തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ സി. ജോസഫ് വിജയ്യും ഭാര്യ സംഗീത സ്വര്‍ണലിങ്കവും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലെത്തി. വിജയില്‍ നിന്ന് വിവാഹമോചനം വേണ്ടെന്ന നിലപാട് വ്യക്തമാക്കിയ സംഗീത, ഇതിനായി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. ഇന്ന് വാദം കേള്‍ക്കല്‍ ചെംഗല്‍പേട്ട് കുടുംബ കോടതിയില്‍ നടന്നപ്പോഴാണ് പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായത്.വിജയ്യുടെ അമ്മയുടെ നേതൃത്വത്തില്‍ നടത്തിയ സമവായ ചര്‍ച്ചകളിലൂടെ ഇരുവരും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.
തമിഴ്‌നാട് നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിജയ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നില്ല. ലണ്ടനില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സംഗീത കോടതി നടപടികളില്‍ പങ്കെടുത്തത്. ജൂണില്‍ കേസ് പരിഗണിച്ചപ്പോള്‍ ഇരുവരോടും നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി കര്‍ശനമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സുരക്ഷാകാരണങ്ങള്‍ ചൂണ്ടികാട്ടി വിര്‍ച്വലായി ഹാജരാകാന്‍ അനുവാദം തേടുകയായിരുന്നു താരങ്ങള്‍.
ജൂണില്‍ കേസ് കോടതിയില്‍ എത്തിയപ്പോള്‍ തന്നെ, മുന്‍പ് സ്വീകരിച്ചതില്‍ നിന്നു വ്യത്യസ്തമായി തണുപ്പന്‍ പ്രതികരണമായിരുന്നു സംഗീതയുടെ അഭിഭാഷകരില്‍ നിന്നുണ്ടായത്. സംഗീതയുടെ അഭിഭാഷകന്‍ വക്കാലത്ത് ഫയല്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ജഡ്ജി ചോദിക്കുന്ന സാഹചര്യം പോലുമുണ്ടായി. കേസ് ഒത്തുത്തീര്‍പ്പിലെത്തും എന്നതിന്റെ സൂചനയായി പലരും ഇതിനെ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ വിജയ്യുടെ അമ്മ മുന്‍കൈ എടുത്ത് ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും, ലണ്ടനില്‍ നിന്നും സംഗീത തിരിച്ച് വിജയ്യുടെ മാതാപിതാക്കളുടെ വീട്ടില്‍ തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.
നിലവില്‍ ലണ്ടനില്‍ തുടരുകയാണ് സംഗീത. വൈകാതെ സംഗീത ചെന്നൈയില്‍ എത്തുമെന്നും ഇരുവരും ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലും മറ്റും പരക്കുന്ന പ്രധാന ഊഹാപോഹം.
എന്നാല്‍, സംഗീത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തൃഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സംഗീത വിവാഹമോചന നീക്കത്തില്‍ നിന്ന് പിന്മാറുകയും കുടുംബം ഒന്നാകുകയും ചെയ്തതോടെ തൃഷയുമായുള്ള വിജയ്യുടെ ബന്ധം അവസാനിച്ചുവെന്നാണ് പ്രചാരണം. ഇതോടെ തൃഷ ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്.
'തൃഷ സൈഡ് ആയി', 'കുടുംബം ഒന്നായി... തൃഷ പുറത്തായി', 'ഒരു മാസം മുന്‍പല്ലേ വിജയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവെച്ചത്', 'പാവം തൃഷ ഇനി എന്ത് ചെയ്യും' എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അധിക്ഷേപകരമായ കമന്റുകള്‍. തൃഷയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നിരവധി ആളുകള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.
അതേസമയം, നടിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തൃഷയ്ക്ക് പിന്തുണയുമായും നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. 'ഞാന്‍ തൃഷയ്ക്കൊപ്പം' എന്ന ടാഗുകളോടെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി തൃഷയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു.
കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. അതിനിടെ, അടുത്തിടെ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായ 'ജന നായകന്‍' കാണാന്‍ തൃഷ എത്തിയതും ശ്രദ്ധ നേടിയിരുന്നു. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ സിനിമ കാണാനായി തിയേറ്ററിലെത്തിയത്