സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന തന്റെ വ്യാജ മരണവാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് നടി ജുവല്‍ മേരി. രണ്ടു ദിവസമായി തന്നെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണ് താരം വീഡിയോയിലൂടെ രംഗത്തെത്തിയത്. 'ചത്തിട്ടില്ല മക്കളെ ഞാന്‍ ചത്തിട്ടില്ല!' എന്ന കുറിപ്പോടെയാണ് ജുവല്‍ മേരി തന്റെ വീഡിയോ പങ്കുവെച്ചത്. തന്റെ ശബ്ദം നഷ്ടപ്പെട്ടെന്നും, മരണം കാത്തു കിടക്കുകയാണെന്നും, അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്നും പറഞ്ഞുകൊണ്ട് കുറച്ചുപേര്‍ ചേര്‍ന്ന് തന്നെ കൊന്ന് അടിയന്തരത്തിന്റെ കാര്‍ഡ് അടിച്ചു കൊണ്ടിരിക്കുകയാണെന്ന് ജുവല്‍ പറയുന്നു. എന്നാല്‍ നമ്മള്‍ ഫിനിഷ്ഡ് അല്ലെന്നും താരം വ്യക്തമാക്കി.
ജുവല്‍ മേരിയുടെ വാക്കുകള്‍ ഇങ്ങനെ: 'രണ്ടു ദിവസമായി എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ഈ വിഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാന്‍ ചത്തിട്ടില്ല! രണ്ടു ദിവസമായി 'എന്റെ ശബ്ദം നഷ്ടപ്പെട്ടു, ഞാന്‍ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാന്‍ പറ്റില്ല' എന്നൊക്കെ പറഞ്ഞ് കുറച്ചു പേര്‍ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാര്‍ഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷേ, നമ്മള്‍ ഫിനിഷ്ഡ് അല്ല.
2023-ല്‍ എനിക്കുവന്ന കാന്‍സറിനെക്കുറിച്ച് ഞാന്‍ പൊതുപരിപാടിയില്‍ പറഞ്ഞിരുന്നു. അവിടെ പറഞ്ഞ കാര്യങ്ങള്‍ എടുത്ത് ഇപ്പോള്‍ ഞാന്‍ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി, തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷന്‍സ് കൊടുത്ത് എന്നെ കൊന്നടക്കാന്‍ വേണ്ടി തയാറെടുത്തുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല. നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോള്‍ ഇനി ആ വാര്‍ത്ത അങ്ങോട്ട് വിട്ടേര്! എന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ എനിക്കുവേണ്ടി ടെന്‍ഷന്‍ അടിക്കുകയും വിളിക്കുകയും, എനിക്ക് എന്തുപറ്റി എന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്! അപ്പോള്‍ നിങ്ങള്‍ ഹാപ്പി ആയിട്ട് ഇരിക്കുക.
2023-ലാണ് ജുവല്‍ മേരിക്ക് തൈറോയ്ഡ് കാന്‍സര്‍ ആണെന്ന് കണ്ടെത്തുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെതന്നെ അവര്‍ വെളിപ്പെടുത്തിയിരുന്നു. ഒരു ചെക്കപ്പിന് പോയപ്പോഴാണ് തൈറോയ്ഡ് കാന്‍സറാണെന്ന സംശയം തോന്നിയത്. പിന്നീട് ചികിത്സ തേടി. ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണെന്നും സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ഒരു വെളിച്ചമേകാനാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞതെന്നും അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ അവര്‍ പറഞ്ഞിരുന്നു.