മലയാളികളെ കുടുകുടാ ചിരിപ്പിച്ച മലയാളചിത്രങ്ങളില്‍ ഒന്നാണ് കിലുക്കം. എത്ര കണ്ടാലും മടുക്കാതെ ഇപ്പോഴും പ്രിയപ്പെട്ട സിനിമകളുടെ ലിസ്റ്റില്‍ മലയാളി സൂക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കിലുക്കം'. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്റ്, മുരളി തുടങ്ങിയ വന്‍ താരനിരയെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പിന്നാമ്പുറ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യലിടത്തില്‍ വൈറാലാകുന്നത്.
അക്കാലത്ത് തെന്നിന്ത്യയാകെ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു അമല. തെലുങ്കില്‍ നിന്നും മലയാളത്തിലെത്തിയ അമലെയെയായിരുന്നു പ്രിയദര്‍ശന്‍ ആദ്യം മോഹന്‍ലാലിന്റെ നായികയായി കിലുക്കത്തില്‍ കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചിത്രം രേവതിയിലേക്ക് എത്തുകയായിരുന്നു. സമുഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പോസ്റ്റില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കിലുക്കത്തില്‍ നിന്നും അമലയെ മാറ്റിയെന്ന പഴയൊരു വാര്‍ത്തയുടെ പത്ര കട്ടിങ് പങ്കുവെക്കുന്ന പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
>എന്റെ സൂര്യപുത്രിയ്ക്ക്, ഉളളടക്കം തുടങ്ങിയ മലയാളം സിനിമകളില്‍ അഭിനയിച്ച് മലയാളത്തില്‍ അമല സജീവമായി നില്‍ക്കുന്ന സമയം ആയിരുന്നു അത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിന് ചില ദിവസങ്ങള്‍ മുന്‍പ് ചില അസൗകര്യങ്ങള്‍ മൂലം അമല കിലുക്കത്തില്‍ നിന്ന് പിന്മാറുകയും പകരം ആ വേഷം രേവതിയിലേക്ക് എത്തുകയും ചെയ്തു.
1991ല്‍ പുറത്തിറങ്ങിയ കിലുക്കം തിയേറ്ററുകളില്‍ ഒരു വര്‍ഷത്തോളം പ്രദര്‍ശിപ്പിച്ചിരുന്നു. വേണു നാഗവളളിയാണ് സിനിമയ്ക്കായി കഥയും തിരക്കഥയും ഒരുക്കിയത്. ഗുഡ് നൈറ്റ് ഫിലിംസിന് വേണ്ടി ആര്‍ മോഹന്‍ ആണ് കിലുക്കം നിര്‍മിച്ചത്.