മലയാളികള്‍ക്ക് മറക്കാന്‍ പറ്റാത്ത നടിയാണ് അന്തരിച്ച സുകുമാരി. സുകുമാരിയെക്കുറിച്ചുള്ള ഓര്‍മകള്‍ സഹപ്രവര്‍ത്തകര്‍ ഇപ്പോഴും പങ്കുവെക്കാറുണ്ട്.പൂജാ മുറിയില്‍ നിന്ന് തീ പാെള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് സുകുമാരി മരിച്ചത്.72ാം വയസിലാണ് സുകുമാരി ലോകത്തോട് വിട പറയുന്നത്. സുകുമാരിക്ക് തീ പൊള്ളലേറ്റ ദിവസത്തെക്കുറിച്ചും ലിസിയോടുള്ള നടിയുടെ അടുപ്പത്തെക്കുറിച്ചും സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഓര്‍മകള്‍ പങ്കുവെച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
തലേ ദിവസം രാത്രി വൈകി വന്നത് കാരണം സുകുമാരി ചേച്ചി എഴുന്നേറ്റപ്പോള്‍ ഒമ്പത് മണിയോളമായി. മകന്‍ സുരേഷ് പൂജാ മുറിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് അമ്മയ്ക്ക് പ്രാര്‍ത്ഥിക്കാനുള്ള ഒരുക്കങ്ങള്‍ ചെയ്താണ് പോയത്. ഒരു വിളക്കും അവിടെ കത്തിച്ച് വെച്ചിരുന്നു. സുകുമാരി ചേച്ചി പൂജാമുറിയില്‍ വന്നപ്പോള്‍ ഒന്നുകൂടി ശരിയാക്കണമെന്ന് തോന്നി. പോളിസ്റ്റര്‍ പോലത്തെ തുണിയുടെ മാക്‌സിയാണ് ഇട്ടിരുന്നത്.
മുണ്ടൊക്കെ ഉടുക്കുന്നത് പോലെ അത് ചേര്‍ത്ത് ഉടുത്തിരുന്നു. പൂജാമുറി ഒന്നുകൂടി വൃത്തിയാക്കി. അതിനിടെയാണ് തുണിയിലേക്ക് തീ പടരുന്നത്. അവരറിഞ്ഞില്ല. പടര്‍ന്ന് കയറി ചൂട് തട്ടുമ്പോഴേക്കും തീ വലുതായി. ജോലിക്കാരന്‍ ഫ്രിഡ്ജില്‍ നിന്ന് പാലെടുക്കുകയായിരുന്നു. തീ പടരുന്നത് കണ്ട് അയാള്‍ ഓടി ചെന്നു. അയാള്‍ ഈ പാല്‍ സുകുമാരി ചേച്ചിയുടെ ദേഹത്ത് ഒഴിച്ചു.
അങ്ങനെയാണ് തീ കെടുന്നത്. അപ്പോഴേക്കും വയറിന്റെ ഭാ?ഗത്ത് കൂടുതല്‍ പൊള്ളിയിട്ടുണ്ട്. മകന്‍ ഉടനെ വന്നു. ആശുപത്രിയില്‍ കൊണ്ട് പോയപ്പോള്‍ ഐസിയുവിലേക്ക് മാറ്റി. അവിടെ ആരെയും അകത്ത് കയറാന്‍ അനുവദിച്ചില്ല. അവരുമായി വഴക്കുണ്ടാക്കിയാണ് സീമ ഉള്ളില്‍ കയറിയത്. സീമ കയറിയപ്പോള്‍ സുകുമാരി ചേച്ചി പറഞ്ഞ ആഗ്രഹം ലിസിയെ കാണണമെന്നായിരുന്നു. അങ്ങനെ ലിസി വന്നു.മരണക്കിടക്കയില്‍ പോലും ഒറ്റ ആഗ്രഹമേ സുകുമാരി ചേച്ചി പറഞ്ഞുള്ളൂ, ലിസിയെ അവസാനമായി കാണണം എന്നാണത്.
പ്രസവിച്ചാല്‍ മാത്രമല്ല അമ്മയാകുന്നത്. സ്‌നേഹം കൊണ്ടും ആകാമെന്നും ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി.പെണ്‍മക്കളില്ലായിരുന്ന സുകുമാരി ചേച്ചി ലിസിയെ സ്വന്തം മകളെ പോലെയാണ് മനസില്‍ പ്രതിഷ്ഠിച്ചത്. അതിന്റെ പേരില്‍ സുകുമാരി ചേച്ചി ഒരുപാട് പഴി കേട്ടു. കൂട്ടിക്കൊടുപ്പുകാരി എന്ന് വരെ പലരും ചാനലിലൂടെ വിളിച്ച് പറഞ്ഞു.
പ്രിയദര്‍ശന്റെ നിരവധി സിനിമകളില്‍ സുകുമാരി അഭിനയിച്ചിട്ടുണ്ട്. മനസ് കൊണ്ട് മലയാളികളെ സ്‌നേഹിച്ച സുകുമാരിയോട് മലയാളികള്‍ നന്ദി കേട് കാണിച്ചു. മരിച്ച ശേഷവും പലരും അവരെ അപകീര്‍ത്തിപ്പെടുത്തി. സുകുമാരിയുടെ ആത്മാവിനോട് മാപ്പ് ചോദിക്കുന്നെന്നും ആലപ്പി അഷ്‌റഫ് വ്യക്തമാക്കി.
തമിഴ്‌നാട് സര്‍ക്കാര്‍ സുകുമാരി ചേച്ചിക്ക് ഒരുപാട് ആദരവ് കൊടുത്തിട്ടുണ്ട്. പദ്മശ്രീ ചേച്ചിക്ക് ലഭിച്ചതില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ റെക്കമെന്റേഷനും ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നുണ്ടെന്ന് ആലപ്പി അഷ്‌റഫ് ചൂണ്ടിക്കാട്ടി. കേരളത്തില്‍ സുകുമാരി ചേച്ചിയെ അവഗണിച്ചിരുന്നു. പക്ഷെ സുകുമാരി ചേച്ചിക്ക് തന്റെ നാടിനോടായിരുന്നു സ്‌നേഹം.
കേരളത്തില്‍ തന്നെ അടക്കണമെന്നായിരുന്നു സുകുമാരി ചേച്ചിയുടെ ആഗ്രഹം. എന്നാല്‍ ഒരുപാട് അവ?ഗണനകളും അധിക്ഷേപങ്ങളും കേരളത്തില്‍ നേരിടേണ്ടി വന്നതിനാല്‍ തന്റെ അമ്മയെ കേരളത്തിലേക്ക് അയക്കാന്‍ മകന് മനസ് വന്നില്ല. തമിഴ്‌നാട് സര്‍ക്കാര്‍ എല്ലാ ബഹുമതികളും നല്‍കിയാണ് സുകുമാരിയെ അടക്കം ചെയ്തതെന്നും ആലപ്പി അഷ്‌റഫ് പറഞ്ഞു.
വലിയ ഭക്തയായിരുന്നു സുകുമാരി ചേച്ചി. ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് സുകുമാരി ചേച്ചി എപ്പോഴും എഴുതിക്കൊണ്ടിരിക്കും. ഞാന്‍ ഒരിക്കല്‍ അടുത്ത് ചെന്ന് നോക്കി. ഓം നമശ്ശിവായ എന്നാണ് എഴുതുന്നത്. എനിക്കിത് ഒരു ലക്ഷം എത്തിക്കണം, കുറച്ച് കൂടി എഴുതിയാല്‍ ഒരു ലക്ഷം എത്തുമെന്നാണ് സുകുമാരി ചേച്ചി എന്നോട് പറഞ്ഞത്. അത്ര ഭക്തിയായിരുന്നു അവര്‍ക്കെന്നും സംവിധായകന്‍ ഓര്‍ത്തു.