പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡ്. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ജോലികള്‍ പൂര്‍ത്തിയാകാത്തത്തിനാല്‍ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതിയ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നിരവധി പേരാണ് റിലീസ് തിയതി എന്നാണെന്ന് ചോദിച്ച് രംഗത്തെത്തുന്നത്.
ഇപ്പോളിതാ റിലീസ് കുറച്ചു കൂടി വൈകുമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ അറിയിച്ചിരിക്കുകയാണ്. രാധകന്റെ കമന്റിന് മറുപടിയായി ഫെയ്സ്ബുക്കിലാണ് അല്‍ഫോന്‍സ് ഇക്കാര്യം പറഞ്ഞത്. കുറച്ച് സംഗീതവും കുറച്ച് കളറിങ്ങുമടക്കമുള്ള അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാനുണ്ടെന്നും ഇപ്പോള്‍ റിലീസ് തീയതി പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കുറിച്ചു.
റിലീസ് ഡേറ്റ് എന്നാണ് എന്നായിരുന്നു ആരാധകന്റെ ചോദ്യം. അല്‍ഫോന്‍സിന്റെ മറുപടി ഇങ്ങനെ: 'കുറച്ചു കൂടി വര്‍ക്ക് തീരാനുണ്ട് ബ്രോ. കുറച്ച് കംപ്യൂട്ടര്‍ ഗ്രാഫിക്സ്, കുറച്ച് മ്യൂസിക്, കുറച്ച് കളറിങ്, കുറച്ച് അറ്റകുറ്റപ്പണികള്‍ ബാലന്‍സ് ഉണ്ട്. അത് തീരുമ്പോള്‍ തന്നെ ഞാന്‍ ഡേറ്റ് പറയാം. അതുവരെ എന്നോട് ക്ഷമിക്കണം ബ്രോ. ഓണം ആയിരുന്നു തിയറ്ററില്‍നിന്ന് സജസ്റ്റ് ചെയ്ത ഡേറ്റ്. പക്ഷേ അന്ന് വര്‍ക്ക് തീര്‍ന്നില്ല. വേവാത്ത ഭക്ഷണം ആര്‍ക്കും ഇഷ്ടമാവില്ല ബ്രോ. അതുകൊണ്ട് നല്ലോണം വെന്തിട്ട് തരാം എന്ന് കുക്ക് ആയ ഞാന്‍ തീരുമാനിച്ചത്. റിലീസ് ഡേറ്റ് പ്രഖ്യാപിക്കാത്തതില്‍ ക്ഷമിക്കണം.'
ഏഴുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അല്‍ഫോന്‍സ് പുത്രന്റെ ചിത്രം തിയറ്ററുകളിലെത്തുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.