Latest News

'മൂന്ന് മണിക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തിയില്ല; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ കയ്യിലുണ്ട്; കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അന്‍സിബയുടെ വാട്സ്ആപ്പ് സന്ദേശമാണ് പരാതിക്ക് കാരണം'; അന്‍സിബയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ലക്ഷ്മിപ്രിയ 

Malayalilife
 'മൂന്ന് മണിക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിരുത്തിയില്ല; ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ കയ്യിലുണ്ട്; കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള അന്‍സിബയുടെ വാട്സ്ആപ്പ് സന്ദേശമാണ് പരാതിക്ക് കാരണം'; അന്‍സിബയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ലക്ഷ്മിപ്രിയ 

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നും രാജിവെച്ചതിന് പിന്നാലെ നടി അന്‍സിബ ഹസന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി ലക്ഷ്മിപ്രിയ. താന്‍ അയച്ച സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതിയില്‍ തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ മൊഴി നല്‍കാന്‍ പോകുന്നതിന് മുമ്പാണ് ലക്ഷ്മിപ്രിയയുടെ പ്രതികരണം. പോലീസ് സ്റ്റേഷനില്‍ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു എന്ന നടി അന്‍സിബയുടെ വാദം പൂര്‍ണ്ണമായും തള്ളി ലക്ഷ്മിപ്രിയ രംഗത്തെത്തി. 

തങ്ങള്‍ രണ്ടുപേരും സ്റ്റേഷനില്‍ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂര്‍ 17 മിനിറ്റ് 20 സെക്കന്‍ഡ് മാത്രമാണെന്നും, ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ബോധ്യമുണ്ടെന്നും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കി. അന്ന് സ്റ്റേഷനില്‍ നടന്ന കാര്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെയുള്ളവ തന്റെ പക്കലുണ്ടെന്നും അവ പോലീസിന് കൈമാറിയിട്ടുണ്ടെന്നും, പോലീസിന് മൊഴി നല്‍കാന്‍ പോകുന്നതിന് മുന്‍പായി ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. 

തന്റെ കുടുംബജീവിതത്തെ തകര്‍ക്കുന്ന രീതിയിലുള്ള വാട്‌സ്ആപ്പ് സന്ദേശം അന്‍സിബ അയച്ചതുകൊണ്ടാണ് പോലീസില്‍ പരാതി നല്‍കേണ്ടി വന്നതെന്നാണ് ലക്ഷ്മിപ്രിയ വ്യക്തമാക്കുന്നത്. 'ചേച്ചി ദുബായില്‍ വച്ച് എന്തെങ്കിലും ഫോട്ടോ എടുത്തിരുന്നോ?' എന്ന് തുടങ്ങുന്നതായിരുന്നു അന്‍സിബയുടെ ആ സന്ദേശം. ഈ അനാവശ്യ സന്ദേശത്തെക്കുറിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും വ്യക്തമായ ഒരു മറുപടി നല്‍കാന്‍ അന്‍സിബ തയ്യാറായില്ലെന്നും, തന്റെ കുടുംബത്തെ ബാധിക്കുന്ന അവസ്ഥ വന്നപ്പോഴാണ് നിയമനടപടിയുമായി മുന്നോട്ട് പോയതെന്നും ലക്ഷ്മിപ്രിയ ആരോപിച്ചു. തന്റെ ഈ നീക്കത്തിന് പിന്നില്‍ മറ്റ് അജണ്ടകളോ ആരുടെയും പ്രേരണയോ ഇല്ലെന്ന് വ്യക്തമാക്കിയ അവര്‍, വ്യക്തികള്‍ തമ്മിലുള്ള ഇത്തരം പ്രശ്നങ്ങളില്‍ താരസംഘടനയായ 'അമ്മ' ഇടപെടേണ്ട കാര്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍, താന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് അന്‍സിബയുടെ പരാതി. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്‌ക്കെതിരെ അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. എസ്.ഐ സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള ലക്ഷ്മിപ്രിയയുടെ പരാതിക്ക് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്നുമാണ് അന്‍സിബ ആരോപിക്കുന്നത്. സ്റ്റേഷനില്‍ വെച്ച് നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അന്‍സിബ ആവശ്യപ്പെട്ടിട്ടുണ്ട്. 

തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ഓഫീസില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അന്‍സിബ, നടന്‍ ടിനി ടോമിനെതിരെയും 'അമ്മ' സംഘടനയ്‌ക്കെതിരെയും കടുത്ത വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്. കഴിഞ്ഞ ഫെബ്രുവരി 21-നാണ് അന്‍സിബ ഹസന്‍ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്നു രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളും തൊഴില്‍പരമായ തിരക്കുകളുമാണ് രാജിക്ക് കാരണമെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണമെങ്കിലും, രാജിവെക്കാന്‍ കാരണം നടന്‍ ടിനി ടോമും സംഘടനയിലെ മറ്റുചിലരുമാണെന്ന് അന്‍സിബ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. പേര് അന്‍സിബ ഹസന്‍ എന്നായതുകൊണ്ട് വ്യക്തിവിരോധം തീര്‍ക്കാന്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കാന്‍ ടിനി ടോം ശ്രമിച്ചുവെന്നും തന്നെ 'ജിഹാദി' എന്ന് വിളിച്ചതായും അന്‍സിബ ആരോപിച്ചു.
 

lakshmipriya about ansiba hassan case

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES