാജ്യ ഘടകമല്ല.'- സുരേഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തനിയ്‌ക്കെതിരായ പോസ്റ്റ് പിന്‍വലിക്കാതെ ആന്റണി പെരുമ്പാവൂരുമായി ചര്‍ച്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 'എനിയ്‌ക്കെതിരേ പോസ്റ്റിട്ടയാളോട് സംസാരിക്കേണ്ട ആവശ്യമില്ല. സമരം പ്രഖ്യാപിക്കാന്‍ ഞാന്‍ ആരാണെന്നാണ് ആന്റണി ചോദിച്ചത്. പ്രസിഡന്റിന്റെ അഭാവത്തിലാണ് ഞാന്‍ യോഗത്തിന് അധ്യക്ഷം വഹിക്കുന്നത്. സംഘടനാ തീരുമാനമാണ് ഞാന്‍ പറഞ്ഞത്. 

സംഘടനയാണ് എന്നെ അതിന് ചുമതലപ്പെടുത്തിയത്. അത് മനസിലാക്കാതെയാണ് ആന്റണി പോസ്റ്റിട്ടത്. ഒരു കാര്യം ചെയ്യുമ്പോള്‍ അത് അന്വേഷിച്ചിട്ടുവേണം അതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തേണ്ടത്. മോഹന്‍ലാലിനെ ആരെങ്കിലും പോയി എന്തെങ്കിലും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതാണ്. അല്ലാതെ മോഹന്‍ലാലും ഞാനുമായിട്ട് ഒരു പ്രശ്‌നവുമില്ല. അതിനാല്‍ മോഹന്‍ലാല്‍ അങ്ങനെ ചെയ്തു എന്ന് പറഞ്ഞാല്‍ എനിക്ക് അത് ഒരു വിഷയമേ അല്ല.' -സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യത്തില്‍ സമവായ ചര്‍ച്ച ആകാമെന്ന് താരങ്ങളുടെ സംഘടനയായ 'അമ്മ' പറഞ്ഞിട്ടുണ്ട്. അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും നിര്‍മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. 

അതേസമയം പ്രതിഫലവുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുമായി സമവായ ചര്‍ച്ച ആകാമെന്നും സംഘടനയില്‍ തീരുമാനമായി. മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ 'അമ്മ' ഓഫിസില്‍ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്


 

antony perumbavoor AND suresh kumar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES