ബാലതാരമായി സിനിമയില്‍ എത്തിയ അനശ്വര രാജന്‍ ഇപ്പോള്‍ മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്.മഞ്ജു വാര്യരുടെ മകളായി ഉദാഹരണം സുജാതയിലൂടെയാണ് താരം സിനിമാ രംഗത്തെത്തിയത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ, മൈക്ക്, ഓസ്ലര്‍, നേര് എന്നീ ചിത്രങ്ങളിലൂടെ അനശ്വര പ്രേക്ഷകരുടെ പ്രിയങ്കരിയായി.
ഇപ്പോഴിതാ കരിയറിന്റെ ഒരു ഘട്ടത്തില്‍ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ചും, അതിനെ താന്‍ എങ്ങനെ മറികടന്നുവെന്നും വെളിപ്പെടുത്തുകയാണ് അനശ്വര. 18-ാം പിറന്നാളിന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് പിന്നാലെ വന്ന സൈബര്‍ ആക്രമണങ്ങള്‍ ഏറെ വിഷമിപ്പിച്ചെന്നും അനശ്വര പറഞ്ഞു. ധന്യവര്‍മ്മയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ താരം പറഞ്ഞത്.
18-ാം പിറന്നാളിന് ചേച്ചിയാണ് എനിക്ക് ആ ഷോര്‍ട്‌സ് സമ്മാനമായി നല്‍കിയത്. അത് ധരിച്ച് ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ മോശം കമന്റുകള്‍ വരുകയായിരുന്നു. വീട്ടില്‍ ഉള്ളവര്‍ വരെ പേടിച്ചുപോയി. എന്താണ് ഇങ്ങനെ പറയുന്നത് എന്ന് കരുതി. 18വയസ് ആവാന്‍ കാത്തിരുന്നോയെന്നായിരുന്നു പലരുടെയും കമന്റ്.
എന്നാല്‍ എന്റെ ചേച്ചി എനിക്ക് ഒപ്പം നിന്നും. അതിനാല്‍ തന്നെ അത് വലിയ ഒരു സംഭവമായി എനിക്ക് തോന്നിയില്ല. പക്ഷെ അതൊക്കെ കാരണം ഒരു സമയത്ത് താന്‍ വല്ലാതെ ഒതുങ്ങി പോയി. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ വളരെ ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂ. ആളുകള്‍ അതില്‍ നിന്ന് ട്രോള്‍ ഉണ്ടാക്കുമോ എന്നായിരുന്നു പേടിച്ചു.' അനശ്വര പറഞ്ഞു.
സൂപ്പര്‍ ശരണ്യ കഴിഞ്ഞ സമയത്ത് എന്നെ മോശം കമന്റുകള്‍ ബാധിച്ചിട്ടുണ്ടെന്നും കമന്റ് ബോക്‌സ് നോക്കാന്‍ തന്നെ പേടിയായിരുന്നെന്നും താരം വ്യക്തമാക്കി. ചില നെഗറ്റീവ് കമന്റ് കാണുമ്പോള്‍ തകര്‍ന്നു പോകും. സിനിമയെയും ഇത് ബാധിച്ചിട്ടുണ്ടെന്ന് മനസിലാക്കിയപ്പോള്‍ പേടിയുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
ആ ഭയം എന്റെ പെരുമാറ്റത്തിലും കടന്നുവന്നിരുന്നു. ഇന്റര്‍വ്യൂവിലൊക്കെ ഓരോന്ന് പറയുമ്പോഴും അതിന് മുന്‍പ് ഒരുപാട് ആലോചിക്കാറുണ്ടായിരുന്നു. ഒരിക്കലും അങ്ങനെ ഒരാള്‍ ആയിരുന്നില്ല ഞാന്‍. എന്നെ അറിയാവുന്നവര്‍ എന്നോട് ചോദിച്ചിട്ടുണ്ട് എന്താണ് പറ്റിയതെന്ന്. പിന്നെ ആളുകളെ ഇങ്ങനെ കളിയാക്കുന്നത് കാണുമ്പോള്‍ എപ്പോഴും ചിന്തിക്കാറുണ്ട്, ഓപ്പോസിറ്റ് നില്‍ക്കുന്ന ആള്‍ക്ക് ഒരിത്തിരി മാനുഷിക പരിഗണന കൊടുത്തുകൂടേയെന്ന്' അനശ്വര കൂട്ടിച്ചേര്‍ത്തു.
ഈ കാലഘട്ടത്തില്‍ നിരവധി പേരാണ് സൈബര്‍ ആക്രമണം നേരിടുന്നത്. ഈ കമന്റ് ചെയ്യുന്ന കാര്യം നേരില്‍ കണ്ടാല്‍ ആരും പറയില്ല. ഒരു മറയുള്ളത് കൊണ്ടാണ് ഇത്തരം മോശം കമന്റുകള്‍ ഇടുന്നത്. അത് അപ്പുറത്തുള്ള ആളെ മാനസികമായി തളര്‍ത്തുന്നു. യൂട്യൂബില്‍ വരുന്ന എന്റെ വീഡിയോകളുടെ കമന്റ് നോക്കാന്‍ എനിക്ക് പേടിയായിരുന്നു. എന്നാല്‍ ഓസ്ലര്‍, നേര് എന്നീ സിനിമകള്‍ക്ക് ശേഷം കൂടുതല്‍ ആത്മവിശ്വാസം കിട്ടി. '- അനശ്വര പറഞ്ഞു.