Latest News

ലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റില്‍; എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂരിനു പറയാനുള്ളത്

Malayalilife
 ലാലേട്ടനെ ആദ്യമായി കണ്ടത് പട്ടണപ്രവേശത്തിന്റെ സെറ്റില്‍; എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്; മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച്  ആന്റണി പെരുമ്പാവൂരിനു പറയാനുള്ളത്

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം ഇപ്പോള്‍ കൂട്ടിവായിക്കപ്പെടുന്ന പേരാണ് ആന്റണി പെരുമ്പാവൂര്‍ എന്നത്. വ്യക്തിജീവിത്തതിലും സിനിമാ ജീവിതത്തിലും ബിസിനിസിലായാലും മോഹന്‍ലാലിനൊപ്പം ആണ് ആന്റണി പെരുമ്പാവൂരിന്റെ സ്ഥാനം. മോഹന്‍ലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിര്‍മ്മിക്കുന്നതും ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ്. മാത്രമല്ല ലാലേട്ടന്റെ കട്ട ആരാധകനുമാണ് ആന്റണി.മോഹന്‍ലാല്‍ -ആന്റണി പെരുമ്പാവൂര്‍ ബന്ധത്തിന്റെ അടിത്തറയെന്താണ് എന്നത് പലരും ചോദിക്കാറുള്ള ചോദ്യമാണ്. സുഹൃത്തുക്കളാണോ, ജേഷ്ഠനും അനുജനുമാണോ, മുതലാളിയും ഡ്രൈവറുമാണോ എന്നാല്‍ അതിനെല്ലാം അപ്പുറം എന്നാണ് പല അവസരങ്ങളിലായി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും പറഞ്ഞിട്ടുള്ളത്. ഇപ്പോഴിതാ ആ ബന്ധത്തിന്റെ ആഴമായ അര്‍ത്ഥങ്ങളെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഭാഷാപോഷിണിക്ക് നല്കിയ അഭിമുഖത്തിലാണ് ആന്‍ണി പെരുമ്പാവൂര്‍, മോഹന്‍ലാലുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുന്നത്.

ചില ചാനല്‍ ചര്‍ച്ചകളില്‍ പോലും പലരും എന്നെ അഭിസംബോധന ചെയ്യുന്നത്, ശ്രദ്ധിച്ചിട്ടുണ്ട്, വെറുമൊരു ഡ്രൈവറായ ആന്റണി എന്നൊക്കെ. അതില്‍ എനിക്ക് പരാതിയില്ല. കാരണം അന്നും ഇന്നും ഞാന്‍ ഡ്രൈവര്‍ തന്നെയാണ്. മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍. അദ്ദേഹം എന്റെ മുതലാളിയാണ്. ഞങ്ങള്‍ പരസ്പരം അതിലും വലുത് പലതുമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പട്ടണപ്രവേശം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് ഞാന്‍ ലാല്‍ സാറിനെ അടുത്ത് കാണുന്നത്. പല താരങ്ങള്‍ക്ക് വേണ്ടിയും ഓടിക്കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചിയിലെ വീട്ടില്‍ പോയി ലാല്‍ സാറിനെ കൂട്ടി വരാന്‍ എന്നെ സെറ്റില്‍ നിന്ന് നിയോഗിച്ചു. യാത്രയില്‍ ഒരക്ഷരം പോലും മിണ്ടിയില്ല. ഞാന്‍ തിരിഞ്ഞു പോലും നോക്കിയില്ല. ആ സമയത്തൊക്കെ ഞാനദ്ദേഹത്തിന്റെ കടുത്ത ആരാധകനായിരുന്നെങ്കില്‍ പോലും. പിന്നീട് ആ സെറ്റില്‍ ഞാനദ്ദേഹത്തിന്റെ ഡ്രൈവറായി.

ഒരിക്കല്‍ അദ്ദേഹം എന്നെ ആന്റണി എന്ന് പേര് വിളിച്ച് സംസാരിച്ചു. അതെനിക്ക് വലിയ അത്ഭുതമായി. പിന്നീട് ആ ഷൂട്ടിങ് കഴിഞ്ഞു യൂണിറ്റ് മടങ്ങി. മൂന്നാംമുറ എന്ന സിനിമയുടെ ഷൂട്ടിങ് അമ്പലമേട്ടില്‍ നടക്കുമ്പോള്‍ കൂട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടി അവരെയു കൂട്ടി ലാല്‍ സാറിനെ കാണാന്‍ വേണ്ടി പോയി.സെറ്റില്‍ കടക്കാന്‍പോലും പറ്റില്ലെന്ന് എനിക്കറിയാമായിരുന്നു. കുറെ നേരം ആള്‍ക്കൂട്ടത്തില്‍ കാത്തുനില്‍ക്കുന്നതിനിടയില്‍ ഉച്ചയ്ക്കു മൂന്നുമണിയോടെ ഒരു കെട്ടിടത്തിനു അകത്തു നിന്നു ലാല്‍ സാര്‍ എന്നെ കൈകാണിച്ചു വിളിച്ചു. അന്തം വിട്ടുപോയി. ഇനിയും എന്നെ മറന്നില്ല. സെറ്റിനു നടുവിലൂടെ ആള്‍ക്കൂട്ടത്തില്‍നിന്നിറങ്ങി ഞാന്‍ ഓടുകയായിരുന്നു. 'വണ്ടി കൊണ്ടുവന്നിട്ടുണ്ടോ ആന്റണീ. ' ഇല്ല. 'നാളെ എടുത്തിട്ടു വരാമോ. നമുക്ക് ഓടാം. ' പ്രൊഡക്ഷന്‍ മാനേജര്‍ സെവനാര്‍ട്‌സ് മോഹനേട്ടനെ വിളിച്ചു ഈ വണ്ടികൂടി ഓടിക്കോട്ടെ എന്നു പറഞ്ഞു. ഷൂട്ടിങ് തീരുന്നതിനു മുന്‍പു ലാല്‍ സാര്‍ ചോദിച്ചു, ആന്റണി എന്റെ കൂടെ വരുന്നോ എന്ന്. വരാം സാര്‍ എന്നു മാത്രം പറഞ്ഞു. ആ വിവരം ഞാന്‍ ആരോടും പറഞ്ഞില്ല. കാരണം അതു വിശ്വസിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒരു കുഗ്രാമത്തില്‍നിന്നു വന്ന ഞാന്‍ ലാല്‍ സാറിന്റെ വണ്ടിയുടെ ഡ്രൈവറാകുന്നു എന്നതു എനിക്കുതന്നെ വിശ്വസിക്കാനായില്ല. എത്ര കഷ്ടപ്പെട്ടാലും ലാല്‍ സാറിന്റെ സിനിമകള്‍ ആദ്യ ഷോ കണ്ടിരുന്നു. ആ മനുഷ്യനാണു വരുന്നോ എന്നു ചോദിച്ചത്. പോകുന്നതിന്റെ രണ്ടു ദിവസം മുന്‍പാണു വീട്ടില്‍പ്പോലും പറഞ്ഞത്.

അന്ന് വീട്ടില്‍ ചെന്നപ്പോള്‍ എനിക്കൊരു മുറി തന്നു. പിന്നീട് ഏത് വീട് പണിതാലും എനിക്കൊരു മുറി മാറ്റി വച്ചിരുന്നു. പത്ത് വര്‍ഷം മാത്രമാണ് ഞാനദ്ദേഹത്തിന്റെ ഡ്രൈവറായി ജോലി ചെയ്തത്. പിന്നീട് മറ്റ് പല ജോലികളും അദ്ദേഹമെന്നെ ഏല്‍പ്പിച്ചു. ആരെങ്കിലും ലാല്‍ സാറിന്റെ മാനേജരാണോയെന്ന് ചോദിച്ചാലും ഡ്രൈവറാണെന്നേ ഞാന്‍ പറയാറുള്ളൂ.ലാല്‍ സാറുമായി ഇറങ്ങുമ്പോഴെല്ലാം അദ്ദേഹത്തിന്റെ അമ്മ എന്നോട് പറയും ആന്റണി എന്റെ കുട്ടിയെ നോക്കിക്കേണേയെന്ന്. എന്റെ കുട്ടികളേക്കാള്‍ കൂടുതല്‍ ഞാന്‍ കണ്ടത് ലാല്‍ സാറിന്റെ കുട്ടികളെയാണ്. പ്രണവ് എത്രയോ രാത്രികളില്‍ എന്റെയൊപ്പം ഉറങ്ങിയിരിക്കുന്നു. മാസത്തില്‍ ഒരിക്കല്‍പ്പോലും വീട്ടിലെത്താത്ത ഭര്‍ത്താവായിരുന്നു ഞാന്‍. ശാന്തിയുടെ മിടുക്കാണു കുട്ടികളെ വളര്‍ത്തിയത്. അവള്‍ക്കറിയാമായിരുന്നു ഞാന്‍ വലിയൊരു മനുഷ്യന് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്ന്.കാറില്‍ കയറിയാല്‍ അദ്ദേഹം ഉറങ്ങുകയേയുള്ളൂ. എത്ര കുണ്ടിലും കുഴിയിലും വീണാലും ആന്‍ണി.. എന്നുപോലും വിളിക്കാറില്ല.ആരെന്ത് പറഞ്ഞാലും ഞാന്‍ ആ മനുഷ്യനു വേണ്ടി ജീവിക്കും. ലോകം കാണാന്‍ കൊതിക്കുന്ന ഒരു മനുഷ്യന്റെ നിഴല്‍ ഞാനാണെന്നതില്‍ അഭിമാനിക്കുന്നു. ഞാന്‍ ഡ്രൈവറായ ആന്റണി മാത്രമാണ്. അതിലപ്പുറം ഒന്നും ആകുകയും വേണ്ട. പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കര്‍ത്താവിന്റെ മുഖത്തോടൊപ്പം പല തവണ ലാല്‍ സാറിന്റെ മുഖം കണ്ടിട്ടുണ്ട്. ഇത് എന്റെ നെഞ്ചില്‍ കൈവച്ചു പറയുന്നതാണ്. ഞാന്‍ പല തവണ കണ്ടിട്ടുണ്ട്. ആന്റണി പറയുന്നു.

antony-permubavoor-says-about-mohanlal-relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES