Latest News

'2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസര്‍'; ആര്‍. ശ്രീലേഖയുടെ ആര്‍ത്തവ അവധി പരാമര്‍ശത്തെ പരിഹസിച്ച് ഭാഗ്യലക്ഷ്മി;  വിമര്‍ശിക്കുന്നവര്‍ക്ക് അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവെന്ന് നടി അശ്വതി ശ്രീകാന്ത്;ആര്‍ത്തവാവധി ആനുകൂല്യമല്ല, അനിവാര്യതയെന്ന് അജു വര്‍ഗീസ്

Malayalilife
 '2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഐപിഎസ് ഓഫീസര്‍'; ആര്‍. ശ്രീലേഖയുടെ ആര്‍ത്തവ അവധി പരാമര്‍ശത്തെ പരിഹസിച്ച് ഭാഗ്യലക്ഷ്മി;  വിമര്‍ശിക്കുന്നവര്‍ക്ക് അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവെന്ന് നടി അശ്വതി ശ്രീകാന്ത്;ആര്‍ത്തവാവധി ആനുകൂല്യമല്ല, അനിവാര്യതയെന്ന് അജു വര്‍ഗീസ്

വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായുള്ള കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തിലേറി രണ്ടാഴ്ച പിന്നിടുമ്പോള്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ആര്‍ത്തവ അവധി'യെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊഴുക്കുന്നു. പുതിയ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലായിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ വേളയില്‍ മൂന്ന് ദിവസത്തെ അവധി നല്‍കുമെന്ന വിപ്ലവകരമായ പ്രഖ്യാപനമുണ്ടായത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ, മുന്‍ ഡിജിപിയും നിലവില്‍ ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. 

ആര്‍ത്തവം എന്നത് സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്നും എന്നാല്‍ സ്‌കൂളുകളില്‍ ഇതിനായി പ്രത്യേക അവധി നല്‍കിയാല്‍ പെണ്‍കുട്ടികളുടെ ആര്‍ത്തവ വിവരം എല്ലാവരും അറിയുമെന്ന തരത്തിലുമായിരുന്നു ശ്രീലേഖ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ്. മാസാമാസം കുട്ടി ക്ലാസ്സില്‍ പോകാതിരുന്നാല്‍ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ എപ്പോഴാണ് ഏതു കുട്ടിക്ക് ആര്‍ത്തവം എന്ന് അറിയുമെന്നും, അത് നാണക്കേടല്ലേ എന്നുമാണ് ശ്രീലേഖ ചോദിച്ചത്. ശ്രീലേഖയുടെ ഈ പ്രസ്താവനയ്‌ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നടിയും പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഇവരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ആര്‍. ശ്രീലേഖയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. 'ദേ അടുത്തത്.. 2026 ആയിട്ടും നേരം വെളുത്തിട്ടില്ലാത്ത ഒരു ഐപിഎസ് ഓഫീസര്‍,' എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍. ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ മുന്‍ ഡിജിപിയെ ട്രോളിയും വിമര്‍ശിച്ചും നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. 

'ഇപ്പോഴത്തെ കാലത്ത് ആര്‍ക്കാണ് മാഡം ഇത് അറിയാന്‍ വയ്യാത്തത്? ആണ്‍കുട്ടികള്‍ വരെ പെണ്‍കുട്ടികള്‍ക്ക് പാഡ് വാങ്ങി കൊടുക്കുന്ന കാലമായി മാറി. പണ്ടത്തെപ്പോലെ തുണി പൊതിഞ്ഞു വെക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇത് ആര്‍ത്തവമാണ്, അവിഹിതമല്ല,' എന്നായിരുന്നു ശ്രീലേഖയുടെ പോസ്റ്റിനെതിരെ വന്ന ഒരു പ്രധാന കമന്റ്. 'പാവം വിട്ടുകള ചേച്ചി, പെട്ടെന്ന് കേട്ടപ്പോള്‍ പഴയ ചിന്താഗതിയില്‍ ചിന്തിച്ചു പോയതാകും,' എന്ന് പരിഹസിച്ചവരും ഉണ്ട്. എന്തായാലും യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിലെ ഈ ആര്‍ത്തവ അവധി തീരുമാനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയൊരു ആശയസംവാദത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ തീരുമാനത്തെ പൂര്‍ണ്ണമായി സ്വാഗതം ചെയ്ത് പ്രശസ്ത നടിയും ടെലിവിഷന്‍ അവതാരകയുമായ അശ്വതി ശ്രീകാന്ത് രംഗത്തെത്തി.
തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ട് വരുന്ന പ്രതികരണങ്ങളില്‍ ഇക്വാലിറ്റിയെക്കുറിച്ചുള്ള തെറ്റായ ബോധവും അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുമാണ് മുഴച്ചുനില്‍ക്കുന്നതെന്ന് അശ്വതി ചൂണ്ടിക്കാണിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.


ആര്‍ത്തവ അവധി എന്ന പ്രഖ്യാപനം പ്രസക്തമാവുന്നത് അതൊരു ജൈവപരമായ വസ്തുതയെ ഉറക്കെ അംഗീകരിക്കുന്നു എന്നതു കൊണ്ടാണെന്ന് അശ്വതി കുറിച്ചു. 'ആര്‍ത്തവ അവധി പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പ്രത്യേക ആനുകൂല്യമല്ല. മറിച്ച്, ജനസംഖ്യയുടെ പകുതിയോളം വരുന്ന ആളുകള്‍ അനുഭവിക്കുന്ന ഒരു സ്വാഭാവിക ജൈവപ്രക്രിയയുടെ സമയത്ത് അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കലാണ്; ആ സമയത്തെ വിശ്രമത്തെ നോര്‍മലൈസ് ചെയ്യലാണ്. സമത്വം എന്നത് എല്ലാവര്‍ക്കും എല്ലാം ഒരുപോലെയാണെന്ന് നടിക്കുന്നതല്ല, വ്യത്യസ്തമായ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതനുസരിച്ച് പിന്തുണ നല്‍കുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കുന്നതാണ് യഥാര്‍ത്ഥ സമത്വം. ഒളിച്ചും മറച്ചും നാണിച്ചും അപമാനം അനുഭവിച്ചും കുറ്റബോധം പേറിയും കഴിച്ചുകൂട്ടിയ പഴയ തലമുറകളുടെ പിന്‍ഗാമികളെങ്കിലും ആര്‍ത്തവ ദിനങ്ങളില്‍ ആശ്വസിക്കട്ടെ,' അശ്വതി ശ്രീകാന്ത് കുറിച്ചു.

ഇത്തരത്തില്‍ വിഷയത്തില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സിനിമാലോകത്ത് നിന്ന് ഒരാള്‍ ഈ വിഷയത്തില്‍ കൃത്യമായ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അജു വര്‍ഗീസ്.

ഇന്നലെ ഇല്ലാതിരുന്നതിന്റെ അര്‍ത്ഥം നാളെ ഉണ്ടാകാന്‍ പാടില്ല എന്നല്ലല്ലോ എന്ന ചോദ്യത്തോടെയാണ് അജു തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍ത്തവം എന്നത് സ്വാഭാവികമാണ്. എന്നാല്‍, എല്ലാ കുട്ടികളും അത് തനിയെ കൈകാര്യം ചെയ്യാന്‍ തയ്യാറാണെന്ന് അതിനര്‍ത്ഥമില്ല. നമ്മുടെ കുഞ്ഞുങ്ങളുടെ ക്ഷേമത്തിനും സുഖത്തിനും അന്തസ്സിനും നാം മുന്‍ഗണന നല്‍കണം. ഈ സമയത്ത് പെണ്‍കുഞ്ഞുങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നത് പ്രത്യേക ആനുകൂല്യമല്ല, അത് ഒരു ആവശ്യകതയാണ്. ഇന്നലെ ഇല്ലാതിരുന്നതിന്റെ അര്‍ത്ഥം നാളെ ഉണ്ടാകാന്‍ പാടില്ല എന്നല്ലല്ലോ?എന്ന ചോദ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് അജു അവസാനിപ്പിക്കുന്നത്.

criticizing menstrual leave

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES